Kerala
ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഞ്ജു സാംസണിന്റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നും തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് വേഗത്തിലാക്കാനൊരുങ്ങി കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിംഗ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും.
എ.കെ. ആന്റണി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമായി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇന്നലെ പ്രതിപക്ഷ നേതാവിനെ മിസ്ത്രിയെ കണ്ടിരുന്നില്ല.
വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം അടക്കം സമിതി തീരുമാനിക്കും. രണ്ടു ദിവസം കേരളത്തിൽ തങ്ങുന്ന സമിതി അംഗങ്ങൾ വീണ്ടും കേരളത്തിൽ എത്തും. രണ്ടു ഘട്ടമായി സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് ശ്രമം.
സ്ഥാനാർഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മൂന്ന് ടേം നയം നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്നും സ്ഥാനാർഥി നിർണായത്തിൽ വിജയ സാധ്യത മാത്രം ആകണം മാനദണ്ഡമെന്നും ഫിറോസ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കുന്പോൾ വിജയമാകണം മുഖ്യമെന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണു അമിത് ഷാ നേതാക്കൾക്കു നിർദേശം നൽകിയത്. കേരളത്തിൽ മാറ്റം സംഭവിച്ചേ മതിയാകൂവെന്നു പറഞ്ഞ ഷാ ഇപ്പോൾ അതിനുള്ള അവസരമാണെന്നും പാർട്ടി നേതൃത്വം കഠിനപ്രതയ്നം ചെയ്താൽ അസാധ്യമല്ലെന്നും കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു.
കേരളത്തിൽ നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാൻ പോകരുത്. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി എങ്ങനെയാണോ സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നു കണ്ടുപഠിക്കണം. ഇവിടെയും ആ രീതി തുടർന്നാൽ 2030ൽ ബിജെപിക്ക് അധികാരത്തിൽ വരാമെന്നും നേതാക്കളോടു അമിത് ഷാ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിയണമെന്ന നിർദേശവും അമിത് ഷാ കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. പാർലമെന്ററി രംഗവും സംഘടനാ പ്രവർത്തനവും രണ്ടായി കാണണം. സംസ്ഥാന സെക്രട്ടറിമാർ ജനപ്രതിനിധികളായിട്ടുണ്ടെങ്കിൽ അവർ പാർട്ടി നേതൃസ്ഥാനം ഒഴിയണം.
ചെറുപ്പക്കാരെ ഈ സ്ഥാനങ്ങളിലേക്കു കൊണ്ടുവരണമെന്നും അമിത് ഷാ നിർദേശം നൽകി. സ്ഥാനാർഥികളെ സംബന്ധിച്ചു ഷാ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചതായാണു വിവരം.
കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നീ പ്രധാന നേതാക്കൾ മത്സരിക്കും.
സ്ഥാനാർഥികളെ നേരത്തേ തന്നെ തീരുമാനിച്ചു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ തുടങ്ങണമെന്നാണു ബിജെപി ദേശീയ നേതൃത്വം കേരള ഘടകത്തിനു നൽകിയ നിർദേശം. ഇക്കാര്യവും കോർ കമ്മിറ്റിയിൽ അമിത് ഷാ സൂചിപ്പിച്ചു.
ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി അമിത് ഷാ വീണ്ടും തിരുവനന്തപുരത്തെത്തും. ഇതിനിടെ തിരുവനന്തപുരം കോർപറേഷനുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം തന്നെ തിരുവനന്തപുരത്ത് എത്താൻ സാധ്യതയുണ്ട്. അങ്ങനെവന്നാൽ മോദിയും ഷായും ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും.
ബിഡിജെഎസിനോടു കൂടുതൽ ശക്തമാകാൻ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി നിരന്തരം ബന്ധപ്പെടണമെന്നും സമുദായത്തിന്റെ കൂടി ശക്തി മുന്നണിക്കായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായാണു വിവരം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പുറത്തുവന്ന വാർത്തകളിൽ പ്രതികരിച്ച് മുതിർന്ന ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കെ. സുരേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
തൃശൂർ, പാലക്കാട്, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ സജീവമായ സാഹചര്യത്തിലാണ് കെ. സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പുറത്തുവന്ന അഭ്യൂഹങ്ങൾ സുരേന്ദ്രൻ തള്ളിയിട്ടുണ്ട്.
ഒരു മണ്ഡലത്തിലും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ ബിജെപി അധ്യക്ഷൻ അറിയിച്ചു. ഒരുപാട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും കപ്പിനും ചുണ്ടിനുമിടയിൽ തോറ്റിട്ടുണ്ടെന്നും പറയുന്ന പോസ്റ്റിൽ മത്സരിച്ചതെല്ലാം പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിലാണെന്നും കെ. സുരേന്ദ്രൻ കുറിച്ചു.
ദയവായി തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും.
Kerala
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു വീണ്ടും ജനവിധി തേടാൻ എം. മുകേഷ് എംഎൽഎക്കു താത്പര്യമില്ല. സിനിമയിൽ സജീവമാകാനാണ് ഇഷ്ടമെന്ന് അദ്ദേഹം ദീപിക ഒാൺലൈനിനോടു പറഞ്ഞു. സിനിമയിൽനിന്നുള്ള അവസരം കുറയുന്നതും തെരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽപോലും മത്സരിച്ചതു പാർട്ടിയുടെ താൽപര്യം കൊണ്ടുമാത്രമാണെന്നു അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാർട്ടി ആവശ്യപ്പെട്ടാലും മത്സരിക്കാനുള്ള സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇക്കുറി പാർട്ടിനിലപാടും മുകേഷിന് അനുകൂലമാകാൻ സാധ്യതയില്ല. മുകേഷ് മത്സരരംഗത്തേക്കു വന്നില്ലെങ്കിൽ സിപിഎം ആക്ടിംഗ് സെക്രട്ടറി ജയമോഹൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം തുടങ്ങിയവരുടെ പേരുകൾ സജീവമാണ്.
സിപിഎം അനുഭാവിയായിരുന്ന എം. മുകേഷിനെ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പി.കെ. ഗുരുദാസനു പകരം കൊല്ലം മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 2016ലെ ഇടതുതരംഗത്തിൽ കൊല്ലത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ സൂരജ് രവിയെ പരാജയപ്പെടുത്തി ആദ്യമായി സിപിഎം ടിക്കറ്റിൽ നിയമസഭാംഗമായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും സിറ്റിംഗ് സീറ്റീൽനിന്നു മത്സരിച്ച മുകേഷ് കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തി രണ്ടാം തവണയും നിയമസഭയിലെത്തി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽനിന്നു സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ ആർഎസ്പി നേതാവും സിറ്റിംഗ് എംപിയുമായ എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെ മകനായ മുകേഷ് കൊല്ലം ജില്ലയിലെ പട്ടത്താനം സ്വദേശിയാണ്. 1982ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു സജീവമായി. 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ മലയാള സിനിമയിലെ ശ്രദ്ധേയ താരമാക്കിയത്.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലം മാണി സി. കാപ്പനും ജോസ് കെ. മാണിയും ഷോണ്‍ ജോര്‍ജും തമ്മിലുള്ള പോരാട്ടത്തിനു വേദിയായേക്കും. സിറ്റിംഗ് എംഎല്‍എ മാണി സി. കാപ്പന് താന്‍ വീണ്ടും മത്സരിക്കുമെന്നും പ്രചാരണം തുടങ്ങിയെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യുഡിഎഫിലേക്ക് ആരു വന്നാലും കുഴപ്പമില്ലെന്നും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും കാപ്പന് പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്ന് പാലാ മുനിസിപ്പാലിറ്റിയിലടക്കം ഭരണം യുഡിഎഫിനു ലഭിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങളിലും മാണി സി. കാപ്പന് സജീവമായിരുന്നു.
കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണിയും പാലായില്‍ മത്സരിക്കുമെന്നുള്ള സൂചന നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ് എം 13 സീറ്റില്‍ മത്സരിക്കുമെന്നും സീറ്റു വച്ചുമാറ്റവും മറ്റും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ജോസ് കെ.മാണിയുടെ സൂചന.
മത്സരിക്കുമെന്നുള്ള സൂചനയില്‍ പാലായില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ ജോസ് കെ.മാണി മണ്ഡലത്തില്‍ സജീവമാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പള്ളികളില്‍ നടന്ന തിരുനാളിലും ളാലത്തുത്സവത്തിലും മറ്റും സജീവമായിരുന്നു ജോസ് കെ. മാണി. കൂടാതെ പാലായിലെ കേരള കോണ്‍ഗ്രസ് എം, സിപിഎം, സിപിഐ നേതൃത്വവുമായും ജോസ് കെ.മാണി ആശയവിനിമയം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാലായില്‍ ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ജോസ് കെ. മാണിയുടെ വീട്ടിലെത്തുകയും ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പാലായില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സൗഹൃദ സന്ദര്‍ശനത്തില്‍ മുഖ്യമായും ചര്‍ച്ച.
കഴിഞ്ഞ തവണ പാലായില്‍ പരാജയപ്പെട്ടതിനാല്‍ ഇത്തവണ കടുത്തുരുത്തിയിലേക്ക് ജോസ് കെ മാണി മാറുമെന്ന് വലിയ രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പാലായില്‍ തന്നെ മത്സരിക്കാനുള്ള തീരുമാനത്തില്‍ ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസും എത്തിയതായാണ് സൂചന.
ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും പാലായില്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ ഏറ്റവും അടുത്ത അനുയായിയുമായ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന ഷോണിനു ബിജെപി നേതൃത്വം നല്കി.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളില്‍ ഒരിടത്തു മത്സരിക്കാനാണ് ഷോണിനോട് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഷോണ്‍ ജില്ലാ പഞ്ചായത്തംഗമായിരുന്നപ്പോള്‍ ഡിവിഷന് ഉള്‍പ്പെട്ടിരുന്ന മേലുകാവ്, തലനാട്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളും മുമ്പ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലുണ്ടായിരുന്ന ഭരണങ്ങാനം, കടനാട് പഞ്ചായയത്തുകളും ഇപ്പോള്‍ പാലാ മണ്ഡലത്തിലാണ് ഇത് ഷോണിനു അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഷോണ്‍ ജോര്‍ജ് ഇതിനോടകം പാലാ മണ്ഡലത്തില്‍ സജീവമാണ്. മാണി സി. കാപ്പനും ജോസ് കെ.മാണിയും ഷോണ്‍ ജോര്‍ജും മത്സരരംഗത്ത് എത്തിയാല്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മത്സരമായി പാലാ മാറും. ഒപ്പം ശക്തമായ ത്രികോണ മത്സരത്തിനാകും പാലാ സാക്ഷ്യം വഹിക്കുക. രാഷ്ട്രീയ ധ്രുവീകരണവും സമുദായ വോട്ടുകളും ഒക്കെ എങ്ങനെ പ്രതിഫലിക്കുമെന്നു പോലും പറയാന്‍ വയ്യാത്ത രീതിയിലായിരിക്കും മത്സരം.
Kerala
കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷനും വടകര മുൻ എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്.
"മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കും' എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു.
ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Kerala
തൃശൂർ: മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ സീറ്റ് തിരികെ ലഭിക്കണമെന്ന ആവശ്യമുയർത്തി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂരിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ടാജറ്റിന്റെ പ്രതികരണം.
മണ്ഡലത്തിൽ വിജയസാധ്യത കൂടുതൽ കോൺഗ്രസിനാണ്. കോൺഗ്രസ് സ്ഥാനാർഥി ഗുരുവായൂരിൽ വരണമെന്ന് പ്രവർത്തകർക്ക് കാലങ്ങളായി ആഗ്രഹമുണ്ട്. ഈ വികാരം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
പ്രാദേശികമായി പാർട്ടി പ്രവർത്തകർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തിന് മുന്നിൽ ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ ജോസഫ് ടാജറ്റ്, ഇതിൽ മുസ്ലിം ലീഗിനെ പിണക്കാൻ തയാറല്ലെന്നും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു. ചെറിയകോണി സ്വദേശി വിജയകുമാരൻ നായർ (59)ആണ് മരിച്ചത്.
തെരഞ്ഞെടുപ്പിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലാണ് വിജയകുമാരൻ നായർ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയോടെ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു. ഇത് മകൻ കണ്ടതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മണമ്പൂരിൽ വിജയിച്ചത് ബിജെപി സ്ഥാനാർഥിയാണ്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
District News
വടകര: വില്യാപ്പള്ളി പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎം വടകര ഏരിയാ കമ്മിറ്റി അംഗം പി.കെ.കൃഷ്ണദാസിന്റെ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണമായി. കൃഷ്ണദാസിനെ ആസൂത്രിതമായി തോല്പിച്ചതാണോ എന്ന സംശയം അണികളില്‍ ശക്തമായിരിക്കുകയാണ്. ഇതു സംബന്ധിച്ച് വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്.
ഇരുപതാം വാര്‍ഡായ മയ്യന്നൂര്‍ സൗത്തില്‍ മത്സരിച്ച പി.കെ.കൃഷ്ണദാസ് മൂന്ന് വോട്ടിനാണ് പരാജയപ്പെട്ടത്. കൃഷ്ണദാസിന് 600 വോട്ടും യുഡിഎഫിലെ പുത്തലത്ത് ഇബ്രായിക്ക് 603 വോട്ടുമാണ് കിട്ടിയത്.
മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന പി.കെ.കൃഷ്ണദാസ് വിരമിച്ച ശേഷം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാണ്. വടകര ഏരിയാ കമ്മിറ്റിയിലെത്തിയ അദ്ദേഹത്തെയാണ് വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് പാര്‍ട്ടി കണ്ടുവച്ചിരുന്നത്. നേതൃത്വം പലതവണ നിര്‍ബന്ധിച്ച ശേഷമാണ് അദ്ദേഹം മത്സരിക്കാന്‍ തയാറായത്.
