National
കട്ടക്ക്: ഒഡീഷയിലെ കെന്ദ്രപര ജില്ലയിൽ വയോധികൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കെന്ദ്രപര ജില്ലയിലെ ജഗുലെയ്പാഡ ഗ്രാമവാസികളെയാണ് തേനീച്ച കൂട്ടം ആക്രമിച്ചത്.
പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബൈലോചൻ ബിസ്വാൾ എന്ന 76 കാരന് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ബാക്കിയെല്ലാവരും ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം മടങ്ങി.
National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. സരയ് ജുലെന സ്വദേശി മാനവ് (19) ആണ് മരിച്ചത്.
മാനവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് സാദ് (21) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികളാണ്.
മാനവിന്റെ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോദി മിൽ ഫ്ലൈ ഓവറിന് സമീപത്ത് വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
മാനവ് സംഭവസ്ഥലക്ക് വച്ച് തന്നെ മരിച്ചു. മുഹമ്മദ് സാദ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി ട്രക്ക് ഡ്രൈവർ ജഹുൽ (32) നെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് നാല് വയസുകാരി മരിച്ചു. ഫിറോസാബാദിലെ ദൗലത്പുർ ഗ്രാമത്തിൽ ആണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത്. വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര നിർമിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. വീട്ടുടമസ്ഥനും കുടുംബവും നിർമാണ തൊഴിലാളികളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടു.
തുടർന്ന് പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടുടമസ്ഥന്റെ നാലര വയസുള്ള മകൾ മരണപ്പെടുകയായിരുന്നു.
Kerala
കോഴിക്കോട്: നടുവണ്ണൂരിനടുത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിന് രാജ്(22) ആണ് മരിച്ചത്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓസ്ട്രേലിയയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയതാണ് അശ്വിൻ രാജ്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെ കരുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിന് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ അശ്വിന് അല്പ ദൂരം നിരങ്ങി നീങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന അശ്വിന് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അധ്യാപകരായ ചെറുവലത്ത് രാജിന്റെയും(റിട്ട. അധ്യാപകന്, എംജെ വിഎച്ച്എസ്എസ്, വില്യാപ്പള്ളി) ബിനിതയുടേയും(എജെജെഎം എച്ച്എസ് ചാത്തന്‍കോട്ട്നട) മകനാണ്. സഹോദരന് അഭയ് ബി. രാജ്.
District News
കൊളത്തൂർ: ഉംറ നിർവഹിക്കാനെത്തിയ വെങ്ങാട് സ്വദേശിനി മദീനയിൽ അന്തരിച്ചു. വെങ്ങാട് കിഴക്കേകര സ്വദേശിനി കുടുംബത്തിൽ ഇബ്രാഹിമിന്റെ ഭാര്യ ജമീല (56) യാണ് മരിച്ചത്.
കർമങ്ങൾ പൂർത്തിയാക്കി ഉംറ സംഘത്തോടൊപ്പം മദീന സന്ദർശനത്തിന് എത്തിയതായിരുന്നു. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ഇന്നലെ പുലർച്ചെ രണ്ടോടെ മരണപ്പെട്ടു. കബറടക്കം മദീനയിൽ നടത്തി. മക്കൾ: ഫൈസൽ, മുഹ്സിൻ (ഇരുവരും സൗദി), മൻസൂർ, ജസീന. മരുമക്കൾ: നിസാർ, നദീറ, റിൻഷ, ഷംല.
District News
പഴയങ്ങാടി: ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. പുന്നച്ചേരി മുട്ടം റോഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ താവം പള്ളിക്കരയിലെ ലീലാലയത്തിൽ ഇ. നികേഷ് (48) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം അമ്മ സരോജിനിക്കൊപ്പം പുന്നച്ചേരിയിലെ ബാങ്കിലേക്ക് ഓട്ടോയുമായി വന്നതായിരുന്നു. അമ്മ ബാങ്കിലേക്ക് പോയപ്പോൾ ഓട്ടോയുമായി കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നികേഷ് കുഴഞ്ഞുവീഴുകയായിരുന്നു.
നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പരേതനായ ബാലകൃഷ്ണൻ-സരോജിനി ദന്പതികളുടെ മകനാണ്. ഭാര്യ: മീറ. മകൻ: ആഷ്മിത്ത് (വിദ്യാർഥി). സഹോദരങ്ങൾ: അനിൽകുമാർ, രാജേഷ്.
Kerala
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് നരിയിൽ ശിവപ്രസാദ് (62) ആണ് മരിച്ചത്.
മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ശിവപ്രസാദ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.
പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജിഎസ് ഭവനിൽ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി.എസ്. സന്തോഷ് (42) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് സന്തോഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സ നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിഴിഞ്ഞം പോലീസ് സ്റ്റേഷന് എതിർവശത്ത് റെഡിമെയ്ഡ് വസ്ത്രശാല നടത്തിവരുകയായിരുന്നു. ഭാര്യ: വിന്ദ്യ. മകൾ: ധ്വനി.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടത്തും. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.
District News
കുണ്ടറ : ജിം ട്രെയിനർ വാഹനാപകടത്തിൽ മരിച്ചു. കുണ്ടറ അമ്പിപൊയ്ക ഞാലിയോട് ചരുവിള പുത്തൻവീട്ടിൽ അക്ഷയ് അശോക് (27) ആണ് മരിച്ചത്.
