Leader Page
ബിജെപി വിഭാവനാ ചെയ്യുന്ന ഹിന്ദു ഐക്യത്തിനു മുന്നോടിയായി കേരളത്തിൽ ഉണ്ടാകുമെന്ന് അടുത്തകാലത്ത് പ്രഖ്യാപിക്കപ്പെട്ട ഈഴവ-നായർ ഐക്യം പൊളിഞ്ഞു. അങ്ങനെ 1950ൽ മന്നത്ത് പത്മനാഭനും ആർ. ശങ്കറുംകൂടി ഉണ്ടാക്കിയ ഹിന്ദു മണ്ഡലത്തിന്റെയും 2012ൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരും ചേർന്നുണ്ടാക്കിയ ഹിന്ദു മഹാസഖ്യത്തിന്റെയും ഗതി പുത്തൻ നീക്കത്തിനും ഉണ്ടായി.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജനുവരി 18ന് മുന്നോട്ടുവച്ച നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യത്തിനുള്ള ആഹ്വാനം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വാഗതം ചെയ്തതോടെ ഒരു പുത്തൻ ചരിത്രം കുറിക്കപ്പെടുന്നു എന്ന് പൊതുവെ ധാരണ ഉണ്ടായതാണ്. എന്നാൽ, ജനുവരി 21ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപി ബോർഡ് യോഗം നിർദേശിച്ച ഐക്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനുവരി 26ന് പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ഐക്യനിർദേശം തള്ളി. അതോടെ ഈഴവ-നായർ ഐക്യനീക്കം വീണ്ടും പെളിഞ്ഞു.
എന്നാൽ, 1950ലും 2012ലും ഉണ്ടായ പരാജയങ്ങളുടെ രൂപമല്ല ഇക്കുറി. ഐക്യനീക്കം പൊളിഞ്ഞെങ്കിലും ഇരുസമുദായത്തിന്റെയും നേതാക്കൾ ഐക്യനീക്കം പൊളിഞ്ഞതിനെക്കുറിച്ച് നടത്തുന്ന പ്രതികരണങ്ങൾ പഴയകാലത്തെപോലെ പരസ്പരം കുറ്റപ്പെടുത്തുന്നതല്ല എന്നത് ഈ പരാജയത്തിലെ വലിയ സവിശേഷതയാണ്. എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സംശയലേശമെന്യേ വ്യക്തമാക്കി.
ഐക്യവുമായി മുന്നോട്ടു പോയാൽ എൻഎസ്എസിന്റെ സമദൂര സിദ്ധാന്തം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈഴവ-നായർ ഐക്യത്തിനു പിന്നിൽ ബിജെപിയാണെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ബോർഡ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചയ്ക്ക് നിയോഗിച്ചതിലൂടെ സംശയം ശക്തമായി. “തുഷാറിനെ ചർച്ചയ്ക്കു വിടരുതായിരുന്നു”- സുകുമാരൻ നായർ പറഞ്ഞു. അതുകൊണ്ട് ചർച്ചയ്ക്കായി വരേണ്ടെന്ന് താൻതന്നെ വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യം ഇന്നല്ലെങ്കിൽ നാളെ
ഈ തിരിച്ചടിക്കു വെള്ളാപ്പള്ളി നൽകുന്ന ഭാഷ്യം വളരെ ഇരുത്തം വന്നതായി. അദ്ദേഹം തെല്ലും തളരുന്നില്ല. നായർ-ഈഴവ ഐക്യമല്ല ഹിന്ദുക്കളുടെ ഐക്യമാണ് ലക്ഷ്യം. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന അഭിപ്രായം സുകുമാരൻ നായർ മാറ്റിയിട്ടില്ല. അതാണ് വെള്ളാപ്പള്ളിയെ സന്തോഷിപ്പിക്കുന്ന ഘടകം. ഈ നീക്കത്തിൽ രാഷ്ട്രീയമില്ലെന്ന് വെള്ളാപ്പള്ളി പറയുന്നു. നിഷ്കളങ്കനായ സുകുമാരൻ നായർ വ്യക്തിപരമായ അഭിപ്രായം ആദ്യം പറഞ്ഞു. എൻഎസ്എസ് ഡയറക്ടർ ബോർഡ് കൂടിയപ്പോൾ അതു തിരുത്തേണ്ടിവന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാം. സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ സുകുമാരൻ നായർക്ക് ആ തീരുമാനം മാലോകരെ അറിയിക്കേണ്ടിവന്നു. അതുകൊണ്ട് നാം നിരാശരല്ല. ഇന്നല്ലെങ്കിൽ നാളെ ഹിന്ദു ഐക്യം ഉണ്ടാവും.
“ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ നായർ സമുദായത്തെയോ തള്ളിപ്പറയരുത്. ഞാൻ ഒരിക്കലും നായർ സഹോദരങ്ങളെ കുറ്റം പറയില്ല. സുകുമാരൻ നായർ നിഷ്കളങ്കനാണ്. ഇന്നല്ലെങ്കിൽ നാളെ നടക്കേണ്ട കാര്യമാണിത്. നായർ സമുദായം നമ്മുടെ സഹോദര സമുദായമാണ്. നമ്മുടേത് ഒരു മതമാണ്. ഒരു വിശ്വാസമാണ്. ഒരേ ആചാരങ്ങളാണ്. നമ്മുടെ അനുഷ്ഠാനങ്ങൾ ഒന്നാണ്. ഈ തീരുമാനത്തിന്റെ പേരിൽ അവരെ തള്ളിപ്പറയരുത്. ചോര കുടിക്കാൻ നടക്കുന്നവരുണ്ട്. അവർക്ക് ഇരയാകരുത്. ചില കുറുക്കന്മാരുണ്ട്. അവരുടെ കെണിയിൽ വീഴരുത്. ഞാൻ ചില സാമൂഹിക സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ, മുഖ്യമന്ത്രിയുടെ കാറിൽ പോയതിന് എല്ലാവരും പരിഹസിച്ചപ്പോൾ സുകുമാരൻ നായർ നമുക്ക് ശക്തമായ പിന്തുണ തന്നു. അത് എനിക്ക് കരുത്തു പകർന്നു. രാഷ്ട്രത്തെ ഹൈജാക്ക് ചെയ്യാൻ നോക്കുന്ന ശക്തികളുണ്ട്.” -വെള്ളാപ്പള്ളി മുന്നറിയിപ്പു നൽകി. പോരാട്ടം അവർക്കെതിരേയാണ്. അതായത് ഈ തിരിച്ചടികൊണ്ട് വെള്ളാപ്പള്ളി മുന്നോട്ടുവച്ച കാൽ പിൻവലിക്കുന്നില്ല. അദ്ദേഹം മുന്നോട്ടുതന്നെയാണ്. അസാധാരണ സ്വരമാണ് വെള്ളാപ്പള്ളിയിൽനിന്നുയർന്നത്.
സൂക്ഷിച്ചാണ് സുകുമാരൻ നായരും സംസാരിച്ചത്. വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചില്ല. വെള്ളാപ്പള്ളിക്കു പെട്ടെന്നു പത്മഭൂഷണ്‍ കിട്ടിയതാണ് ഐക്യനീക്കത്തിന് പിന്നിൽ ബിജെപി കളിക്കുന്നില്ലേ എന്നു ചിന്തിക്കാൻ സുകുമാരൻ നായരെ പ്രേരിപ്പിച്ചതെങ്കിലും വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ കൊടുത്തത് തെറ്റിപ്പോയി എന്നൊന്നും സുകുമാരൻ നായർ പറഞ്ഞില്ല. വെള്ളാപ്പള്ളി പത്മ പുരസ്കാരത്തിന് അർഹനാണെന്നും സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളി മുന്നോട്ടുവച്ച ഹിന്ദു ഐക്യം വേണ്ടതല്ലെന്നും സുകുമാരൻ നായർ പറഞ്ഞില്ല. “ഞാൻ സ്വാഗതം ചെയ്ത നിർദേശമാണത്. എന്നാൽ, പിന്നീട് ഞാൻ തന്നെ വിശകലനം ചെയ്തപ്പോൾ ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു പിന്മാറി. അതിൽ അടിയൊഴുക്കുണ്ടെന്നു തോന്നി. അവർ ബിജെപിയുമായി ചേർന്നു നടത്തുന്ന നീക്കമായി തോന്നി. ചർച്ചയ്ക്കായി വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെ. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടി. പത്മഭൂഷണ്‍. അത്ര ശുദ്ധമല്ല ഇടപെടൽ എന്നും തോന്നി. എൻഎസ്എസിന് സമദൂരമാണ്. അതു തെറ്റിച്ച് ഒരു നീക്കുപോക്കുമില്ല. അതിനാൽ ഞാൻതന്നെ ഈ തിരുമാനം ഡയറക്ടർ ബോർഡ് യോഗത്തെ അറിയിക്കുകയായിരുന്നു.” -സുകുമാരൻ നായർ വിശദീകരിച്ചു. ബോർഡല്ല, താൻ തന്നെയാണ് തീരുമാനം മാറ്റിയത് എന്ന് സമർഥിക്കുകകൂടിയാണ് അദ്ദേഹം ചെയ്തത്.