അതിനിടെ കൃഷ്ണദാസ് മത്സരിക്കുന്നതിനെതിരേ നാട്ടില്‍ എതിര്‍പ് ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. ഇതാണ് അദ്ദേഹത്തെ തോല്‍പിച്ചതാണെന്ന ആരോപണത്തിനു അടിസ്ഥാനമായി പറയുന്നത്.
വാര്‍ഡില്‍ മത്സരിച്ച കൃഷ്ണദാസിന് 600 വോട്ട് കിട്ടിയപ്പോള്‍ ബ്ലോക്കിലെയും ജില്ലാ പഞ്ചായത്തിലെയും സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ട് വ്യത്യസ്തമായതും മനപൂര്‍വം തോല്‍പിച്ചതാണെന്ന ആരോപണത്തിന് ബലം പകരുന്നു.
ജില്ലാ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ഥിക്ക് ഈ വാര്‍ഡില്‍ നിന്ന് 22 വോട്ട് അധികം കിട്ടിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലേക്കും ഇതേ അവസ്ഥയാണ്. പാര്‍ട്ടി കണക്ക് പ്രകാരം എണ്‍പതിനടുത്ത് വോട്ടിന് കൃഷ്ണദാസ് ജയിക്കേണ്ടതായിരുന്നു. അമ്പതോളം വോട്ട് മറിഞ്ഞെന്നാണ് സംശയിക്കുന്നത്. ചിലരുടെ നിഷേധ വോട്ടിലൂടെ കൃഷ്ണദാസ് പരാജയപ്പെടുകയായിരുന്നുവെന്ന് വ്യക്തം.
Kerala
പാലക്കാട്: ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ച മൂന്ന് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അംഗം കാജാ ഹുസൈന്, യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സദ്ദാം ഹുസൈന്, മുന്‍ വണ്ടാഴി പഞ്ചായത്ത് അംഗം ഷാനവാസ് സുലൈമാന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഇത് രണ്ടാം തവണയാണ് സദ്ദാം ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. പാലക്കാട് നഗരസഭയില്‍ സദ്ദാം ഹുസൈന്റെ വ്യാപാര സംഘടനയുടെ പേരില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണത്തെ സ്ഥാനാർഥിയുമായിരുന്ന വി.ആർ. സിനി അന്തരിച്ചു.
സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ പിറ്റേ ദിവസമാണ് അന്ത്യം.
ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു സിനി. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു.
സിനിയുടെ മരണത്തിൽ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അനുശോചനമറിയിച്ചു.
Kerala
കാസര്‍ഗോഡ്: സിപിഐ സ്ഥാനാര്‍ഥിയുടെ വീടിനുസമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്തു.
ജില്ലാ പഞ്ചായത്ത് ബദിയഡുക്ക ഡിവിഷന് സ്ഥാനാര്‍ഥി കുംബഡാജെ കാടരബള്ളിയിലെ പ്രകാശ് കുംബഡാജെയുടെ വീട്ടുവളപ്പില്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6.45ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്.
ശബ്ദംകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴാണ് തലതകര്‍ന്ന നിലയില്‍ ചത്തുകിടക്കുന്ന പ്രകാശിന്റെ വളര്‍ത്തുനായയെ കണ്ടത്. സമീപത്ത് പന്നിപ്പടക്കം പോലെ തോന്നിക്കുന്ന മൂന്നു സ്ഫോടകവസ്തുക്കള്‍ വേറെയുമുണ്ടായിരുന്നു.
ബദിയഡുക്ക പോലീസെത്തി സ്ഫോടകവസ്തുക്കള്‍ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംശയത്തിന് വഴിവയ്ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരേ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് സ്ഥാനാർഥിയുടെ കാറിന് നേരെ അക്രമം. ചെക്യാട് നാലാം വാർഡ് കാലിക്കൊളുമ്പിലാണ് സംഭവം.
നാലാം വാർഡ് കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി.കുമാരന്റെ കാറിന്റെ മുൻവശത്തെ ചില്ലാണ് അക്രമികൾ തകർത്തത്.
തനിക്ക് വധഭീഷണി ഉള്ളതായി കാണിച്ച് കെ.പി. കുമാരൻ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിക്കും വളയം പോലീസിലും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കുമാരന് ബൂത്തിൽ സുരക്ഷയും ഏർപ്പാടാക്കിയിരുന്നു.
കാലിക്കൊളുമ്പ് അങ്കണവാടിയിൽ പോളിംഗ് അവസാനിച്ച ശേഷം പോലീസ് സംരക്ഷണയിൽ പുറത്തേക്ക് വരുന്നതിനിടെ ഒരു സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു.
പോലീസ് ഇയാളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അക്രമികളിൽ ഒരാൾ ചുറ്റിക ഉപയോഗിച്ച് കാറിന്റെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കുമാരന്റെ ആരോപണം.
Kerala
കോട്ടയം: തെക്കൻ-മധ്യ കേരളത്തിലെ ഏഴ് ജില്ലകളിൽ പോളിംഗ് അവസാനിച്ചതോടെ മുന്നണികൾ കൂട്ടലും കിഴിക്കലും തുടങ്ങി. പോളിംഗ് കുറഞ്ഞതും കൂടിയതും തങ്ങൾക്ക് നേട്ടമാകുമെന്ന അവകാശവാദവുമായി നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു.
കഴിഞ്ഞ ഒരു മാസമായി വോട്ടു തേടിയുള്ള നെട്ടോട്ടത്തിനൊടുവിൽ ചൊവ്വാഴ്ച വൈകുന്നേരം അവസാന വോട്ടും മെഷീനിൽ കുത്തി പച്ച തെളിഞ്ഞതോടെ ഒരു ദീർഘനിശ്വാസമാണ് സ്ഥാനാർഥികൾക്കും അണികൾക്കും. യുദ്ധം കഴിഞ്ഞ പ്രതീതി. വീടുകയറിയും കോർണർ യോഗങ്ങളിൽ പങ്കെടുത്തും കുടുംബയോഗങ്ങൾ നടത്തിയും കാടിളക്കിയ പ്രചാരണമാണ് നടന്നത്. ഇത്ര നാളെത്തെ തീവ്ര പ്രവർത്തനങ്ങൾക്ക് ഫലമുണ്ടായോ എന്നറിയാൻ ഇനി മൂന്നുനാൾ കാക്കണം.
തൊഴിലും ബിസിനസും ഉപേക്ഷിച്ച് പ്രചാരണത്തിനിറങ്ങിയ സ്ഥാനാർഥികൾ തങ്ങളുടെ തൊഴിലിടങ്ങളിൽ സജീവമാകാനുള്ള നീക്കത്തിലാണ്. തങ്ങളെ സഹായിച്ചവർക്ക് സമൂഹമാധ്യമങ്ങൾ വഴി നന്ദി അർപ്പിച്ചുള്ള പോസ്റ്റുകളും ചില സ്ഥാനാർഥികൾ ഇട്ടുതുടങ്ങി.