എൽറെ ജിമ്മിലെ ട്രെയിനറായിരുന്നു. കരിക്കോട് സിയാറത്തുംമൂട് പള്ളിക്ക് സമീപം ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. കെ. അശോകന്റെയും ബി. ജയമോളുടെയും മകനാണ്. സഹോദരൻ അജയ്.
International
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ഹാർബറിൽ വച്ച് സ്രാവിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. നിക്കോ ആന്റിക്ക് എന്ന 12 വയസുകാരനാണ് മരിച്ചത്.
ഞായറാഴ്ച സിഡ്നി ഹാർബറിൽ വച്ച് പാറകളിൽ നിന്ന് ചാടുന്നതിനിടെയാണ് നിക്കോയെ സ്രവ് ആക്രമിച്ചത്. രണ്ട് കാലുകൾക്കും പരിക്കേറ്റ കുട്ടിയെ കുടെയുണ്ടായിരുന്ന സുഹൃത്തുകൾ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് നിക്കോ മരിച്ചത്
സ്രാവ് ആക്രമണങ്ങളെ തുടർന്ന് സിഡ്നിയിലെ ബീച്ചുകളിലെയ്ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെയുണ്ടായ നാല് ആക്രമണങ്ങളെ തുടർന്നാണ് ബീച്ചുകൾ അടച്ചിട്ടത്.
District News
തേഞ്ഞിപ്പലം: കൊണ്ടോട്ടി കരുവാങ്കല്ല് മുല്ലപ്പടിക്ക് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥി കൂടി മരിച്ചു. കഴിഞ്ഞ ഒക്ടോബർ 27 ന് ലോറിയിൽ താർ ജീപ്പ് ഇടിച്ചു കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുത്തൂർ പള്ളിക്കൽ കോഴിശേരിമാട് വീട്ടിൽ ആദർശ് (17) ആണ് മരിച്ചത്.
പുത്തൂർ പള്ളിക്കൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. അപകടത്തിൽ തലയ്ക്കും കാലിലും ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഇന്നലെ പുലർച്ചെയായിരുന്നു മരണം. അപകട ദിവസം കരിപ്പൂർ എയർപോർട്ട് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ ധനഞ്ജയൻ (16) മരിച്ചിരുന്നു.മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്.
National
ഇംഫാൽ: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ 20 വയസുകാരി മരിച്ചു. പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന യുവതി.
2023 മെയ് മാസത്തിലായിരുന്നു സംഭവം. മണിപ്പൂരിൽ കലാപത്തിനിടെ നിരവധി പെൺകുട്ടികളാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. രണ്ട് പെൺകുട്ടികൾ അപമാനിതരായി ആൾക്കൂട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇംഫാലിൽ നടന്ന മറ്റൊരു സംഭവത്തിലാണ് 20 വയസുകാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. മെയ്തി തീവ്രവിഭാഗത്തിൽപെട്ട നാല് പേരുടെ സംഘമാണ് കുന്നിൻമുകളിലേയ്ക്ക് പെൺകുട്ടിയെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ചത്.
അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തിലേയ്ക്ക് എത്തിയത്.
പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കൊഹിമയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മാനസികാഘാതത്തിൽ നിന്ന് മോചിതയായിരുന്നില്ല. ശരീരത്തിൽ ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു.
പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല.
District News
ചെറുതോണി: പടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു. കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി മേലേകുപ്പച്ചാംപടി കല്ലംമാക്കൽ നോബിൾ തോമസാണ് ( 38) മരിച്ചത്.
സ്വന്തം ഏലത്തോട്ടത്തിലെ പടുതാക്കുളത്തിലെ കരിയിലകൾ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതിവീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ പറമ്പിലേക്കു പോയ നോബിളിനെ ഉച്ചയായിട്ടും കാണാതെവന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോൾ പടുതാക്കുളത്തിന്റെ കരയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഇടുക്കി ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
15 അടിയോളം ആഴമുണ്ട് പടുതാക്കുളത്തിന്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം പിന്നീട് സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സുബി .മക്കൾ: അയോണ, ദിയ
District News
മങ്കട: സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പി.ടി. ഷറഫുദ്ദീന്റെ ഭാര്യയും നിലവിൽ മങ്കട ഗ്രാമപഞ്ചായത്ത് അംഗവുമായ പൂന്തോട്ടത്തിൽ ചക്കുപറന്പിൽ നസീറ (40) വാഹനാപകടത്തിൽ മരിച്ചു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച നസീറ അടുത്ത ദിവസങ്ങളിലാണ് ഗ്രാമപഞ്ചായത്ത് അംഗമായി അധികാരമേറ്റെടുത്തത്.
ഇന്നലെ വൈകുന്നേരം കടന്നമണ്ണയിൽ ബസ് കാത്തുനിൽക്കുന്പോൾ പിക്കപ്പ് വാഹനം തട്ടിയാണ് ഗുരുതര പരിക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: ഇബ്ൻഷ, ഇഷ, ഇഹ്സാൻ. പിതാവ്: കുഞ്ഞാലി. മാതാവ്: കുഞ്ഞാത്തു. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ.