ഐക്യനീക്കം പരാജയപ്പെട്ടത് പതിവുപോലെ നേതാക്കന്മാരുടെ ഈഗോ കൊണ്ടല്ല എന്നത് ഈ പരാജയത്തിലെ നല്ല വശമാണ്. പിന്നെ എന്തുകൊണ്ട് പരാജയപ്പെട്ടു? ആരാണ് പരാജയപ്പെടുന്നത്? സുകുമാരൻ നായരോ? എൻഎസ്എസ് ഡയറക്ടർ ബോർഡ് ശക്തി തെളിയിച്ചു എന്ന് വ്യാഖ്യാനിക്കുന്നതും ശരിയാവില്ല. സുകുമാരൻ നായർക്ക് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ സ്വാധീനം കുറഞ്ഞതിന്റെ സൂചനയാണ് ഈ തീരുമാനം എന്ന് അധികം പേർ വിശ്വസിക്കില്ല.
ഒരേ മതവിശ്വാസികളാണെങ്കിലും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് മുന്നാക്ക സമുദായവും പിന്നാക്ക സമുദായവുമായുള്ള രണ്ട് സമൂഹങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുക അത്ര എളുപ്പമല്ല എന്ന സാമൂഹിക യാഥാർഥ്യം ഉണ്ടാക്കുന്ന സ്വാഭാവിക ദുരന്തമാണിത്. പിന്നാക്ക സമുദായങ്ങൾക്കു കിട്ടുന്ന ആനുകൂല്യങ്ങൾ മുന്നാക്കക്കാർക്കു പിടിക്കില്ല. മുന്നാക്കക്കാർ നടത്തുന്ന അവകാശ സമരങ്ങൾ പിന്നാക്കക്കാർക്കും പഥ്യമാവില്ല. ഹൈന്ദവരിലും ക്രൈസ്തവരിലും ഭരണഘടനാപരമായ ഈ തിരിവുണ്ട്. മുസ്ലിംകളിൽ ഇല്ല. അതുകൊണ്ട് അവർക്ക് എല്ലാ കാര്യത്തിലും ഒന്നിച്ചു നിൽക്കാനാകുന്നു.
മുസ്ലിം ലീഗ് വിരോധം
നായർ, ഈഴവ ഐക്യനീക്കം പൊളിഞ്ഞെങ്കിലും അതിനു പ്രധാന കാരണമായ മുസ്ലിം ലീഗ് വിരോധം വെള്ളാപ്പള്ളി ഊതിക്കത്തിക്കുന്നുണ്ട്. ലീഗ് രാഷ്ട്രീയശക്തി ഉപയോഗിച്ച് അന്യായമായി പലതും നേടുന്നു എന്ന വാദം അദ്ദേഹം ആവർത്തിച്ച് ഉന്നയിക്കുന്നു. ഈ വികാരം ചില ക്രൈസ്തവരിലും ഉണ്ട്. ന്യൂനപക്ഷാനുകൂല്യങ്ങൾപോലും 80 ശതമാനവും മുസ്ലിം സമുദായത്തിന് ഒറ്റയ്ക്കു കിട്ടാൻ കാരണം ലീഗാണ്.
ന്യൂനപക്ഷ വകുപ്പിലെ മന്ത്രിമാർ എല്ലാക്കാലത്തും മുസ്ലിംകൾ ആയിരുന്നു. രണ്ടാം പിണറായി സർക്കാർ രൂപംകൊള്ളുന്ന കാലത്ത് ഈ വകുപ്പു മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യണം എന്ന് ക്രൈസതവ മെത്രാന്മാർ ആവശ്യപ്പെട്ടതും പിണറായി അംഗീകരിച്ചതുമാണ്. തുടക്കത്തിൽ പിണറായി തന്നെയാണ് ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പിന്നീടത് വി. അബ്ദുറഹിമാന് കൈമാറി. ന്യൂനപക്ഷ വകുപ്പ് അദ്ദേഹത്തിനാണ് എന്നായിരുന്നു വകുപ്പ് വിഭജന സമയത്ത് മുഖ്യമന്ത്രി അറിയിച്ചതെങ്കിലും ഫലത്തിൽ അദ്ദേഹത്തിന് കൊടുത്തില്ല. മുഖ്യമന്ത്രി വകുപ്പ് സൂക്ഷിച്ചു. പിന്നീട് അബ്ദുറഹിമാനുതന്നെ കൊടുക്കുകയും ചെയ്തു.
Kerala
കോട്ടയം: തന്നെ പലരും കൊല്ലാൻ ശ്രമിച്ചെന്നും പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിന് എന്ത് കിട്ടി?. കോട്ടയത്ത് ആകെ ഒരു എംഎൽഎ ഉണ്ട്.
തനിക്കെതിരായ എല്ലാ വിമർശനങ്ങളെയും തള്ളുന്നു. ആവശ്യമില്ലാത്ത വിമർശകരോട് പോടാ പുല്ലേ എന്ന് പറയും, സമുദായ അംഗങ്ങൾ തന്ന കസേരയിൽ വെള്ളം ചേർത്തിട്ടില്ല. എനിക്ക് പാർലമെന്ററി മോഹം ഇല്ല. അങ്ങനെ എനിക്ക് ഒരു മോഹം ഉണ്ടെന്നു നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾ എന്നെ ഊളമ്പാറയിൽ അയക്കണം.
കുറെ യൂട്യൂബുകാർക്ക് പണം കൊടുത്ത് ചിലർ എന്നെ ചീത്ത പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. ഞാൻ ഒറ്റയ്ക്ക് നിന്നാൽ സീറോ, നിങ്ങൾ കൂടെ നിന്നപ്പോൾ ഹീറോ ആണെന്നും വെള്ളാപ്പള്ളി നടശേൻ പറഞ്ഞു.
Kerala
ആലപ്പുഴ: എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൻ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൻ പിൻവലിക്കണമെന്ന് സംരക്ഷണ സമിതിയുടെ ആവശ്യം.
വഞ്ചനാകുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റം ആരോപിക്കപ്പെട്ടവർ അവാർഡിന് പരിഗണിക്കരുതെന്ന് നിബന്ധനയുള്ളതാണ്. ഇക്കാര്യം മുൻനിർത്തി ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് കൊടുക്കും.
തെറ്റായ അവാർഡ് പിൻവലിക്കാൻ റൂൾസ് ഉണ്ട്, ഇതുമായി ബന്ധപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി ലോക്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Kerala
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിൽ മറ്റ് ഇടപെടലുണ്ടെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വെള്ളാപ്പള്ളിയുടെ സമീപനത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഐക്യം ചർച്ച ചെയ്യാൻ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത് ഉചിതമായില്ല. തുഷാറിനു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഐക്യ ചർച്ചയ്ക്കു വരേണ്ടത് തുഷാർ വെള്ളാപ്പള്ളിയല്ല. ഇക്കാര്യം നടേശനോടു തന്നെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനു പത്മപുരസ്കാരം നൽകിയതിൽ ആക്ഷേപമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതുയോഗത്തിലാണ് ഐക്യം വരുന്നതിൽ സുകുമാരൻ നായർക്കല്ല പ്രശ്നം, മറ്റ് ഇടപെടൽ കൊണ്ടാണ് നടക്കാതെ പോയതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്കു തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്കു തണലും കരുത്തുമായി ഉണ്ടാകും.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തുനിന്ന് ഐക്യത്തിനു വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് സുകുമാരൻ നായർ മറ്റ് ഇടപെടൽ ഉണ്ടെന്ന ആരോപണം തള്ളിയത്.