വാർഡുകളിൽ സ്ഥാപിച്ച പ്രചാരണ ഫ്ലക്സുകളും പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാൻ അണികൾക്കൊപ്പം ഇന്നു മുതൽ രംഗത്ത് ഇറങ്ങുമെന്നും ചില സ്ഥാനാർഥികൾ വ്യക്തമാക്കി. ബന്ധുവീടുകളും അയൽപക്കങ്ങളും സന്ദർശിച്ച് നന്ദി പറയാൻ ഇനി സമയം കണ്ടെത്തുമെന്നും ചിലർ പറഞ്ഞു.
അതേസമയം വടക്കൻ ജില്ലകളിൽ വോട്ടുറപ്പിക്കാനുള്ള അവസാന റൗണ്ട് ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. ചൊവ്വാഴ്ച കൊട്ടിക്കലാശം കഴിഞ്ഞതോടെ ഇന്ന് പുലർച്ചെ മുതൽ എല്ലാവരും നിശബ്ദ പ്രചരണത്തിലാണ്.
വടക്കോട്ടുള്ള ഏഴു ജില്ലകളിലെ 1.53 കോടി വോട്ടർമാരാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർമാരാണ് വ്യാഴാഴ്ച വിധിയെഴുന്നത്.
470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപറേഷൻ എന്നിവിടങ്ങളിലാണ് വോട്ടിംഗ്. 12,391 വാർഡുകളിലായി 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18,974 പുരുഷന്മാരും 20,020 സ്ത്രീകളും.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 72.47 ലക്ഷം പുരുഷന്മാരും 80.92 ലക്ഷം സ്ത്രീകളുമാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ. രണ്ടാം ഘട്ടത്തിലാണ് പ്രശ്നബാധിത ബൂത്തുകളും ഏറെയുള്ളത്. 2,055 പ്രശ്നബാധിത ബൂത്തുകളാണ് ഏഴു ജില്ലകളിലായുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും കണ്ണൂർ ജില്ലയിലാണ്.
ആദ്യഘട്ടത്തെ അപേക്ഷിച്ച് മലബാർ ഭാഗത്തേക്ക് മികച്ച പോളിംഗ് ഉണ്ടാകുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിക്കുന്നത്. വിജയം ആവർത്തിക്കുമെന്ന് എൽഡിഎഫും പിടിച്ചടക്കുമെന്ന് യുഡിഎഫും ശക്തമായ സാന്നിധ്യമാകുമെന്ന് എൻഡിഎയും കണക്കുകൂട്ടുന്നു.
Kerala
മലപ്പുറം: പുളിക്കലിൽ വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തു. 16-ാം വാര്‍ഡ് സ്ഥാനാര്‍ഥി കെ.ഒ. നൗഫലിനെതിരെയാണ് കേസെടുത്തത്.
സിപിഎം പ്രവർത്തകന്റെ മകളുടെ വോട്ടു ചേർക്കാൻ കൃത്രിമം കാട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നൗഫൽ മൂന്നാം പ്രതിയാണ്.
എസ്എസ്എൽസി ബുക്കിലെ ജനന തീയതിയിൽ കൃത്രിമം കാട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 19-02-2007 എന്ന ജനന തീയതി 19-02-2006 എന്ന് തിരുത്തിയാണ് വോട്ടർ പട്ടികയിൽ പേരുചേര്‍ത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 01-01-2025ന് 18 വയസ്സ് തികയണമായിരുന്നു. കേസിൽ പെൺകുട്ടി ഒന്നാം പ്രതിയും അച്ഛൻ രണ്ടാം പ്രതിയുമാണ്.
Kerala
തലശേരി: വിവാദങ്ങൾക്കു വിരാമമിട്ടുകൊണ്ട് കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥി പോലീസ് സ്റ്റേഷനിൽ ഹാജരായി. കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനോടൊപ്പം കോടതി വിട്ടയച്ചു. ഇതോടെ നവമാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും കൊട്ടിഘോഷിച്ച ഒളിച്ചോട്ട വിവാദത്തിനു വിരാമമായി.
ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥിയും മുസ്ലിം ലീഗ് പ്രവർത്തകയുമായ മേക്കുന്ന് മത്തിപ്പറമ്പ് തൈപ്പറമ്പത്ത് അറുവയാണ് (32) ചൊവ്വാഴ്ച വൈകുന്നേരം ചൊക്ലി പോലീസ് സ്റ്റേഷനിൽ ഹാജരായത്.
അറുവയെ കാണാനില്ലെന്നും ബിജെപി പ്രവർത്തകന്റെ കൂടെ പോയതായും കാണിച്ച് മാതാവ് നജ്മ നൽകിയ പരാതിയിലാണ് ചൊക്ലി പോലീസ് കേസെടുത്തിരുന്നത്. ആൺസുഹൃത്ത് വലിയാണ്ടി പീടിക തൊണ്ടിയിന്റവിട താഴെ കുനിയിൽ റോഷിത്തിനോടൊപ്പം സ്റ്റേഷനിൽ ഹാജരായ അറുവയെ രാത്രിയിൽ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുമതി നൽകിയത്.
മുസ്ലിം ലീഗ് പ്രവർത്തകയായ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ബിജെപി മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു.
കാവി മുണ്ടുടുക്കുകയും തങ്ങളുടെ പ്രവർത്തകർക്കൊപ്പം നടക്കുകയും ചെയ്യാറുള്ള റോഷിത്ത് തങ്ങളുടെ പ്രവർത്തകനല്ല. റോഷിത്തും കുടുംബവും സിപിഎം ആണെന്നും ഹരിദാസ് വ്യക്തമാക്കി.
ആദ്യ വിവാഹത്തിൽ മക്കളുള്ള യുവതി ഒളിച്ചോട്ടം വിവാദമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്നതായി നാട്ടുകാർ പറയുന്നു.
Kerala
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാത്രി ഞാറവിള - കരയടിവിള റോഡിലായിരുന്നു അപകടം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടത്തെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഈ രണ്ടു വാർഡുകളിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Kerala
മലപ്പുറം: മൂത്തേടത്ത് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്.
ഞായറാഴ്ച രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം.
Kerala
ചെറുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ നായ കടിച്ചു പരിക്കേൽപ്പിച്ചു. ചെറുപുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് കോലുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.വി. പ്രിയേഷിനാണു കടിയേറ്റത്.
ഇന്നലെ രാവിലെ പതിനൊന്നോടെ കന്നിക്കളം ഭാഗത്തെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. സാരമായ പരിക്കില്ല. പ്രിയേഷ് പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ജില്ലാ പഞ്ചായത്ത് കരിവെള്ളൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എ.വി. ലേജുവും സഹപ്രവർത്തകരും പ്രിയേഷിനൊപ്പമുണ്ടായിരുന്നു.
NRI
നഴ്സിംഗ് മേഖലയിലെ വിലയേറിയ സംഭാവനകളുടെ പേരിലും മലയാളി സംഘടനകളിലെ സ്ഥിര സാന്നിധ്യം എന്ന നിലയ്ക്കും സമൂഹസേവനത്തിലൂടെയുമാണ് ശോശാമ്മ ആൻഡ്രൂസ് അമേരിക്കൻ മലയാളി സമൂഹത്തിന് സുപരിചതയായത്. അടുത്ത ടേമിലെ ഫൊക്കാന നാഷണൽ കമ്മിറ്റി സ്ഥാനാർഥിയായി രംഗത്തെത്തുന്ന ശോശാമ്മ, തന്റെ സമ്പന്നമായ അനുഭവവും പ്രവർത്തനപാരമ്പര്യവും കൊണ്ട് ശ്രദ്ധേയയാണ്.