District News
വണ്ടിത്താവളം: ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എഴുത്താണി കേലുക്കുട്ടിയുടെ മകൻ ദിലിപ് കുമാർ(43) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പട്ടഞ്ചേരി വൈദ്യുതി ശ്മശാനത്തിൽ. അമ്മ: യശോദ. ഭാര്യ: ബിജുമോൾ. മക്കൾ: മോഹിനിഷ്, നേഹ. അപകടത്തിൽ ദിലീപിനൊപ്പം കാറിൽ സഞ്ചരിച്ച മറ്റൊരാളും മരിച്ചിട്ടുണ്ട്.
NRI
ന്യൂയോർക്ക്: യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊച്ചുമകളും പരിസ്ഥിതികാര്യ മാധ്യമപ്രവർത്തകയുമായ താത്യാന ഷ്ളോസ്ബെർഗ് (35) അന്തരിച്ചു. കാൻസർ രോഗബാധിതയായിരുന്നു.
കെന്നഡിയുടെ മകളും നയതന്ത്ര ഉദ്യോഗസ്ഥുമായിരുന്ന കരോളൈന്റെയും ഡിസൈനർ എഡ്വിൻ ഷ്ളോസ്ബെർഗിന്റെയും മകളാണ് താത്യാന.
കഴിഞ്ഞ മാർച്ചിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ താത്യാനയ്ക്ക് രക്താർബുദമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
രോഗം കടുത്തുവെന്ന് താത്യാന നവംബറിൽ അറിയിച്ചിരുന്നു.
District News
മട്ടന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഉളിയിൽ ആവിലാട് പുതിയ വീട്ടിൽ പി.വി. മീനാക്ഷിയാണ് (71) മരിച്ചത്.
ഇക്കഴിഞ്ഞ 15ന് വൈകുന്നേരം മട്ടന്നൂർ വിമാനത്താവള റോഡിൽ കല്ലേരിക്കരയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ റോഡരികിലെ സംരക്ഷണ കുറ്റിയിൽ ഇടിച്ചായിരുന്നു അപകടം. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ഇന്നലെ രാവിലെയാണ് മരിച്ചത്. ഭർത്താവ്: പരേതനായ പി.വി. അനന്തൻ. മക്കൾ: സുമ, ബിജു, ഷാജി. മരുമക്കൾ: ഹരീന്ദ്രൻ (അഞ്ചരക്കണ്ടി), ബീന (മയ്യിൽ), രമ്യ (അഞ്ചരക്കണ്ടി).
District News
കയ്പമംഗലം/തൃപ്രയാർ: ദേശീയപാതയിൽ എടമുട്ടം പാലപ്പെട്ടിയിൽ പെട്ടിഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശി കറുകപ്പറമ്പിൽ ബാലന്റെ മകൻ സന്തോഷ് (58) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി ഏഴരയോടെ സഹറാസ് ഓഡിറ്റോറിയത്തിനു മുന്നിലായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന പെട്ടിഓട്ടോ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സന്തോഷിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് നാട്ടിക പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭാര്യ: സുനന്ദിനി. മക്കൾ: സംഗീത് (യുകെ), സഞ്ജയ്.
District News
കയ്പമംഗലം: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. കയ്പമംഗലം പഞ്ഞമ്പള്ളി ബാലവാടിക്കു സമീപം തോട്ടുങ്ങൽ ഗംഗാധരൻ മകൻ ദാസൻ(62) ആണ് മരിച്ചത്.
നാലു മാസങ്ങൾക്ക് മുൻപ് റോഡ് അരികിലൂടെ നടന്നു പോകുകയായിരുന്ന ദാസനെ കാർ ഇടിക്കുകയായിരുന്നു. കൂരിക്കുഴി പഞ്ഞമ്പള്ളി സെന്ററിനു തെക്കു ഭാഗത്ത് വച്ചായിരുന്നു അപകടം. സംസ്കാരം നടത്തി. ഭാര്യ: ബേബി. മക്കൾ: നിഖിൽ, നീതു.
Kerala
തിരുവനന്തപുരം: പാലോട് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. പാലോട് പെരിങ്ങമ്മല ദൈവപ്പുര സ്വദേശി വിൽസൺ ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ഉച്ചയോടെ ആടിന് തീറ്റയ്ക്കായി പോയ വിൽസനെ കാണാതെ വന്നതോടെ ആളുകൾ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്തിയത്. ഇഖ്ബാൽ കോളജിന് പിൻഭാഗത്തുള്ള സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആണ് വിൽസൺ. പോലീസ് സ്ഥലത്തെത്തി മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
District News
ഹരിപ്പാട്: സ്കൂട്ടറിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു. കരുവാറ്റ ശ്രീമംഗലത്ത് രാമസ്വാമി -ലീലമ്മാൾ ദമ്പതികളുടെ മകൻ ഹരികൃഷ്ണൻ (48) ആണ് മരിച്ചത്. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് രാത്രി 10ന് ദേശീയപാത 66ൽ കരുവാറ്റ ടിബി ജംഗ്ഷനു തെക്ക് ശക്തി ഹോട്ടലിന് സമീപത്ത് ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വെളുപ്പിനെ മരണപ്പെട്ടു. മൃതദേഹം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ശ്രീദേവി (വിദ്യാഭ്യാസ വകുപ്പ് അമ്പലപ്പുഴ) മകൻ: അരവിന്ദ്.