Kerala
ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്ക് തണലും കരുത്തുമായി ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തു നിന്ന് ഐക്യത്തിന് വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
ചങ്ങനാശേരി: എസ്എന്‍ഡിപിയുമായുള്ള ഐക്യം എന്‍എസ്എസ് വേണ്ടെന്നു വച്ചു. തിങ്കളാഴ്ച ചേര്‍ന്ന എന്‍എസ്എസ് ഡയറക് ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം.
പലതവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തില്‍ ഇനിയൊരു ഐക്യശ്രമത്തില്‍ പ്രസക്തിയില്ലെന്നും മറ്റെല്ലാ സമുദായങ്ങളോടുമുള്ള സൗഹാര്‍ദം എസ്എന്‍ഡിപിയുമായും ഉണ്ടായാല്‍ മതിയെന്ന തീരുമാനത്തില്‍ ഡയറക്ടർ ബോര്‍ഡ് യോഗം എത്തുകയായിരുന്നു.
എന്‍എസ്എസിന് അടിസ്ഥാന മൂല്യങ്ങളില്‍നിന്നും വ്യതിചലിക്കാനാവില്ല. അതിനാല്‍ വീണ്ടുമൊരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എന്‍എസ്എസിന് എല്ലാ രാഷ്്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണുള്ളത്.
എസ്എന്‍ഡിപിയുമായി ഐക്യമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എന്‍എസ്എസ് ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്ന് യോജിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നുമാണ് സുകുമാരന്‍നായര്‍ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇങ്ങനെയാരു ഐക്യത്തെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അനുകൂലിച്ചില്ലെന്നാണ് സൂചന.
Kerala
പത്തനംതിട്ട: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. വിഷയത്തിൽ എൻഎസ്എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ ചുരുക്കി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പങ്കുവച്ച് ആശങ്കയും എൻഎസ്എസിന്റെ പിന്മാറ്റത്തിന് കാരണമായെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്. സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണെന്നും സുകുമാരൻ നായർ പറഞ്ഞു. തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലയേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും എൻഎസ്എസ് പിന്മാറിയ നടപടിയിൽ പ്രതികരണത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
"സമുദായങ്ങൾ തമ്മിൽ ഐക്യം ഉണ്ടാകുന്നത് നല്ലതാണ്. അങ്ങനെ വേണ്ടെന്ന് പറയാനുള്ള അധികാരവും അവർക്കുണ്ട്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങൾ അതിൽ ഇടപെടാനില്ല. ഞങ്ങളുടെ കാര്യത്തിൽ അവരും ഇടപെടേണ്ടതില്ല എന്ന് പറയുന്നത് പോലെയാണിത്'-സതീശൻ പറഞ്ഞു.
പത്മഭൂഷൺ പുരസ്കാരം ലഭിച്ച വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കുന്നു. എസ്എൻഡിപിക്ക് ലഭിച്ച അംഗീകാരമാണ് പത്മ പുരസ്കാരമെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. എസ്എൻഡിപിക്ക് അംഗീകാരം ലഭിക്കുമ്പോൾ ആരെങ്കിലും എതിർക്കുമോയെന്നും സതീശൻ ചോദിച്ചു.
Kerala
കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലയേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞു.
'പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസിലാക്കി. അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല'.
'ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം ഞാൻ തന്നെയാണ് അവതരിപ്പിച്ചത്. അച്ഛൻ മകനെ പറഞ്ഞയക്കുക, ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി. വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു'- സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഐക്യ ശ്രമത്തിന് എൻഎസ്എസ് ബോർഡിൽ ഭിന്നത ഉണ്ടായില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ വിഷയത്തിൽ തത്കാലം പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ചാനലിൽ ഇപ്പോൾ കണ്ട വിവരം മാത്രമേ അറിയാവൂ. ചാനലിൽ കണ്ടതുകൊണ്ട് മാത്രം അതിൽ ഒരു മറുപടി പറയുന്നത് ശരിയല്ല. പൂർണരൂപം അറിഞ്ഞതിനു ശേഷം മറുപടി പറയാം. അതിനാൽ ഇതിനെപ്പറ്റി ഒരു ചോദ്യങ്ങളോ മറുപടിയോ പറയുന്നത് അപ്രസക്തമാണ്. ഈ ചർച്ച ഇപ്പോൾ വേണ്ട. കുറച്ചു കഴിയട്ടെയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം, പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
Kerala
കോട്ടയം: കേരളത്തിലെ പ്രബല സമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ പ്രഖ്യാപിച്ച ഐക്യനീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഐക്യനീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വെള്ളാപ്പള്ളി നടേശന് മലപ്പുറം വിഷയത്തില്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോര്‍ഡ് അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകളുള്ളവരുമായി സഹകരിക്കുന്നത് സംഘടനയുടെ അന്തസിന് ചേര്‍ന്നതല്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം അംഗങ്ങളും പങ്കുവെച്ചത്.
സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള യാതൊരു ഐക്യത്തിനും എന്‍എസ്.എസ് തയാറല്ലെന്ന് ജി. സുകുമാരന്‍ നായര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ, ഇരു സംഘടനകളും കൈകോര്‍ക്കുന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. നേരത്തെ സിപി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഈ ഐക്യനീക്കത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പുതിയ നിലപാട് അവര്‍ക്കും തിരിച്ചടിയായി.
Kerala
കോട്ടയം: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സ്വാഗതംചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യം ഉറപ്പാണെന്നും എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംവരാത്ത രീതിയിൽ എൻഎസ്എസും എസ്എൻഡിപിയും യോജിച്ചുപോകും.
അവർ വരട്ടെ, അവർ വരുമ്പോൾ കാര്യങ്ങൾ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചർച്ച കഴിഞ്ഞിട്ട് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും.
ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അത് എൻഎസ്എസിന്റെ ആധികാരികമായ യോഗത്തിൽ അവതരിപ്പിച്ച് അത് അംഗീകരിച്ച് എടുപ്പിക്കുക എന്നത് എന്റെ ഔദ്യോഗിക ചുമതലയാണ്. അത് ചെയ്യും.
സംവരണവിഷയത്തിൽ കുറച്ച് അനൈക്യം ഉണ്ടായി. അതിനുശേഷം രണ്ടുസംഘടനകളും യാതൊരു അഭിപ്രായവ്യത്യാസവുമില്ലാതെ പോവുകയാണ്. ഇപ്പോൾ അത് ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ട് എൻഎസ്എസും എസ്എൻഡിപിയും അത് അംഗീകരിക്കുന്നു.
എൻഎസ്എസും എസ്എൻഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവർ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മൾ അത് സ്വാഗതംചെയ്യുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരും.- സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അതേസമയം, എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകിയെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി. സുകുമാരൻ നായരുടെയും പ്രതികരണം.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്എൻഡിപിയുടെ നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുഷാർ വെള്ളാപ്പള്ളിയാകും എൻഎസ്എസുമായി കൂടിക്കാഴ്ച നടത്തുകയെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
എസ്എൻഡിപി യോഗത്തിന് ഒരു സമുദായത്തോടും വിരോധമില്ല. ലീഗിനെപറ്റിയുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലീം സമുദായത്തോടുള്ള വിദ്വേഷമായി വ്യാഖ്യാനിച്ചു. ഒരിക്കലും മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ ശൈലിയല്ല. ലീഗ് ഭരണത്തിലിരുന്നപ്പോൾ കാട്ടിയ വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടേയുള്ളു.
ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ തന്നെ ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണ്. അതിൽ സുകുമാരൻ നായരോട് ഞങ്ങൾക്ക് നന്ദിയുണ്ട്. ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാറിൽ ഞാൻ കയറി എന്നത് വലിയ തെറ്റായെന്ന് നിങ്ങൾ പറഞ്ഞല്ലോ. അതിൽ ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് ആത്മബലം നൽകിയത് അദ്ദേഹമാണ്.
സാമൂഹ്യനീതിക്കുവേണ്ടിയാണ് ചർച്ച. നായാടി മുതൽ നസ്രാണി വരെയുണ്ടാകും. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കും. അവരെയൊന്നും ഒഴിവാക്കാനാകില്ല. പറ്റിയ തെറ്റുകളെല്ലാം തിരുത്തിക്കൊണ്ടാകും പുതിയ ചർച്ച.
എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ കൊമ്പുകോർക്കുന്ന പ്രശ്നമേ ഇനി ഉണ്ടാകാൻ പോകുന്നില്ല. ചർച്ച എങ്ങനെയാകുമെന്ന് അവിടെ എത്തി ചർച്ച നടത്തിയ ശേഷമേ പറയാൻ കഴിയു എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Kerala
ചേർത്തല: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ എസ്എൻഡിപിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്. ഈഴവരെ മാത്രമല്ല, എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്.
എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്ന സതീശൻ, ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല? അതു സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണെന്നും നടേശൻ പ്രസ്താവനയിൽ ആരോപിച്ചു.
Kerala
ചങ്ങനാശേരി: എൻഎസ്എസ്-എസ്എൻഡിപി ഐക്യം സാധ്യമാക്കാൻ ഇരു സംഘടനകളും തീരുമാനിച്ചാൽ മതിയെന്നും അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും സുകുമാരൻ നായർ. ഇന്നലെ എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ സാമുദായിക ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.
എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ യോജിക്കേണ്ടതാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ചൂണ്ടികാട്ടിയപ്പോൾ നേതൃത്വവുമായി ആലോചിച്ച് സംഘടനയുടെ മൂല്യങ്ങൾക്കു കോട്ടം വരാത്തവിധത്തിൽ ഐക്യമാകാമെന്നാണ് താൻ പറഞ്ഞതെന്നും സുകുമാരൻ നായർ ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങൾ ആദ്യം ബന്ധപ്പെട്ടപ്പോൾ ദീർഘകാലമായി ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന 89 വയസുള്ള വെള്ളപ്പള്ളി നടേശനെ അധിക്ഷേപിച്ചത് ഏതു രാഷ്ട്രീയ നേതാവാണെങ്കിലും അതു ഭൂഷണമല്ലെന്നു താൻ പ്രതികരിച്ചിരുന്നു.
എന്നാൽ, പിന്നീട് എൻഎസ്എസും എസ്എൻഡിപിയും തമ്മിലുള്ള ഐക്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എതിരാണെന്ന രീതിയിൽ മാധ്യമങ്ങളിൽ വ്യാപകപ്രചാരണം ശ്രദ്ധയിൽപ്പെട്ടു. വിഷയം എൻഎസ്എസ് -എസ്എൻഡിപി ഐക്യം എന്നുള്ളതാണ്. ഏതെങ്കിലും വ്യക്തികളെ അതിലേക്കു കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Kerala
കൊച്ചി: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യത്തെ എന്തിന് എതിര്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായങ്ങളും ഒന്നിച്ചുപോകണമെന്നതാണ് തന്റെ അഭിപ്രായം. പ്രതിപക്ഷനേതാവിനെ സമുദായ നേതാക്കൾ എന്തിന് എതിക്കുന്നുവെന്ന് അവരോട് ചോദിക്കണം.
യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ് ഇപ്പോൾ മുന്നിലുള്ളത്. എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. വര്‍ഗീയ ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുകയാണ്.
മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു. അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെയും മന്ത്രി സജി ചെറിയാന്റെയും പ്രസ്താവനകള്‍ പുരോഗമന കേരളത്തിന് ഗുണകരമാണോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുതയുണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാകരുതെന്നുമാണ് കോൺഗ്രസ് നിലപാടെന്ന് സതീശൻ പറഞ്ഞു.
എസ്എൻഡിപി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു വി.ഡി.സതീശൻ. താൻ എൻഎസ്എസിനോ എസ്എൻഡിപിക്കോ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ആരും വർഗീയത പറയരുത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. വർഗീയത പറഞ്ഞതിനെയാണ് എതിർത്തത്. അല്ലാതെ സമുദായ നേതാക്കളെയല്ല എതിർത്തത്. വർഗീയത ആര് പറഞ്ഞാലും എതിർക്കുമെന്നും സതീശൻ പറഞ്ഞു.
ഈ നിലപാടുകൾ മൂലമാണ് തനിക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എല്ലാ കാലത്തും വർഗീയതക്കെതിരാണ് തന്റെ നിലപാടെന്നും വി.ഡി.സതീശൻ അറിയിച്ചു.
വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കേണ്ടി വന്നാലും പിന്നോട്ടില്ല. വർഗീയതയുടെ മുന്നിൽ പിന്തിരിഞ്ഞ് ഓടിയിട്ട് പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു സമുദായ നേതാവിനെയും കാണില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പെരുന്നയിൽ പലതവണ പോയിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണാറുണ്ട്. നേതാക്കളെ കാണുന്നതും വർഗീയതയ്ക്കെതിരെ നിലപാട് എടുക്കുന്നതും തമ്മിൽ ബന്ധമില്ല. സഭയുടെ സിനഡ് യോഗത്തിൽ പോയതിൽ എന്താണ് തെറ്റെന്നും വി.ഡി. സതീശൻ ചോദിച്ചു.
Kerala
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻഎസ്എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കെപിസിസി പ്രസിഡന്റ് നോക്കുകുത്തി ആണോ. എല്ലാത്തിനും സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനെ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ആയിരുന്നു ജി. സുകുമാരൻ നായരും
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യത്തെക്കുറിച്ചും സുകുമാരൻ നായർ പ്രതികരിച്ചു.
നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരിക്കലും മുസ്ലിം വിരോധിയല്ലെന്നും ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ഹിന്ദു വിഭാഗങ്ങൾ ഭിന്നിച്ച് നിൽക്കുന്നത് ഈ കാലഘട്ടത്തിൽ അനുയോജ്യമല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായർ-ഈഴവ ഐക്യം അനിവാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
"താൻ മുസ്ലീം വിരോധിയല്ല. എന്നാൽ ലീഗിന് എതിരാണ്. ലീഗാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് പോലും മുസ്ലീം ലീഗാണ്.'- വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യത്തിനായി പ്രവർത്തിക്കും. ഈ കാലഘട്ടത്തിൽ അത് ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീം സമുദായത്തെ പേടിച്ചാണ് ഈ വിഭാഗങ്ങൾ കഴിയുന്നതെന്നും വെള്ളപ്പള്ളി പറഞ്ഞു.
Kerala
ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ തീരുമാനം. വ്യക്തിപരമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വേണ്ടെന്നാണ് നിർദേശം.
വെള്ളാപ്പള്ളി നടേശൻ സിപിഐക്കെതിരേ നടത്തിയ ചതിയൻചന്തു പരമാർശത്തിന് ഉചിതവും അർഹവുമായ മറുപടി സംസ്ഥാന സെക്രട്ടറി നൽകിയിട്ടുണ്ടെന്നും, വിഷയത്തിൽ പരസ്യ പോരിനു പോകേണ്ട ആവശ്യമില്ലെന്നുമാണ് ജില്ലാ കൗൺസിലിന്റെ തീരുമാനം.