1974ൽ അമേരിക്കയിലെത്തിയ ശോശാമ്മയുടെ ജീവിതം നിഷ്ഠയുടെയും അധ്വാനത്തിന്റെയും കഥയാണ്. റാന്നി സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസിയും മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ നഴ്സിങും മിഡ്വൈഫറിയിൽ ഡിപ്ലോമയും പൂർത്തിയാക്കിയ ശേഷം ഇർവിൻ/ജി.ബി. പന്ത് ഹോസ്പിറ്റൽ ( ന്യൂഡൽഹി) എന്നിവിടങ്ങളിൽ നഴ്സായി സേവനത്തിന്റെ പുതു അധ്യായം തുറന്നു.
ബ്രൂക്ക്ലിനിലെ സെന്റ് ജോസഫ് കോളേജിൽ നിന്ന് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയതിനെത്തുടർന്ന് 1975 മുതൽ 1990 വരെ ന്യൂ ഹൈഡ് പാർക്കിലെ പാർക്കർ ജ്യൂയിഷ് ആശുപത്രിയിൽ ഹെഡ് നഴ്സായി പ്രവർത്തിച്ചു. പിന്നീട് ക്വീൻസ് വില്ലേജിലെ ക്രീഡ്മോർ സൈക്യാട്രിക് സെന്ററിൽ സ്റ്റാഫ് നഴ്സായി തുടങ്ങി നഴ്സ് അഡ്മിനിസ്ട്രേറ്റർ പദവിവരെ ഉയർന്ന് 2010ൽ വിരമിച്ചു.
അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിലും നഴ്സിങ് അസോസിയേഷനുകളിലും പ്രവർത്തിച്ച ശോശാമ്മ, ഇവിടുത്തെ ശക്തമായ സ്ത്രീ ശബ്ദമാണ്.
സംഘടനകളിലെ പ്രവർത്തനപരിചയം:
മറ്റ് പ്രവർത്തനങ്ങൾ
വൈസ് പ്രസിഡന്റ് കേരള റിസേർച്ച് ആൻഡ് മാർക്കറ്റിംഗ് സർവീസ് ഇങ്ക്അസോസിയേറ്റ് എഡിറ്റർ ലിറ്റററി മാർക്കറ്റ് റിവ്യൂഎക്സിക്യൂട്ടീവ് ഡയറക്ടർ കുന്നുപറമ്പിൽ ഫൗണ്ടേഷൻ∙
ലഭിച്ചിട്ടുള്ള ബഹുമതികളും അംഗീകാരങ്ങളും
നഴ്സിങ് രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും നൽകിയ അസാധാരണ സേവനങ്ങൾക്ക് ശോശാമ്മ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.1996, 2010 ഔട്സ്റ്റാൻഡിംഗ് സർവീസ് അവാർഡുകൾ, ക്രീഡ്മൂർ സൈക്യാട്രിക് സെന്റർ2018 ഫൊക്കാന വിമൻസ് ഫോറം റോക്ലാൻഡ് കൗണ്ടി ലെജിസ്ളേച്ചറിന്റെ അംഗീകാരം2009-2010 നൈനയുടെ സർട്ടിഫിക്കറ്റ്2011, 2013, 2017 ഐനാനിയുടെ സർവീസ് അവാർഡുകൾ2015 ഐനാനി എക്സിക്യൂട്ടീവ് ബോർഡിന്റെ അംഗീകാരം2021 ഡെയ്സി അവാർഡ് ഫോർ നഴ്സസ് അഡ്വാൻസിംഗ് ഹെൽത്ത് ഇക്വിറ്റി2021 കർഷകശ്രീ അവാർഡ്2010 പിഇഎഫ് സർവീസ് അവാർഡ്2012 ഐനാനി പ്രസിഡന്റ് സർവീസ് അവാർഡ്2009 ഐനാനി സെക്രട്ടറി സർവീസ് അവാർഡ്നഴ്സിംഗിലെ പ്രഫഷണലിസവും സമൂഹസേവനത്തിലെ സമർപ്പണവും ഒത്തിണങ്ങുന്ന ശോശാമ്മ ആൻഡ്രൂസ്, അമേരിക്കൻ മലയാളി സമൂഹത്തിന് വലിയൊരു മാതൃകയാണ്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ ഇന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണു ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്.
പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണു സെറ്റ് ചെയ്യുന്നത്.
ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണു ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്.
സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണു വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേതു പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്.
ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു നിയോജകമണ്ഡലത്തിലും 15 ൽ കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കാനില്ലാത്തതിനാൽ എല്ലാ ബുത്തുകളിലും ഓരോ തലത്തിലും ഓരോ ബാലറ്റ് യൂണിറ്റ് മതിയാകും.
കാൻഡിഡേറ്റ് സെറ്റിംഗിനു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മെഷീനുകളിൽ മോക്ക്പോൾ നടത്തും. മോക്പോളിന്റെ ഫലം സന്നിഹിതരായിട്ടുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും സ്ഥാനാർഥികളെയും കാണിക്കും. തുടർന്ന് മോക്ക് പോൾ ഫലം ഡിലീറ്റ് ചെയ്ത് മെഷീനുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.
വോട്ടെടുപ്പിന്റെ തലേദിവസം മറ്റ് പോളിംഗ് സാധനങ്ങൾക്കൊപ്പം മെഷീനുകളും പോളിംഗ് ഉദ്യോഗസ്ഥർക്കു കൈമാറും. വോട്ടെടുപ്പ് ദിവസം രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള പോളിംഗ് ഏജന്റുമാരുടെയും സ്ഥാനാർഥികളുടെയും സാന്നിധ്യത്തിൽ മോക്ക് പോൾ നടത്തും. തുടർന്ന് ഏഴുമുതൽ വോട്ടെടുപ്പ് ആരംഭിക്കും.
District News
കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില്‍ സദാശിവന് എന്ന അംഗിരസിന്റെ പിതാവ് മകനെ സ്കൂളില്‍ ചേര്‍ക്കാനായി എത്തിയപ്പോള്‍ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായതോടെ വോട്ടര്‍മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന് ചെയര്‍മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര്‍ ക്ലബ് ജോയിന്റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില്‍ അഭിഭാഷകനായ അംഗിരസ് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രവര്‍ത്തകനാണ്. ഭാര്യ ഡോ. കീര്‍ത്തി കാജല്‍ (മെഡിക്കല്‍ ഓഫീസര്‍, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സാന്റപ്പനും മത്സരിക്കുന്നു.
Kerala
ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്റെ സഹോദരന് ചാര്‍ലി ജേക്കബ് പ്ലാത്തോട്ടവും തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങി. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരം. നഗരസഭയുടെ 29ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. കായിക അധ്യാപകന്, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, വോളിബോള്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ വോളിബോള്‍ ഫെഡററേഷന് ഇന്ത്യ മെംബറാണ്. താമര ചിഹ്നത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.