Kerala
തിരുവനന്തപുരം: ചെമ്പൂരിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമൽ (21), അഖിൽ (19) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലാണ് അപകടം നടന്നത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്കിലൂണ്ടായിരുന്ന രണ്ട് യുവാക്കളും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
District News
മംഗലപുരം: മത്സ്യബന്ധനത്തിനു പോകാനായി കടൽ തീരത്തുള്ള ഷെഡിൽ ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളി പാമ്പു കടിയേറ്റ് മരിച്ചു. വെട്ടുതുറ ചാന്നാങ്കര അർ ത്തി യിൽ പുരയിടത്തിൽ സേവ്യർ ലോപ്പസ് (55) ആണ് മരിച്ചത്.
പുലർച്ചെ 1.30 നാണ് സംഭവം. "തണൽ ' ഷെഡിൽ ഉറങ്ങിക്കിടക്കവേയായിരുന്നു പാമ്പുകടിയേറ്റത്. പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി തൊഴിലാളികൾ രാത്രി ഇവിടെയാണ് കിടക്കാറുള്ളത്.
കടലിൽ പോകാനുള്ള സമയമായപ്പോൾ തൊഴിലാളിൾ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും സേവ്യറിന് ബോധമില്ലായിരുന്നു. തുടർന്ന് തൊട്ടടുത്ത് വലയിൽ കുരുങ്ങിക്കിടക്കുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു. ചെറിയകോണി സ്വദേശി വിജയകുമാരൻ നായർ (59)ആണ് മരിച്ചത്.
തെരഞ്ഞെടുപ്പിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലാണ് വിജയകുമാരൻ നായർ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയോടെ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു. ഇത് മകൻ കണ്ടതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മണമ്പൂരിൽ വിജയിച്ചത് ബിജെപി സ്ഥാനാർഥിയാണ്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
District News
നന്തി ബസാർ: തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ കുഴഞ്ഞ് വീണ ലീഗ് പ്രവർത്തകൻ മരിച്ചു. മുത്തായം കുഞ്ഞായൻ കുട്ടി (അജബ്-76) ആണ് മരിച്ചത്.
മുത്തായം ജുമ മസ്ജിദ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ വോട്ടർമാരെ വാഹനത്തിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണമടയുകയായിരുന്നു.
ഭാര്യ: നബീസ. മക്കൾ: ഷാഹിദ, റസിയ, ജമാൽ മുത്തായം (കെഎംസിസി കുവൈറ്റ്), തസ്നി (കൊയിലാണ്ടി നഗരസഭ യുഡിഎഫ് സ്ഥാനാർഥി), നംസാർ (കുവൈറ്റ്). മരുമക്കൾ: മുഹമ്മദലി (കിനാലൂർ), അക്ബർ (കാപ്പാട്), സമീർ (കൊല്ലം), സാജിദ (നന്തി), റജുല (കൂരാച്ചുണ്ട്).
District News
മയ്യിൽ: തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മയ്യിൽ ഒറവയലിലെ നെക്കോത്ത് മഞ്ചക്കണ്ടി ചന്ദ്രന് (58) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ തെങ്ങുകയറ്റ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കെ.പി. ശ്യാമള.
മക്കള്‍: ശരത് (ആര്‍മി), ഷമല്‍. മരുമക്കള്‍: ധന്യ (തലമുണ്ട), ആതിര (കണ്ണൂര്‍). സഹോദരങ്ങള്‍: ജാനകി (വള്ളിയോട്ട്), യശോദ (കാവിന്മൂല), രാഘവന് (ഓട്ടോ ഡ്രൈവര്‍, മയ്യിൽ), കരുണാകരന്, വിജയന് ( ഒറവയല്‍).
Kerala
ആലപ്പുഴ: കെഎസ്ആർടിസി ബസ് കയറി യുവതി മരിച്ചു. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന(24) ആണ് മരിച്ചത്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ രാത്രി 8.30ഓടെയാണ് അപകടം ഉണ്ടായത്. മെറീന സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഭർത്താവും ഒപ്പം ഉണ്ടായിരുന്നു.
എറണാകുളത്ത് ജോലി ചെയ്തിരുന്ന മെറീന ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി എത്തിയതാണ്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഷാനോ കെ. ശാന്തനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
District News
വൈപ്പിൻ: വോട്ട് ചെയ്ത് വീട്ടിലെത്തിയ മുൻ ജിംനേഷ്യം താരം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ജിംനേഷ്യം രംഗത്ത് വൈപ്പിൻ രാജൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫോർട്ട് വൈപ്പിൻ പൊള്ളായി പറമ്പിൽ വീട്ടിൽ ആബേൽ ആന്റണി റോബർട്ട് (85) ആണ് മരിച്ചത്. 1961 ൽ ശരീര സൗന്ദര്യ മത്സരത്തിൽ കേരള ശ്രീ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും വീടിനോട് ചേർന്ന സെന്ററിൽ യുവാക്കൾക്ക് സൗജന്യമായി ജിം പരിശീലനം നല്കുന്ന ഇദ്ദേഹത്തിന് 5000ത്തിൽ പരം ശിഷ്യരാണുള്ളത്. ഹിന്ദി നടൻ വിനോദ് ഖന്നക്കൊപ്പം മേം സാബ് എന്ന ഹിന്ദി ചിത്രത്തിൽ വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമണി. മക്കൾ: അഭിലാഷ്, സംതൃപ്ത്, സംഷദ്, ആദർശ്. മരുമക്കൾ: ജിനു, മിഷ, ജോയ്സി, അമല.