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേഴ്സണൽ സ്റ്റാഫ് വെള്ളാപ്പള്ളിക്കെതിരേ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ജാഗ്രത കുറവുണ്ടായെന്നും ജില്ലാ കൗൺസിലിൽ വിമർശനം ഉയർന്നു.എന്നാൽ ഇയാൾക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽനിന്ന് പണം വാങ്ങിയിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വഴിവിട്ട സഹായം ചെയ്യില്ലെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളിയെ കാണാൻ പോയിരുന്നതായും മൂന്നു ലക്ഷം രൂപ വാങ്ങിയെന്നും അദ്ദേഹം അറിയിച്ചു. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്നു തന്നെ പറയുമെന്നും വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റിയിൽനിന്ന് ഉൾപ്പെടെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുപക്ഷത്തിനു ബാധ്യതയാകുമെന്നും മതന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനെതിരെ സംശയത്തിന് കാരണമാകുമെന്നുമാണ് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം.
Kerala
പാലക്കാട്: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്നാണ് സിപിഐ ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം.
എസ്എൻഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും എന്നാൽ അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴിൽ നടക്കുന്നതെന്നും പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.
വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനെതിരെ സംശയമുയരാൻ കാരണമാകും. വിഷയത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും സിപിഐ മുന്നറിയിപ്പ് നൽകുന്നു.
Kerala
തിരുവനന്തപുരം: എയ്ഡഡ് മേഖലയില്‍ സ്കൂള്‍ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്കൂള്‍ ആര്‍ക്കും അനുവദിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
എന്‍എസ്എസ്ഉം എസ്എന്‍ഡിപിയും പ്രത്യേക അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്കിയാലും പരിശോധിച്ചു മാത്രമേ അനുവദിക്കൂ. തുടങ്ങിയാലും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങണമെന്നാണ് നിലപാട്. സ്കൂള്‍ അനുവദിക്കാത്തതില്‍ മതപരമായ കാരണം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
ചേർത്തല: മുസ്ലിം ലീഗിനെതിരെ കടന്നാക്രമണവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്. മത കലഹമുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവര്‍ത്തിക്കാനാണ് ശ്രമം.
മുസ്ലിം സമുദായത്തെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ നോക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ചേർത്തലയിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ലെന്നും മലപ്പുറത്ത് മുസ്ലിം സമുദായത്തിനു മുട്ടിനുമുട്ടിനു കോളജുണ്ട്.
ഈഴവ സമുദായത്തിനു നല്‍കിയത് ഒരു എയ്ഡഡ് കോളജാണ്. ഭരണത്തിലിരുന്നപ്പോള്‍ ലീഗ് എന്ത് ചെയ്തുവെന്ന് ആത്മപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ സത്യം പറഞ്ഞതിനു തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിലെ തോല്‍വി സിപിഐ പരിശോധിക്കണമെന്ന വിമര്‍ശനം ഉയര്‍ത്തിയ വെള്ളാപ്പള്ളി താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും പറഞ്ഞു.
Kerala
ആലപ്പുഴ: ബിഡിജെഎസ് മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തുവർഷം എൻഡിഎയ്ക്കൊപ്പം നടന്നിട്ട് എന്തുകിട്ടിയെന്ന് ബിഡിജെഎസ് ആലോചിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു. 300ഓളം സീറ്റുകളിൽ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ മാത്രമാണ് ബിഡിജെഎസ് സ്ഥാനാർഥികൾക്ക് വിജയിക്കാനായത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബിഡിജെഎസിൽ സജീവമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വെള്ളാപ്പള്ളിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നത്. ബിജെപിയുടെ നിസഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ
Kerala
തൊടുപുഴ: നവകേരളത്തിന്റെ നവോത്ഥാന നായക കിരീടം വെള്ളാപ്പള്ളി നടേശന് ചാര്‍ത്തിക്കൊടുക്കാന്‍ കണിച്ചുകുളങ്ങരയിലേക്ക് ഘോഷയാത്ര നടത്തിയ മുഖ്യമന്ത്രിയും അതിനു ചുക്കാന്‍ പിടിച്ച മന്ത്രി വാസവനും മറ്റു മന്ത്രിമാരും പ്രബുദ്ധകേരളത്തോട് മൂന്നുവട്ടം മാപ്പ് പറയണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.വിദ്യാസാഗര്‍.
പത്തു വര്‍ഷമായി കുറ്റപത്രം നല്‍കാതെ മരവിപ്പിച്ചു വച്ചിരിക്കുന്ന വെള്ളാപ്പള്ളിക്കെതിരേയുള്ള കേസുകള്‍ പൊടിതട്ടിയെടുത്ത് കോടതികളില്‍ സമര്‍പ്പിക്കണം.
കമ്പനി നിയമലംഘനങ്ങള്‍ മൂലം തടസപ്പെട്ട എസ്എന്‍ഡിപി യോഗത്തിന്റെ ഭരണനിര്‍വഹണത്തിന് ആവശ്യമായ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ഡയറക്ടര്‍മാരെ നിയമിക്കുകയും യോഗത്തിന്റെ വാര്‍ഷിക പൊതുയോഗം വിളിച്ചുചേര്‍ത്ത് എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്കി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താനും തയാറാകണം.
എസ്എന്‍ഡിപിയോട് ചെയ്ത തെറ്റുകള്‍ക്ക് ഇത്രയുമെങ്കിലും പ്രായശ്ചിത്വം ചെയ്യാന്‍ പിണറായിയും കൂട്ടരും കടപ്പെട്ടിരിക്കുന്നുവെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഇടതുപക്ഷത്തോട് എക്കാലത്തും ചേര്‍ന്നുനിന്നിട്ടുള്ള ശ്രീനാരായണ സമൂഹം തെരഞ്ഞെടുപ്പ് തിരിച്ചടിയിലൂടെ സര്‍ക്കാരിനു നല്‍കിയതെന്നും വിദ്യാസാഗര്‍ പറഞ്ഞു.
Kerala
ആലപ്പുഴ: ദിലീപ് നല്ല നടനാണെന്നും അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല. സിനിമ കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിതല പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപരിയാണ്. വ്യക്തിബന്ധങ്ങളുമൊക്കെ ഘടകമാണ്. മൂന്നു മുന്നണികളും വാശിയോടെ പ്രവർത്തിച്ചു. അതാണ് പോളിംഗ് ഉയർന്നത്.
സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ശബരിമലയിൽ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നിട്ടും എൽഡിഎഫ് തൂത്ത് വാരി. സർക്കാർ ഒരുപാട് നൻമകൾ ചെയ്തു. അതുപക്ഷേ വേണ്ട രീതിയിൽ പ്രചരിപ്പിക്കാനായില്ല. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാമുദായിക സംവരണം വേണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മുസ്ലിം ലീഗ് കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കിയെന്നു വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലിം ലീഗും താനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നുവെന്നും ഡല്‍ഹിയില്‍ അടക്കം സമരം നടത്താന്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ട്. അവരുടെ കാര്യം നേടി കഴിഞ്ഞപ്പോള്‍ ഒഴിവാക്കി. ഇതാണോ ഒന്നിച്ച് സമരം ചെയ്യുന്നവര്‍ ചെയ്യേണ്ടത്.
യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ വിദ്യഭ്യാസ സംവരണം നേടിത്തരാം എന്ന് പറഞ്ഞു. പിന്നീട് ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിച്ചില്ല. മലപ്പുറത്ത് ലീഗിന് മാത്രം 17 കോളജ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പേര് തന്നെ മുസ്ലിം ലീഗ് എന്നാണ്. അതിന്റെ അർഥം മുസ്ലിം കൂട്ടായ്മ എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോലും ഇതര മതസ്ഥരില്ല. സമുദായത്തിന്റെ ദുഃഖമാണ് പറയുന്നത്. കരയുന്ന കുഞ്ഞിനെ പാലുള്ളു. കരഞ്ഞതു കൊണ്ട് പ്രാധാന്യം കിട്ടി. നമ്മളെ സഹായിക്കുന്നവരെ നമ്മള് ഇഷ്ടപെടണം.