District News
എലിക്കുളം: പഞ്ചായത്ത് അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി മാത്യൂസ് പെരുമനങ്ങാട് വോട്ടുതേടി ചിഹ്നമായ ടെലിവിഷൻ തലയിലേറ്റി വീടുകയറുന്നു. കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയാണ് മാത്യൂസ്. എൽഡിഎഫ് സ്ഥാനാർഥിയായി വിത്സൺ മാത്യു പതിപ്പള്ളിൽ, എൻഡിഎ സ്വതന്ത്രൻ ജേക്കബ്, സ്വതന്ത്രൻ ജിതിൻ ടോം എന്നിവരും മത്സരിക്കുന്നുണ്ട്.
Kerala
തൊടുപുഴ: തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിൽ ഇടതുപക്ഷ സ്ഥാനാർഥി അങ്കണവാടിയിൽ വോട്ടു ചോദിച്ചെത്തിയപ്പോൾ ജീവനക്കാരുമായി വാക്കേറ്റം. സ്ഥാനാർഥി ജീവനക്കാരുമായി കയർത്തു സംസാരിക്കുന്നതും മോശപ്പെട്ട പദങ്ങൾ ഉപയോഗിക്കുന്നതും ജീവനക്കാർ വീഡിയോയിൽ പകർത്തി.
വണ്ണപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡ്(മുള്ളങ്കുത്തി) ഇടതുപക്ഷ സ്ഥാനാർഥി ലിജോ ജോസഫ് കൊട്ടാരത്തിൽ വോട്ടു ചോദിച്ച് എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. ആദ്യം സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്യൂ എന്നു പറഞ്ഞ് ഇറങ്ങിപ്പോയ സ്ഥാനാർഥി ഗേറ്റിനു മുന്നിൽനിന്നു കുറെ നേരം തർക്കിക്കുന്നതും വീണ്ടും അങ്കണവാടിക്ക് ഉള്ളിലേക്കു കടന്നുവന്നു ജീവനക്കാരുമായി തർക്കമുണ്ടാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ഥാനാർഥി മദ്യപിച്ചിട്ടാണ് വന്നിരിക്കുന്നതെന്നും മദ്യത്തിന്റെ മണമുണ്ടല്ലോയെന്നും ജീവനക്കാർ സ്ഥാനാർഥിയോടു പറയുണ്ട്. എന്നാൽ, താൻ മദ്യപിച്ചിട്ടില്ലെന്നു സ്ഥാനാർഥി ജീവനക്കാരോടു പറയുന്നതും വീഡിയോയിലുണ്ട്.
Kerala
തൃശൂർ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവോ ഭാര്യ കമല നെഹ്റുവോ കൈപ്പത്തിചിഹ്നത്തിൽ മത്സരിച്ചിട്ടില്ലെങ്കിലും ഈ തദ്ദേശതെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽനിന്നൊരു നെഹ്റുവിന്റെ ഭാര്യ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്.
തൃശൂർ ജില്ലയിലെ വേളൂക്കര പഞ്ചായത്ത് ആറാം വാർഡിലാണ് കോൺഗ്രസ് സ്ഥാനാർഥിയായ വിദ്യ നെഹ്റു (46) മത്സരിക്കുന്നത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ബിബിൻ തുടിയത്തായിരുന്നു പഞ്ചായത്തംഗം. വനിതാ വാർഡ് ആയതോടെ ബിബിൻ അഞ്ചാംവാർഡിലേക്കു മാറി. ഇതോടെയാണ് വിദ്യ നെഹ്റുവിനു നിയോഗം വന്നത്.
ശ്രീലങ്കയിലും സൗദിയിലും ഇന്ത്യൻ എംബസിയിൽ ജോലിക്കാരനായിരുന്ന അവിട്ടത്തൂർ മാളിയേക്കൽ സുബ്രഹ്മണ്യൻ രാജ്യസ്നേഹിയും തികഞ്ഞ കോൺഗ്രസുകാരനുമായിരുന്നു.
മക്കൾക്കു സ്വാതന്ത്ര്യസമരസേനാനികളായ തന്റെ പ്രിയ കോൺഗ്രസ് നേതാക്കളുടെ പേരുനൽകണമെന്ന ആഗ്രഹത്തിനു പ്രിയതമ രമണി പൂർണസമ്മതം മൂളിയതോടെയാണ് നാലു മക്കളിലെ രണ്ടാൺമക്കൾക്കും അത്തരം പേരുവന്നത്. മൂത്തവൻ ഗാന്ധി, രണ്ടാമൻ നെഹ്റു.
അറുപതാംവയസിൽ റിട്ടയർ ചെയ്ത് സൗദിയിൽനിന്നു നാട്ടിലേക്കു പോരാനിരിക്കേയാണ് അപ്രതീക്ഷിതമായി അമേരിക്കൻ എംബസിയിൽ സുബ്രഹ്മണ്യനു ജോലി ലഭിച്ചത്. നിയമന ഉത്തരവ് കൈയിൽ കിട്ടിയ ആനന്ദത്തിനിടെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം.
മക്കളിൽ ഇളയവൻ നെഹ്റുവിന്റെ ഭാര്യയാണ് സ്ഥാനാർഥി വിദ്യ നെഹ്റു. കൊടുങ്ങല്ലൂർ സ്വദേശിനിയായ വിദ്യയുടെ അച്ഛൻ പരേതനായ വിശ്വംഭരനും കോൺഗ്രസുകാരനായിരുന്നു.
അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന നെഹ്റു ദീർഘകാലം പ്രവാസിയായിരുന്നെങ്കിലും ഇപ്പോൾ പശു ഫാം നടത്തുകയാണ്. വിദ്യ എസ്എൻഡിപി വനിതാവിഭാഗം കൺവീനറാണ്. മക്കൾ: ആദിത്യൻ (ഗൾഫ്), അവിനാശ് ( വിദ്യാർഥി, ബംഗളൂരു).
Kerala
പാലക്കാട്: വിമത സ്ഥാനാർഥിക്കെതിരെ വധഭീഷണി മുഴുക്കിയ അഗളി സിപിഎം ലോക്കൽ സെക്രട്ടറി എൻ. ജംഷീറിനെതിരെ കേസെടുത്ത് പോലീസ്. അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ വിമത സ്ഥാനാർഥി രാമകൃഷ്ണനെയാണ് ജംഷീർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
സംഭവത്തിൽ രാമകൃഷ്ണൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് രാമകൃഷ്ണൻ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് രാമകൃഷ്ണനെ ജംഷീർ ഭീഷണിപ്പെടുത്തിയത്.
നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്ന് ജംഷീര്‍ പറയുന്നുണ്ട്.
നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളുവെന്നും പത്രിക പിൻവലിക്കില്ലെന്നും എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും രാമകൃഷ്ണൻ ചോദിച്ചു. അപ്പോഴാണ് തട്ടിക്കളയേണ്ടിവരുമെന്ന് ജംഷീര്‍ പറഞ്ഞത്.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ പാമ്പ് കടിച്ചു. കാവശേരി ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പാമ്പിന്റെ കടിയേറ്റത്.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. വെള്ളിക്കെട്ടനാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥാനാർഥിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.