Kerala
വാല്യക്കോട് : തെരഞ്ഞെടുപ്പ് പ്രകടനത്തിനിടെ സിപിഎം പ്രവര്ത്തകന് കുഴഞ്ഞു വീണ് മരിച്ചു.
വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗം നാഗത്ത് മൊയ്തി ഹാജി (80) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം എല്‍ഡിഎഫ് നൊച്ചാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിന്റെ വാല്യക്കോട് നടന്ന പ്രകടനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാട്ടര്‍ അതോറിറ്റി റിട്ട. ജീവനക്കാരനാണ് മൊയ്തി ഹാജി. പുരോഗമന കലാ സാഹിത്യ സംഘം, കല്പത്തൂര് ഇഎംഎസ് പഠനകേന്ദ്രം എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്.
ഭാര്യ: കദീശ. മക്കള്‍: സുബൈദ (തിക്കോടി), സക്കീന (പെരുമാള്‍പുരം), ഫൈസല്‍ (സിവില്‍ എന്‍ജിനീയര്‍). മരുമക്കള്‍: ലത്തീഫ് (പെരുമാള്‍പുരം), സഫീന (പള്ളിക്കര), പരേതനായ അബൂബക്കര്‍ (തിക്കോടി).
NRI
ബെര്‍ലിന്‍: വിമാന യാത്രയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യാത്രക്കാരന് മരിച്ചു. ഗ്രാന്‍ കാനറിയയില്‍ നിന്ന് ഹാംബുര്‍ഗിലേക്കുള്ള യൂറോവിംഗ്സ് എ 320 വിമാനത്തില്‍ വച്ചാണ് യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് ബില്‍ബാവോയില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയെങ്കിലും യാത്രക്കാരനെ രക്ഷപ്പെടുത്താനായില്ല. നേരത്തെ, വിമാനത്തിൽ വച്ച് ജീവനക്കാർ അടിയന്തര വൈദ്യസഹായം നൽകിയിരുന്നു.
മരിച്ച വ്യക്തിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി യൂറോവിംഗ്സ് അധികൃതർ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. തെലുങ്കാനയിലെ ജങ്കാവ് ജില്ലയിൽ നിന്നുള്ള സഹജ റെഡ്ഡി ഉദുമല(24) ആണ് മരിച്ചത്.
ന്യൂയോർക്കിലെ അൽബാനിയയിലെ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സഹജയുടെ മുറിയിലേക്കും തീ പടരുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന സഹജയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല.
National
ഹൈദരാബാദ്: അമേരിക്കയിലെ ന്യൂയോർക്കിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ തെലുങ്കാന സ്വദേശിനിയായ സൈബർസുരക്ഷാ വിദഗ്ധ മരിച്ചു.
24 കാരിയായ സഹജ റെഡ്ഢി ഉദുമലയാണ് പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ 11 ഓടെയുണ്ടായ ദുരന്തത്തിൽ മരിച്ചത്. ജോലിക്കുശേഷം ആൽബനിയിലെ വീട്ടിൽ തിരിച്ചെത്തി ഉറങ്ങുന്നതിനിടെയാണു തീപിടിത്തമുണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റ സഹജയെ ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ കെട്ടിടത്തിലെ മറ്റു രണ്ട് താമസക്കാർക്ക് നിസാര പൊള്ളലേറ്റു. തെലുങ്കാനയിൽനിന്നുള്ള മറ്റ് ഏതാനും വിദ്യാർഥികളും ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്.
മൂന്നുവർഷം മുന്‍പാണ് സഹജ യുഎസിലെത്തിയത്. സൈബർസുരക്ഷയിൽ മാസ്റ്റർബിരുദത്തിനുശേഷം ഏതാനും മാസംമുന്‍പാണ് ജോലിയിൽ പ്രവേശിച്ചതെന്ന് അമ്മാവനും വിശാഖപട്ടണം ആർച്ച്ബിഷപ്പുമായ ഉദുമല ബാല ഷോറെഡ്ഢി പറഞ്ഞു. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
National
അമരാവതി: വിവാഹത്തിന് പിന്നാലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾ ജീവനൊടുക്കി. ചിന്നരമ്മുഡുവിന്റെ മകൾ മാധുരി സാഹിതിഭായി (27)യെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി തഡേപള്ളിയിലെ വസതിയിലെ ശുചിമുറിയിലാണ് മാധുരി സാഹിതിഭായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സംഭവം.
2025 മാർച്ചിൽ നന്ദ്യാൽ ജില്ലയിലെ ബെതാൻചെർല മണ്ഡലത്തിലെ ബുഗ്ഗനപ്പള്ളി തണ്ടയിലെ രാജേഷ് നായിഡുവുമായി മാധുരിയുടെ വിവാഹം നടന്നിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് മാധുരി മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ലോക്കൽ പോലീസിന്റെ സഹായത്തോടെ, രണ്ട് മാസം മുമ്പ് മാധുരിയെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.