എല്‍ഡിഎഫ് സർക്കാർ ആയതു കൊണ്ടാണ് സാമൂഹിക പെന്ഷന് വിതരണം ചെയ്തതെന്നും അത് അടിസ്ഥാന വര്‍ഗത്തിനാണ് ലഭിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്വര്‍ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സ്വര്‍ണപ്പാളിയുടെ പേരില്‍ സര്‍ക്കാരിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനങ്ങള്‍ അരി ആഹാരം കഴിച്ച് ജീവിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ട്. നാമനിര്‍ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അരൂരിലെ ഗര്‍ഡര്‍ അപകടത്തില്‍ ശ്രദ്ധക്കുറവുണ്ടായി. ആരുടെയോ പിന്‍ബലം ഉള്ളത് കൊണ്ട് കരാറുകാരന് ധാര്‍ഷ്ഠ്യ സമീപനമാണ്. ടാക്സ് അടച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയെ പരിഹസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിർക്കുന്നത്. മുഖ്യമന്ത്രി വന്ന് സംസാരിച്ചാൽ സിപിഐയുടെ പ്രശ്നമെല്ലാം അവിടെ തീരും. പിണറായിയുടെ അടുത്ത് പത്തി താഴ്ത്തുമെന്നും അല്ലാതെ എവിടെ പോകാനാണെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ ?. നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം.
കേരളത്തിന് അവകാശപ്പെട്ട പണമാണത്. കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണം.
സിപിഎം – ബിജെപി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് പറയേണ്ടത്. ബിനോയ് വിശ്വം പറഞ്ഞതിൽ ഒരു കഥയില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
Leader Page
സർവകലാശാലകൾ രാഷ്ട്രീയപോരാട്ട വേദിയാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നവരോട് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ജെ.ബി. പർദിവാല കൂപ്പുകൈകളോടെ അഭ്യർഥിച്ചു; മാനിഷാദ. കേരളത്തിലെ രണ്ട് സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിനുള്ള സുപ്രീംകോടതിയുടെ സെർച്ച് കമ്മിറ്റി സംബന്ധിച്ച പ്രഖ്യാപനം നടന്ന 11നായിരുന്നു സംഭവം. വിദ്യാർഥികളുടെ വിദ്യാഭ്യാസ സേവനങ്ങൾക്കായി രൂപീകരിച്ച ഉന്നതവിദ്യാപീഠങ്ങളിൽ ഇപ്പോൾ വീഴുന്നത് അവരുടെ ചോരയോ? സുപ്രീംകോടതിയുടെ ഇടപെടൽകൊണ്ട് കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വിസി ഉണ്ടായേക്കാമെങ്കിലും മറ്റു സർവകലാശാലകളിൽ ഇല്ല.
കേരളത്തിലെ സർവകലാശാലകളുടെ സർവകലാശാലയായ കേരള സർവകലാശാലതന്നെ എടുക്കുക. അവിടെ താത്കാലിക വൈസ് ചാൻസലറുടെ ഭരണം തുടങ്ങിയിട്ടു വർഷങ്ങളായി. ഇടതുപക്ഷക്കാരനായ രജിസ്ട്രാറെ, വൈസ് ചാൻസലർ സസ്പൻഡ് ചെയ്തതിനെത്തുടർന്നു നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിൽ വിദ്യാർഥികൾ വല്ലാതെ വലയുകയാണ്. ഡിഗ്രിക്കും പിജിക്കും ഉള്ള തുല്യതാ സർട്ടിഫിക്കറ്റ്, കോളജ് മാറ്റം, അന്തർ സർവകലാശാലാ മാറ്റം തുടങ്ങിയ ഫയലുകൾ വിസി ഒപ്പിടേണ്ടതുണ്ട്; നടക്കുന്നില്ല. സർവകലാശാലയുടെ സീൽ പഴയ രജിസ്ട്രാറുടെ പക്കലാണ്. നിയുക്ത രജിസ്ട്രാർ ഡോ. മിനി കാപ്പൻ ഒപ്പിട്ടാലും സീലില്ല. പഠനം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്ത വിദ്യാർഥികൾ നൂറുകണക്കിനാണ്. ദിവസവും 40 മുതൽ 60 വരെ സർട്ടിഫിക്കറ്റുകൾ പരീക്ഷാ വിഭാഗത്തിൽനിന്നു വിസിക്ക് അയയ്ക്കും. ചില ദിവസങ്ങളിലാണ് താത്കാലിക വിസി വരുന്നത്. ഒരു ദിവസം രണ്ടായിരത്തിലേറെ സർട്ടിഫിക്കറ്റുകൾ വിസി ഒപ്പിട്ടു. ഇനിയും കുമിഞ്ഞുകൂടിക്കിടക്കുന്നു. നാലുവർഷ ബിരുദത്തിൽ നടപ്പാക്കേണ്ട പലതും നടന്നില്ല.
ഗവേഷണം പൂർത്തിയാക്കി പിഎച്ച്ഡിക്ക് അർഹരായ 150 പേരുണ്ട്. നാലും അഞ്ചും വർഷം ചെലവാക്കിയവരാണ്. സിൻഡിക്കറ്റ് അംഗീകരിക്കാതെ പിഎച്ച്ഡി കിട്ടില്ല. മേയ് 27നു ശേഷം സിൻഡിക്കറ്റ് യോഗം നടന്നിട്ടില്ല. സ്ഥിരം വൈസ് ചാൻസലർ ഇല്ലാത്ത 12 സർവകലാശാലകൾ വേറെയുമുണ്ട്. 2024 ഡിസംബറിൽ കേരള സർവകലാശാലയ്ക്ക് കേന്ദ്രത്തിന്റെ പിഎം ഉഷ പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസമികവ് കൈവരിക്കുന്നതിനു 100 കോടി രൂപ കിട്ടി. ഇതിൽ 75 കോടിയും അടിസ്ഥാനസൗകര്യ വികസനത്തിനാണ്. ചില്ലിക്കാശ് ചെലവാക്കിയില്ല. നാനൂറോളം കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റം നടന്നില്ല; ഇങ്ങനെ പലതുണ്ടു നടക്കാൻ.
ഇതിനിടെ, കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലറായി നിയമിക്കുന്നതിന് അർഹതയുള്ളവരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ സുപ്രീംകോടതി മുൻ സുപ്രീംകോടതി ജഡ്ജി സുധാംശു ധൂലിയയെ അധ്യക്ഷനാക്കി സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ സമിതി കൊടുക്കുന്ന ശിപാർശകൾ വിവാദമാകില്ലെന്ന് ആരു കണ്ടു. ഇപ്പോഴത്തെ വിധിയനുസരിച്ച് മുഖ്യമന്ത്രി ജയിച്ച മട്ടുണ്ട്. കാര്യങ്ങൾ നടന്നുകഴിയുന്പോൾ അറിയാം, ആരാണ് ജയിക്കുക എന്ന്. യുജിസി പ്രതിനിധി ഇല്ലാത്ത സെർച്ച് കമ്മിറ്റിയെ അവർ അംഗികരിക്കുമോ?
മനഃസാക്ഷി ഇല്ലാത്തവർ
സർവകലാശാലകൾകൊണ്ടു ജീവിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലടിച്ച് സർവകലാശാലയുടെ പ്രവർത്തനം താറുമാറാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നതിൽ ഒരു കുറ്റബോധവും ഇല്ലാത്ത ഇടമായി മാറിയിരിക്കുകയാണ് കേരളം. 1986ലെ പ്രീഡിഗ്രി ബോർഡ് സമരകാലത്ത് വിദ്യാർഥികളുടെ ഉത്തരക്കടലാസ് നശിപ്പിച്ച് സമരം ജയിച്ച ഇടതു സംഘടനകൾ എത്ര വിദ്യാർഥികളുടെ ഭാവിയാണു തുലച്ചത്! എത്ര വിദ്യാർഥികളുടെ മനസിന്റെ സമനില തെറ്റിച്ചു! 1986ലെ സമരത്തിന്റെ ഭാഗമായി ഉത്തരക്കടലാസ് നഷ്ടപ്പെട്ടതുകൊണ്ട് പരീക്ഷാഫലത്തിൽ ഉണ്ടായ ക്രമക്കേടുമൂലം മനസിന്റെ സമനില തെറ്റിയ ഒരു മിടുക്കികുട്ടിയെയും മാതാപിതാക്കളെയും പിന്നീട് കണ്ടു. മാനസികരോഗ വിദഗ്ധന്റെയടുത്തും ധ്യാനകേന്ദ്രങ്ങളിലും കണ്ണീരോടെ അഭയം തേടുകയാണവർ.