District News
മാവേലിക്കര: ഘടകകഷിയായ ആര്‍എസ്പി നിശ്ചയിച്ച വനിത സ്ഥാനാര്‍ഥിക്കു വോട്ടര്‍ പട്ടികയില്‍ പേരില്ല, അവസാന നിമിഷം സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ ഭര്‍ത്താവിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി.
സിപിഐ റെയില്‍വേ സ്റ്റേഷന് ബ്രാഞ്ച് സെക്രട്ടറി സുജിത്തിന്റെ ഭാര്യ സച്ചു ശിവാനന്ദനെയാണു സ്ഥാനാര്‍ഥിയായി ആര്‍എസ്പി പ്രഖ്യാപിച്ചത്.
എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ഘട്ടത്തില്‍ സച്ചുവിന്റെ പേര് നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തി. അവസാനം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടു സച്ചുവിന്റെ ഭര്‍ത്താവും സിപിഐ റെയില്‍വേ സ്റ്റേഷന് ബ്രാഞ്ച് സെക്രട്ടറിയുമായ സുജിത്തിനെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
നഗരസഭയില്‍ സിപിഐ മത്സരിക്കുന്ന വാര്‍ഡുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ഥികളെ സംബന്ധിച്ചു സച്ചുവും പാര്‍ട്ടിയും സംബന്ധിച്ചു തര്‍ക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്ന
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ ആലപ്പുഴ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി. വാടയ്ക്കൽ വാർഡിലെ സ്ഥാനാർഥി കെ.കെ. പൊന്നപ്പന്റെ പത്രിക തള്ളി.
മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർഥികളില്ല.
എറണാകുളത്തും കൽപ്പറ്റയിലും യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിലേയ്ക്ക് കടമക്കുടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയാകേണ്ടിയിരുന്ന കെ. ജി. രിവീന്ദ്രന്റെ പത്രികയാണ് തള്ളിയത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ കൽപ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി. ചെയർമാൻ സ്ഥാനാർഥിയാകേണ്ടിയിരുന്ന കെ. ജി. രിവീന്ദ്രന്റെ പത്രിക തള്ളി.
23-ാം വാർഡിയെ സ്ഥാനാർഥിയായിരുന്നു രവീന്ദ്രൻ. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയായ പ്രഭാകരന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
എറണാകുളത്തും യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജിന്റെ പത്രികയാണ് തള്ളിപ്പോയത്. ജില്ലാ പഞ്ചായത്ത്
കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു എൽസി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം.
എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം.
District News
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ കേണിച്ചിറ ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയി യുഡിഎഫ് സ്ഥാനാര്‍ഥിയായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. ജില്ലയില്‍ കോണ്‍ഗ്രസിനു വിജയ സാധ്യതയുള്ള ജനറല്‍ സീറ്റുകളില്‍ ഒന്നാണ് കേണിച്ചിറ. പൂതാടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പുല്‍പ്പള്ളി പഞ്ചായത്തിലെ ആറ് വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിനെ തന്ത്രപൂര്‍വം ഒഴിവാക്കിയാണ് യുവജന വിഭാഗം അമലിന് സീറ്റ് ഉറപ്പിച്ചത്. ഡിസിസി മുന്‍ പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ പിന്തുണയോടെയായിരുന്നു അമലിനുവേണ്ടി യുവജന വിഭാഗത്തിന്റെ നീക്കങ്ങള്‍.
മാറി മറിഞ്ഞ്
കഴിഞ്ഞ 18ന് ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ കോര്‍ കമ്മിറ്റി യോഗം കേണിച്ചിറയില്‍ സ്ഥാനാര്‍ഥിയായി പൗലോസിനെ തീരുമാനിച്ചതാണ്. ഇതിനുപിന്നാലെ പ്രമുഖ ദൃശ്യമാധ്യമങ്ങളിലടക്കം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവജനങ്ങളെ കോണ്‍ഗ്രസ് നേതൃത്വം തഴയുന്നുവെന്ന വാര്‍ത്ത വന്നു. മുമ്പ് രണ്ടു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പൗലോസ് അനുകൂല സാഹചര്യം ഉണ്ടായിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊഴുതന ഡിവിഷനില്‍ തോറ്റതും അദ്ദേഹത്തിന്റെ പ്രായവും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്ത. ഇതിനുശേഷം ഡിവിഷനിലേക്കു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ജില്ലാ മുന്‍ കണ്‍വീനറുമായ കെ.കെ. വിശ്വനാഥന്റെ പേര് ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ മത്സരത്തിനില്ലെന്ന നിലപാടിലേക്കു പൗലോസ് നീങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വാശിപിടിച്ചാല്‍ പൗലോസിനു കിട്ടുന്നതായിരുന്നു സീറ്റ്.
പൗലോസിനെ വെട്ടണമെന്ന വ്യഗ്രതയില്‍ യുവജന വിഭാഗം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ഡിവിഷനിലേക്ക് സീനിയര്‍ നേതാവായ വിശ്വനാഥന്റെ പേര് വന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. വിശ്വനാഥന് കേണിച്ചിറ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ശക്തമായപ്പോഴായിരുന്നു അമല്‍ ജോയിക്കു അനുകൂലമായി വീണ്ടും ട്വിസ്റ്റ്. കപ്പിനും ചുണ്ടിനും ഇടയില്‍ സീറ്റ് നഷ്ടമായതിന്റെ വ്യഥയിലാണ് കെ.കെ. വിശ്വനാഥനെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രന്റെ സഹോദരനാണ് വിശ്വനാഥന്. കാലാവധി പൂര്‍ത്തിയായ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ ചീരാല്‍ ഡിവഷനില്‍നിന്നുള്ള അംഗാണ് അമല്‍ ജോയി.
യുവജനനീക്കം
കേണിച്ചിറയില്‍ പൗലോസ് സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കുന്നതിനും അമല്‍ ജോയിക്കു സീറ്റ് ഉറപ്പിക്കുന്നതിനും കോണ്‍ഗ്രസ് യുവജന വിഭാഗത്തിലുള്ള ചിലര്‍ കുതന്ത്രങ്ങളാണ് പയറ്റിയതെന്ന് പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം അടക്കം പറയുന്നു. 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ തിരുനെല്ലി, എടവക, മീനങ്ങാടി, മേപ്പാടി, തോമാട്ടുചാല്‍, കേണിച്ചിറ എന്നിവയാണ് ജനറല്‍ വിഭാഗത്തില്‍. ഇതില്‍ മേപ്പാടി യുഡിഎഫ് ധാരണയനുസരിച്ച് മുസ്ലിം ലീഗിനു നല്കി. ബാക്കി അഞ്ചെണ്ണത്തില്‍ കോണ്‍ഗ്രസിന് ആഴത്തില്‍ വേരോട്ടമുള്ളതാണ് തോമാട്ടുചാല്‍, കേണിച്ചിറ ഡിവിഷനുകള്‍. ഈ സീറ്റുകളില്‍ കണ്ണിട്ടാണ് യുവജന വിഭാഗത്തിലുള്ളവരടക്കം ചരടുവലി നടത്തിയത്. തോമാട്ടുചാല്‍ മണ്ഡലത്തില്‍ അമല്‍ ജോയിക്കുപുറമേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുല്‍ദാസ് എന്നിവരും നോട്ടമിട്ടിരുന്നു.