ജോലിയുണ്ടെന്ന് പറഞ്ഞ് രാജേഷ് മകളെ വഞ്ചിച്ചുവെന്നും മഹാനന്ദിയിൽ രജിസ്റ്റർ വിവാഹം നടത്തണമെന്ന് നിർബന്ധിച്ചുവന്നും ചിന്നാരമ്മുഡു മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് രാജേഷ് മകളെ പീഡിപ്പിക്കുകയും അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
അമ്മ ലക്ഷ്മിഭായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മംഗളഗിരി എയിംസിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
അഹമ്മദാബാദ്: ഗുജറാത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ സ്വദേശി അദ്വൈത് ആണ് മരിച്ചത്.
സൂറത്തിലാണ് സംഭവം. ഞായറാഴ്ചയാണ് അദ്വൈത് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണംസംഭവിച്ചത്.
അദ്വൈതിന് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. എന്നാൽ കൃത്യമായി ചികിത്സ നൽകിയെന്നാണ് പോലീസ് വാദം.
സൂറത്തിലെ സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എസ്വിഎൻഐടി) മൂന്നാം വർഷ ബി ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ അദ്വൈത് ഞായറാഴ്ച രാത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആൺകുട്ടികളുടെ ഭാഭ ഭവൻ ഹോസ്റ്റലിലായിരുന്നു അദ്വൈത് താമസിച്ചിരുന്നത്.
രാത്രി 10:30 നും 11:00 നും ഇടയിലാണ് സംഭവം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഭാഭ ഭവൻ ഹോസ്റ്റലിലെ അഞ്ചാം നിലയിലുള്ള എച്ച് ബ്ലോക്കിലെ 222-ാം നമ്പർ മുറിയിലാണ് അദ്വൈത് താമസിച്ചിരുന്നത്.
കാമ്പസ് കാന്റീന് സമീപം ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും അത് കൃത്യസമയത്ത് എത്തിയിരുന്നില്ലെന്നും സംഭവം നടന്ന് ഏകദേശം 30 മിനിട്ട് കഴിഞ്ഞാണ് ആംബുലൻസ് എത്തിയതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ, വിദ്യാർഥികൾ തന്നെ ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. അദ്വൈതിന്റെ നില ഗുരുതരമായിരുന്നിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
അദ്വൈതിനെ സൂറത്തിലെ പിപ്ലോഡ് പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ നടപടിക്രമങ്ങളുമായി ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാർ ചികിത്സ വൈകിപ്പിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു.
അതേസമയം, കഴിഞ്ഞ നാലു മാസങ്ങളായി അദ്വൈത് ക്ലാസിൽ വരുകയോ പരീക്ഷ എഴുതുകയോ ചെയ്തിരുന്നില്ലെന്ന് മധ്യപ്രദേശ് സ്വദേശിയായ സഹപാഠി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കോളജ് അധികൃതർ ഇടപെടുകയോ ഇതേക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് വിദ്യാർഥികൾ കൂട്ടിച്ചേർത്തു.
അദ്വൈതിന്റെ മാതാപിതാക്കൾ ഒമാനിലാണ്. മകന്റെ മരണവാർത്ത അറിഞ്ഞ ഇവർ സൂറത്തിൽ എത്തിയിട്ടുണ്ട്.
Kerala
തൃശുർ: തൃശൂരിൽ പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എളവൂർ സ്വദേശി കൃഷ്ണൻ (30) ആണ് മരിച്ചത്.
ചാലക്കുടി പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അന്നനാട് ആറങ്ങാലി കടവിലാണ് അപകടം ഉണ്ടായത്.
അമ്മയുടെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു കൃഷ്ണൻ. ബന്ധുവായ കുട്ടി പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണൻ അപകടത്തിൽപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകാത്തതിന് മാതാപിതാക്കളെ സ്ഥിരം ആക്രമിക്കുന്ന മകൻ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ വാശിയെ തുടർന്ന് വീട്ടുകാർ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തർക്കിച്ചത്.
പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരിൽ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിൽ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്കരിച്ചു.
വിനയാനന്ദനെ വഞ്ചിയൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം.
ബംഗളൂരുവിൽ കാറ്ററിംഗ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. അമ്മ: അനുപമ. ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് ഇക്കാര്യം വീട്ടുകാർ പുറത്തറിയിക്കുകയോ മതിയായ ചികിത്സ നൽകുകയോ ചെയ്തില്ലെന്നാണ് സൂചന
Kerala
കണ്ണൂര്‍: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധികയ്ക്ക് ദാരുണാന്ത്യം. കുത്തുപറമ്പ് മെരുവമ്പായിയിൽ ഇന്ന് രാവിലെയാണ് സംഭവം.
മൂന്നാം പീടിക സ്വദേശി സരോജിനിയാണ് (64) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സരോജിനി കാടുവെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സരോജിനിയുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Kerala
ശ്രീനഗർ: ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാർ കെ. സജീഷ് ആണ് വീരമൃത്യു വരിച്ചത്.
പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണം. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ഭൗതിക ശരീരം ഞായറാഴ്ച നാട്ടിൽ എത്തിക്കും.