വെള്ളാപ്പള്ളിയുടെ കോട്ടയം സങ്കടങ്ങൾ
വെള്ളാപ്പള്ളി നടേശന്റെ വർഗീയ വിഷംചീറ്റൽ വീണ്ടും വിഷയമായി. ക്രൈസ്തവസമൂഹത്തിന് കേരളത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമാണ് വെള്ളാപ്പള്ളിയെ അസ്വസ്ഥനാക്കുന്നത്. കേരളത്തിൽ 5,510 സർക്കാർ സ്കൂളുകളും 8,062 എയ്ഡഡ് സ്കൂളുകളും 1,454 അംഗീകൃത സ്കൂളുകളുമുണ്ട്. അവയിൽ വലിയ സംഖ്യ ക്രൈസ്തവ വിദ്യാലയങ്ങളാണ്. അത് ഒരു സർക്കാരിന്റെയും ഒത്താശകൊണ്ട് ഉണ്ടായതല്ല. ഇന്ന് വിദ്യാലയങ്ങളുടെ കണക്കു പറയുന്നവർക്ക് അക്ഷരം അറിയാതിരുന്ന കാലത്ത് ക്രൈസ്തവർ ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ടുണ്ടായതാണത്. 1977ൽ കേരളത്തിലെ 99.7 ശതമാനം ഗ്രാമങ്ങളിലും രണ്ടു കിലോമീറ്ററിനുള്ളിൽ പ്രൈമറി സ്കൂളായി. 98.6 ശതമാനം ഗ്രമങ്ങളിലും മിഡിൽ സ്കൂളായി. അഞ്ചു കിലോമീറ്ററിനുള്ളിൽ ഹൈസ്കൂളായി. 1991ൽ സന്പുർണ സാക്ഷരതയുണ്ടായതും ക്രൈസ്തവ വിദ്യാലയങ്ങൾ ഉണ്ടായതുകൊണ്ടാണ്.
വെള്ളാപ്പള്ളിയുടെ സമൂഹത്തിൽപ്പെട്ടവർക്ക് സ്കൂൾ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് അവരടക്കമുള്ളവർക്കു പഠിക്കാൻ സ്ഥാപനങ്ങൾ ആരംഭിച്ചവരാണ് ക്രൈസ്തവർ. ഭാരതത്തിന്റെ രാഷ്ട്രപതിയായി ഉയർന്ന കെ.ആർ. നാരായണനെപ്പോലുള്ളവർ പഠിച്ചത് ഇത്തരം സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ്. അതു സർക്കാർ ചെലവിലായിരുന്നില്ല. ബാസൽ മിഷൻ 1800ൽ മലബാറിൽ വിദ്യാലയങ്ങൾ തുടങ്ങി. അതുകൊണ്ട് എല്ലാ സമുദായങ്ങളിലും പെട്ടവർ സാക്ഷരരായി. 1900 ആയപ്പോഴേക്കും ബാസൽ മിഷൻ നടത്തുന്ന വിദ്യാലയങ്ങളുടെ എണ്ണം 257 ആയി.
സിഎംഎസ് സഭയ്ക്ക് 351 സ്ഥാപനങ്ങളായി. ചർച്ച് മിഷനറി സൊസൈറ്റിയും ലണ്ടൻ മിഷനറി സൊസൈറ്റിയും 19-ാംനൂറ്റാണ്ടിൽ തെക്കൻ കേരളത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. കോട്ടയത്തും മാവേലിക്കരയിലും തിരുവല്ലയിലും വിദ്യാലയങ്ങൾ സ്ഥാപിച്ചു.
1819ൽ പെണ്‍കുട്ടികൾക്കായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ ആരംഭിച്ചു. 1840കളിൽ മാർത്തോമ്മാ സഭയും ഈ രംഗത്തു വന്നു. കത്തോലിക്കാ സഭ പള്ളിയോടൊപ്പം പള്ളിക്കൂടം ഉണ്ടാകണമെന്ന് ശഠിച്ചത് ക്രൈസ്തവരെ മാത്രം പഠിപ്പിക്കാനായിരുന്നില്ല.
ഇക്കാലത്തൊന്നും എസ്എൻഡിപിയോ എൻഎസ്എസോ എംഇഎസോ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് എന്നല്ല, കേരളത്തിൽതന്നെ ഉണ്ടായിരുന്നില്ല.1903ലാണ് ഡോ. പൽപ്പു എസ്എൻഡിപി സ്ഥാപിച്ചത് 1914ലാണ് എൻഎസ്എസ് ഉണ്ടാകുന്നത്. 1964ലാണ് എംഇഎസ് ഉണ്ടാകുന്നത്. ക്രൈസ്തവ വിദ്യാലയങ്ങൾ ഏറ്റെടുക്കാൻ പല സർക്കാരുകളും പരിശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരും 1957ലെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയും ഈ ദിശയിൽ ഏറെ പരിശ്രമിച്ചവരാണ്. 1958ലെ വിദ്യാഭ്യാസനിയമം അങ്ങനെ ഉണ്ടായതാണ്. ആ നിയമം, സ്കൂൾ വിദ്യാഭ്യാസത്തിന് കൃത്യമായ ഘടനയുണ്ടാക്കി. എയ്ഡഡ് സ്കൂൾ അധ്യാപകർക്കു സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. 1972 മുതൽ കോളജ് അധ്യാപകർക്കും സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. അതോടെ നിയമന കച്ചവടവും കണക്കുകളും ഉണ്ടായി.
സ്ഥാപനങ്ങൾ കുറഞ്ഞതിൽ വെള്ളാപ്പള്ളിയുടെ സങ്കടത്തിനു കാരണം അതാണെന്നതല്ലേ സത്യം. സിപിയോട് അടക്കമുള്ള അധികാരീ വൃന്ദത്തോടു ചേർന്നുനിന്ന് കാര്യങ്ങൾ സാധിച്ച ചരിത്രമുള്ള സംഘടനയാണ് എസ്എൻഡിപി.
ജാതിക്കണക്കുകൾ
2011ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനങ്ങളിൽ 56.7 ശതമാനം ഹിന്ദുക്കളുണ്ട്. 23 ശതമാനമണ് ഈഴവർ. മുസ്ലിംകൾ 26 ശതമാനം. ക്രൈസ്തവർ 18.4 ശതമാനം. 23 ശതമാനമുള്ള ഈഴവ സമൂഹത്തിൽ പെട്ടതാണ് മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരും. 26 ശതമാനമുള്ള മുസ്ലിം സമൂഹത്തിൽ നിന്നുള്ളത് രണ്ടു മന്ത്രിമാർ. ക്രൈസ്തവർ മൂന്ന്. ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ മുസ്ലിം മന്ത്രിമാരുടെ എണ്ണം ആറെങ്കെിലും ആകും. ഈഴവ സമൂഹത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം കുറയും. കാരണം, കോണ്‍ഗ്രസ് എംഎൽഎമാരിൽ ഈഴവർ കുറവായിരിക്കും. ഇതെല്ലാം സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനമാണ്.
Editorial
സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാൻ വെള്ളാപ്പള്ളിക്ക് അവകാശമുണ്ട്. പക്ഷേ, അത് നിരന്തരം മറ്റു സമുദായങ്ങളെ അവഹേളിക്കുന്നവിധമാകുന്പോൾ അവരും പ്രതികരിക്കാൻ നിർബന്ധിതരാകും.
സമുദായങ്ങളെ തമ്മിലടിപ്പിക്കണമെന്ന ദുഷ്ടലാക്കൊന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുണ്ടാകില്ല. എങ്കിലും, താൻ തലപ്പത്തുള്ള ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു പറയുന്പോഴൊക്കെ, അതിനു കാരണം മുസ്ലിംകളും ക്രൈസ്തവരുമാണെന്ന ധ്വനിയുണ്ടാക്കും.