നീക്കുപോക്കുകൾ
കേണിച്ചിറ പാര്‍ട്ടിയിലെ സീനിയേഴ്സ് കൈയടക്കുമെന്ന ചിന്താഗതിയിലായിരുന്നു ഇത്. നീക്കുപോക്കുകള്‍ക്കൊടുവില്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന വി.എന്‍. ശശീന്ദരനാണ് തോമാട്ടുചാലില്‍ നറുക്കുവീണത്. മീനങ്ങാടിയില്‍ സീറ്റ് നല്‍കിയാണ് അഡ്വ.ഗൗതം ഗോകുല്‍ദാസിനെ കോണ്‍ഗ്രസ് നേതൃത്വം തണുപ്പിച്ചത്. സിപിഎമ്മിനു മേല്‍ക്കെയുള്ള ഈ ഡിവിഷനില്‍ കേരള കോണ്‍ഗ്രസ്-ജോസഫിലെ ജിന്റോ കുര്യാക്കോസ് പത്രിക നല്‍കിയിട്ടുണ്ട്. ഇദ്ദേഹം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കില്ലെന്നാണ് വിവരം.
ജില്ലാ പഞ്ചായത്തിലെ തിരുനെല്ലി, എടവക ഡിവിഷനുകളില്‍ മത്സരിക്കാന്‍ യുവജന വിഭാഗത്തിലുള്ളതടക്കം പാര്‍ട്ടിയിലെ പ്രമുഖര്‍ താത്പര്യം കാട്ടിയിരുന്നില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം തൂത്തുവാരിയതാണ് മന്ത്രി ഒ.ആര്. കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലി. എങ്കിലും തിരുനെല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയക്കൊടി നാട്ടുന്നതിന് സിപിഎം വിയര്‍ക്കേണ്ടിവരും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ നാലുവീതവും തവിഞ്ഞാല്‍ പഞ്ചായത്തിലെ ഒന്നും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് തിരുനെല്ലി ഡിവിഷന്. ഈ ഒമ്പതു വാര്‍ഡുകളില്‍ കുറഞ്ഞത് 1,750 വോട്ടിന്റെ ലീഡ് യുഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ അനുമാനം.
Kerala
കോട്ടയം: സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍. വാസവന്റെ ജ്യേഷ്ഠൻ പരേതനായ വി.എസ്. സോമന്റെ മകള്‍ സ്മിത ഉല്ലാസ് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും.
പാമ്പാടി പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ കുറിയന്നൂര്‍കുന്നിൽ നിന്നാണ് സ്മിത ജനവിധി തേടുക.
കൈപ്പത്തി ചിഹ്നത്തിലാണ് സ്മിത മത്സരിക്കുന്നത്. തന്റെ പിതാവ് കോണ്‍ഗ്രസ് അനുഭാവിയായിരുന്നെന്ന് സ്മിത പറഞ്ഞു.
National
ലക്നോ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക ബിഎസ്പി സ്ഥാനാർഥിയെ അഭിനന്ദിച്ച് പാർട്ടി അധ്യക്ഷ മായാവതി. രാംഗഡ് മണ്ഡലത്തിൽ നിന്ന് വിജയിച്ച സതീഷ് കുമാർ സിംഗിനെ ആണ് മായാവതി അഭിനന്ദിച്ചത്.
"മഹത്തായ വിജയമാണ് രാംഗഡിലേത്. അർഹിച്ച വിജയമാണ് സതീഷ് സ്വന്തമാക്കിയത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. ഈ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു.'- മായാവതി പറഞ്ഞു.
"ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ബിഎസ്പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. വോട്ടെണ്ണൽ നടക്കുന്ന സമയത്തും ഇത് അവർ ആവർത്തിച്ചു. പക്ഷെ ജനങ്ങൾ ബിഎസ്പിക്കൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം വളരെ പ്രധാനപ്പെട്ട ഒന്നാണ്.'-മായാവതി കൂട്ടിച്ചേർത്തു.
രാംഗഡ് മണ്ഡലത്തിൽ നിന്ന് 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതീഷ് കുമാർ സിംഗ് വിജയിച്ചത്. 72,689 വോട്ടാണ് സതീഷ് സിംഗിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ അശോക് കുമാർ സിംഗിന് 72,659 വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ആർജെഡിയുടെ അജിത് കുമാർ 41,480 വോട്ടാണ് സ്വന്തമാക്കിയത്.
Kerala
ഇടുക്കി: ബൈസൺവാലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം.
യുഡിഎഫ് സ്ഥാനാർഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.
ഇന്ന് രാവിലെ പ്രവർത്തകർക്കൊപ്പം പ്രചാരണത്തിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയപ്പോൾ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടിൽ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോൾ നായ പാഞ്ഞടുക്കുകയായിരുന്നു.
ജാൻസിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ ഓടി. ജാൻസി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
Kerala
കൊച്ചി: ട്വന്റി- 20 മുൻ പഞ്ചായത്ത് പ്രസിഡന്റ് നിതാ മോൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ നിന്നാണ് നിതാ മോൾ ജനവിധി തേടുക.
കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡന്റാണ് നിതാ മോൾ. അടുത്തിടെയാണ് നിതാ മോൾ ട്വന്റി- 20ൽ നിന്ന് രാജിവച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്ക് തലവേദനയായി ചെല്ലാനം പഞ്ചായത്തില്‍ രൂപപ്പെട്ട കൂട്ടായ്മയാണ് ട്വന്റി-20. അന്ന് ആകെയുള്ള 21 സീറ്റുകളില്‍ എട്ടും നേടിക്കൊണ്ട് ട്വന്റി-20 മുന്നേറിയിരുന്നു.
Kerala
കോഴിക്കോട്: നാദാപുരത്ത് സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. സ്ഥാനാർഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. തമ്മിൽ തല്ലലിൽ ആറുപേര്‍ക്ക് പരിക്കേറ്റു.
നാദാപുരം പതിനൊന്നാം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടുവെന്നാരോപിച്ച് പാർട്ടി പ്രവർത്തകനായ ഭവിലാഷിനെ ബ്രാഞ്ച് സെക്രട്ടറി സജീവന്റെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്നാണ് ആരോപണം.
ഭവിലാഷിനും രക്ഷിതാക്കൾക്കും സജീവനും ഒപ്പമെത്തിയ പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സജീവന് സ്ഥാനാർഥിയാക്കാനായിരുന്നു ആലോചനയെങ്കിലും ഭവിലാഷ് ഇടപെട്ട് ദിലീപ് എന്നയാളെ സ്ഥാനാർഥിയാക്കിയെന്ന് ആരോപിച്ചായിരുന്നു തർക്കവും സംഘർഷവുമുണ്ടായത്.