Kerala
ചെറുതോണി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേസ്കൂൾ വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് പരിക്കേറ്റു. സ്വകാര്യ സ്കൂളിലെ വിദ്യാർഥിനി ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. ഇനയ തെഹ്സിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സ്കൂൾ പരിസരത്ത് വച്ചാണ് അപകടമുണ്ടായത്. കുട്ടികളെ ഇറക്കിയ സ്കൂൾ ബസ് പിന്നോട്ട് എടുത്തപ്പോൾ ആയിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
National
ബംഗുളൂരു: പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് സാലുമരദ തിമ്മക്കയുടെ ജനനം. ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് തിമ്മക്ക വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു.
കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു. സാലുമരദ തിമ്മക്കയെ 2019ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
കുഡൂരിൽ നിന്ന് ഹുലിക്കലിലേക്കുള്ള സംസ്ഥാനപാതയിലാണ് തിമ്മക്കയും ഭർത്താവും ചേർന്ന് 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചത്. മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് തിമ്മക്കയും ഭർത്താവും താമസിച്ചിരുന്നത്. പത്മശ്രീക്ക് പുറമെ ഓണററി ഡോക്ടറേറ്റും മറ്റ് പുരസ്കാരങ്ങളും തിമ്മക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ യുവതിയുടെ മരണത്തിൽ കാമുകനെതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. ‘ഡയമണ്ട് ഗേൾ’ എന്ന പേരിലറിയപ്പെടുന്ന ഖുഷ്ബു അഹിർവാറിന്റെ (27) മരണത്തിലാണ് കാമുകനായ ഉജ്ജെയിൻ സ്വദേശി കാസിം ഹുസൈനെതിരെ പോലീസ് കേസെടുത്തത്.
ഖുഷ്ബുവിന്റെ മരണത്തിൽ പോലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കാമുകനെതിരെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ചൊവാഴ്ച രാത്രിയാണ് ഖുശ്ബു മരിച്ചത്. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാസിം അറസ്റ്റിലാവുകയായിരുന്നു.
ഖുഷ്ബു മരിക്കുമ്പോൾ ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഗർഭധാരണവുമായി ബന്ധപ്പെട്ട് സംഭവിച്ച ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. ഒന്നര വർഷം മുമ്പ് ഖുശ്ബു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഖുഷ്ബുവിന്റെ ശരീരത്തിൽ ചതവുകൾ കണ്ടെത്തിയതായും മരണത്തിന് മുമ്പ് അവർക്ക് മർദനമേറ്റിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. കാസിം മകളെ വഞ്ചിച്ചുവെന്നാണ് രക്ഷിതാക്കളുടെ മൊഴി. ഖുഷ്ബുവും കാസിമും ഒന്നര വർഷത്തിലേറെയായി ഭോപ്പാലിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. നഗരത്തിൽ ഒരു കഫേ നടത്തുകയാണ് കാസിം.
NRI
സ്റ്റാർക്ക് കൗണ്ടി (ഒഹായോ): കാന്റൺ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ ഡേവ് വോൾഗമോട്ട് (47) ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് കാന്റൺ പോലീസ് പിന്നീട് സ്ഥിരീകരിച്ച
ഡേവ് വോൾഗമോട്ട് 2006 ഓഗസ്റ്റ് 22നാണ് കാന്റൺ പോലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്നത്. 19 വർഷത്തിലേറെയായി അദ്ദേഹം ഞങ്ങളുടെ ടീമിന്റെ സമർപ്പിത അംഗമായിരുന്നുവെന്ന് കാന്റൺ പോലീസ് വിശേഷിപ്പിച്ചു.
ഓഫിസർ ഡേവ് വോൾഗമോട്ടിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സേന അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യാർലഗദ്ദ(23) ആണ് മരിച്ചത്.
നവംബർ ഏഴിന് ടെക്സസിലെ താമസസ്ഥലത്താണ് രാജ്യലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെക്സസ് എ&എം യൂണിവേഴ്സിറ്റി-കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദ പഠനം പൂർത്തിയാക്കിയ ഇവർ ജോലി തേടുകയായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ച് വേദനയുമുണ്ടായിരുന്നുവെന്ന് ബന്ധു ചൈതന്യ വൈവികെ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താൻ കൃത്യമായി കണ്ടെത്താൻ കഴിയു.
Kerala
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കോഴിക്കോട് കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ചൂരണി പ്രദേശത്തെ കൃഷിത്തോട്ടത്തിൽ മണ്ണ് കിളക്കുന്നതിനിടയിൽ അണലിയുടെ കടിയേൽക്കുകയായിരുന്നു.
സഹതൊഴിലാളികൾ ആദ്യം പ്രദേശത്തെ വിഷവൈദ്യനെ കാണിക്കുകയും പിന്നീട്, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രാഥമിക ചികിത്സകൾക്കു ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാത്രിയിൽ മരിച്ചു.
ഭർത്താവ്: ചാത്തു. മക്കൾ: ബിജു, ബിനു, ബിജില. മരുമക്കൾ: ബിന്ധിക, സജേഷ്. സഹോദരങ്ങൾ: മാതു, ജാനു, റീജ, ചന്ദ്രി, അശോകൻ, ചന്ദ്രൻ, ബാലൻ.
Kerala
പാലക്കാട്: ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ പാലാമ്പട്ടയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന് ദില്‍ജിത്ത് (17) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ദില്‍ജിത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
Kerala
കണ്ണൂര്‍: മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. തോട്ടട വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം സാരഥിയില്‍ എന്‍.എം. രതീന്ദ്രനാണ് (80) മരിച്ചത്.