കാരണം, ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു മാത്രം പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നേതൃസ്ഥാനത്തുള്ള താനും ഏറ്റെടുക്കേണ്ടിവരുമെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടാകും.
കാരണമെന്തായാലും, ഇതര മതസ്ഥർ രാജ്യത്തിന്റെ സ്വത്തും അവകാശങ്ങളും അനർഹമായി തട്ടിയെടുക്കുന്നുവെന്ന മട്ടിലുള്ള ആരോപണം ഇത്ര ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പറയുന്നതു ശരിയല്ല. ഇത് സ്വാർഥതാത്പര്യങ്ങൾക്കല്ലാതെ സമുദായത്തിനു ഗുണകരമാകുമോയെന്നു ചിന്തിക്കണം. ഇത്തരം വാക്കുകൾ സമൂഹത്തിൽ വെറുപ്പിന്റെ വിത്തിടുന്നുണ്ടെന്നു തിരിച്ചറിയുകയും വേണം.
ബിജെപിയുടെയും സിപിഎമ്മിന്റെയും തോളിൽ ഒരുപോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായതിന്റെ 30-ാം വാർഷികത്തിൽ കൊച്ചി യൂണിയൻ നൽകിയ സ്വീകരണത്തിലും ആലുവ യൂണിയനിലെ നേതൃസംഗമത്തിലും അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധിക്കുക:
“ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ്. പിണറായി വിജയനുശേഷം 100 വർഷത്തേക്കെങ്കിലും ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ല. ഈഴവനെ വളർത്തിയ ചരിത്രം ഒരു രാഷ്ട്രീയ പാർട്ടിക്കുമില്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യം മുഖ്യമന്ത്രിസ്ഥാനമാണ്. എൻഎസ്എസിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്; പല കരയോഗങ്ങളും പിരിച്ചുവിട്ടിട്ടുമുണ്ട്.
പക്ഷേ, സുകുമാരൻ നായർക്കെതിരേ അഭിപ്രായമുള്ളവർ അത് അടുക്കളയിലേ പറയൂ. മുന്നണികൾ മാറിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കും. രാജ്യത്തിന്റെ സന്പത്താണ് അവർ പങ്കിട്ടെടുക്കുന്നത്. സ്വന്തം സമുദായത്തിനു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു.”
വെള്ളാപ്പള്ളി നടേശൻ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റായതുകൊണ്ടല്ല, പലതും പരിഹരിക്കാൻ വർഗീയതയുടെ കുറുക്കുവഴി തേടുന്നതുകൊണ്ടാണ് കേരളം അതിനെ എതിർക്കുന്നത്.
ഇപ്പോഴത്തെ മന്ത്രിസഭയിലുൾപ്പെടെ ഈഴവ സമുദായത്തിനു കേരളത്തിൽ മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങൾ ഇന്നോളം എത്ര ലഭിച്ചെന്ന കണക്കൊന്നും അറിയാതെയല്ല വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. ഈഴവനെ വളർത്തിയ ചരിത്രം ഒരു പാർട്ടിക്കുമില്ലെന്നു പറയുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കുകയാണ് എന്ന കണക്ക് അദ്ദേഹം വിശദീകരിക്കട്ടെ.
രാജ്യത്തിന്റെ സന്പത്ത് ആരാണ് പങ്കിട്ടെടുത്തിട്ടുള്ളത്? വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ രംഗങ്ങളിൽ മികച്ച സ്ഥാപനങ്ങൾ കത്തോലിക്കാ സഭയുടേതാണ്. ഏതെങ്കിലുമൊന്ന്, വെള്ളാപ്പള്ളി ആരോപിച്ചതുപോലെ രാജ്യത്തിന്റെ സന്പത്ത് പങ്കിട്ടെടുത്തതാണെങ്കിൽ പരിഹരിക്കാൻ ഈ രാജ്യത്ത് ഭരണഘടനയും നിയമവാഴ്ചയുമുണ്ട്.
ഇച്ഛാശക്തിയും കഠിനാധ്വാനവുംകൊണ്ട് അവ കെട്ടിപ്പടുക്കുകയും വിജയകരമായി നടത്തുകയും ചെയ്യുന്നവരെ കവർച്ചക്കാരാക്കി ചിത്രീകരിക്കരുത്. അബ്കാരി വ്യവസായത്തിലും നിർമാണക്കരാർ സംരംഭത്തിലുമൊക്കെ വിജയക്കൊടി പാറിച്ച വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കോളജുകളെയും ആതുരാലയങ്ങളെയുമൊക്കെ കൂടുതൽ മികച്ച നിലവാരത്തിലാക്കാൻ ശ്രദ്ധിക്കുകയാണു വേണ്ടത്.
എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ബിഡിജെഎസ് (ഭാരത ധർമ ജന സേന) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലാണ്; വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറാണ് പാർട്ടി അധ്യക്ഷൻ.
എങ്കിലും വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിനൊപ്പമാണ്. ബിഡിജെസ് ബിജെപിക്കൊപ്പം ചേർന്നതോടെ, വെള്ളാപ്പള്ളി ഒന്നാം പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ സിപിഎം നിലപാട് കടുപ്പിച്ചെങ്കിലും വെള്ളാപ്പള്ളി ഇടതുപക്ഷത്തെത്തിയപ്പോൾ അന്വേഷണം മന്ദഗതിയിലായെന്ന് ആരോപണമുണ്ട്.
പിന്നാക്കക്ഷേമ കോർപറേഷനിൽനിന്നു നിസാര പലിശയ്ക്കെടുത്ത വായ്പ, ഇപ്പോൾ ആർക്കുവേണ്ടി വിലപിക്കുന്നോ ആ സ്വസമുദായാംഗങ്ങൾക്ക് ഉയർന്ന പലിശനിരക്കിൽ നൽകി കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ് എന്നതു മറക്കരുത്. സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും വെള്ളാപ്പള്ളിക്കുണ്ട്. അതേ ഉത്തരവാദിത്വവും അവകാശങ്ങളും മറ്റു സമുദായങ്ങൾക്കുമുണ്ട്.
അർഹമായതു ചോദിച്ചുവാങ്ങാനുള്ള വെള്ളാപ്പള്ളിയുടെ നിശ്ചയദാർഢ്യം സമുദായത്തിനു ഗുണകരമായിട്ടുണ്ടെന്നതുപോലെ ചില പരാമർശങ്ങൾ ഇതര മതസ്ഥരെ വേദനിപ്പിക്കുന്നുമുണ്ട്. 2019ൽ പുരോഗമന-മതേതര മൂല്യങ്ങൾ വളർത്തുന്നതിന് ഇടതുസർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണസമിതിയുടെ അധ്യക്ഷസ്ഥാനത്തിരിക്കുന്പോൾ അദ്ദേഹത്തിൽനിന്നു സമൂഹം കൂടുതൽ പക്വത പ്രതീക്ഷിക്കും.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലമായതിനാൽ സിപിഎം പലതും കണ്ടില്ലെന്നു നടിക്കും. കച്ചവട-രാഷ്ട്രീയ താത്പര്യങ്ങളുടെ കൊടുക്കൽ-വാങ്ങലുകളാവാം അത്. പക്ഷേ, വർഗീയ ധ്രുവീകരണത്തിന് മുന്‍പെന്നത്തേക്കാളും ഗതിവേഗം ലഭ്യമായ കാലത്ത് ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുന്പോൾ കാര്യമറിയാത്തവർക്കു തെറ്റിദ്ധാരണയുണ്ടാകാനും വർഗീയവാദികൾക്ക് ആവേശമുണർത്താനും കാരണമാകും. ജാതി-മത ദ്വേഷമില്ലാത്ത എസ്എൻഡിപി എന്ന മഹാപ്രസ്ഥാനത്തിന്റെ നേതാവിൽനിന്ന് അതല്ലല്ലോ ലോകം പ്രതീക്ഷിക്കുന്നത്.