തിങ്കളാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ ഗസ്റ്റ് ഹൗസിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രതീന്ദ്രനെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീം എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചികിത്സയിലിരിക്കെയാണ് മരണം. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നു ആളായിരുന്നു രതീന്ദ്രന്‍. ചൊവ്വ സഹകരണ സ്പിന്നിംഗ് മില്‍ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ ജില്ലാ ആശുപത്രിയില്‍ മുഖ്യമന്ത്രി, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരെത്തി അനുശോചനം രേഖപ്പെടുത്തി.
Kerala
നെയ്യാറ്റിൻകര: കുടുംബ പ്രശ്നങ്ങളെ തുടർന്ന് 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു.
പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ചു കിടക്കുകയായിരുന്നു.
അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷേയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പോലീസ് വിശദീകരിച്ചു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമതു ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
National
ജയ്പുര്‍: രാജസ്ഥാനില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് ചാടി മരിച്ചു. ജയ്പുരിലെ നീരജ മോദി സ്കൂളിലെ വിദ്യാര്‍ഥിനിയായ അമൈറയാണ് (ഒൻപത്) മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്. പെണ്‍കുട്ടി കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില്‍ കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഏകദേശം 47 അടി ഉയരത്തില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം, വിവരമറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴേക്കും പെണ്‍കുട്ടി വീണ സ്ഥലം സ്കൂള്‍ അധികൃതര്‍ വൃത്തിയാക്കിയിരുന്നതായാണ് വിവരം. സ്ഥലത്ത് ചോരപ്പാടുകളോ മറ്റോ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
അമൈറയുടെ പിതാവ് സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ്. മാതാവ് ബാങ്ക് ജീവനക്കാരിയും. ഇവരുടെ ഏകമകളാണ് ഒന്‍പതുവയസുകാരിയായ അമൈറ.
Kerala
അങ്കമാലി: മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി കോക്കൻ മിസ്ത്രി (36) ആണ് മരിച്ചത്.
മ്യതദേഹം മൂക്കന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മുക്കന്നൂരിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
National
മുംബൈ: ബോളിവുഡ് നടന് അസ്രാനി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1940 ജനുവരി ഒന്നിന് ജയ്പൂരിലെ ഒരു മധ്യവര്‍ഗ സിന്ധി കുടുംബത്തിലാണ് അസ്രാനി ജനിച്ചത്. സെന്റ് സേവ്യേഴ്സ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ജയ്പൂരിലെ രാജസ്ഥാന് കോളജില്‍ നിന്ന് ബിരുദം നേടി.
പഠനച്ചെലവുകള്‍ക്കായി ജയ്പൂരിലെ ഓള് ഇന്ത്യ റേഡിയോയില്‍ അദ്ദേഹം വോയിസ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നു.1960 മുതല്‍ 1962 വരെ സാഹിത്യ കല്‍ഭായ് താക്കറില്‍ നിന്ന് അസ്രാനി അഭിനയം പഠിച്ചു, പിന്നീട് 1964-ല്‍ പുനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു.
1967ല്‍ പുറത്തിറങ്ങിയ ഹരേ കാഞ്ച് കി ചൂടിയാം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ഷോലെ എന്ന സിനിമയിലെ ജയിലറുടേതാണ്. ഭൂല്‍ ഭുലയ്യ, ധമാല്‍, ബണ്ടി ഔര്‍ ബബ്ലി 2, ആര്... രാജ്കുമാര് എന്നീ പുതിയകാല ഹിറ്റ് സിനിമകളിലും, കൂടാതെ ഓള് ദി ബെസ്റ്റ്, വെല്‍ക്കം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ഹിന്ദി സിനിമകള്‍ക്ക് പുറമെ, 1972 മുതല്‍ 1984 വരെ പ്രധാന വേഷങ്ങളിലും 1985 മുതല്‍ 2012 വരെ സ്വഭാവ നടനായും അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി തടവുകാരൻ മരിച്ചു. എറണാകുളം സ്വദേശി വർഗീസ് (42) ആണ് മരിച്ചത്.
മധുരയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് വരിചിയൂർ സെൽവത്തിന്റെ സഹായി ആയിരുന്നു വർഗീസ്. കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം ദിണ്ടിഗൽ നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത വർഗീസിനെ വ്യാഴാഴ്ച ആണ് ദിണ്ടിഗൽ ജില്ലാ ജയിലിൽ അടച്ചത്.
ജയിലിൽ കുഴഞ്ഞുവീണ വർഗീസിനെ ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. ദിണ്ടിഗൽ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Kerala
തിരുവനന്തപുരം: ഡ്രില്ലിംഗ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരൻ മരിച്ചു. ധ്രുവ് ആണ് മരിച്ചത്. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു സംഭവം.
ധ്രുവിന്റെ വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായാണ് ഡ്രില്ലിംഗ് മെഷീൻ കൊണ്ടുവന്നത്.
ഇത് കുട്ടി ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്.
രാവിലെ അടുക്കളയിൽ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം പാചകവാതകം ചോർന്നതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത. വീട്ടിൽ മക്കളും സുനിതയും മാത്രമാണ് താമസം. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Kerala
തൃശൂര്‍: അണലിയുടെ കടിയേറ്റ് ആറ് വയസുകാരി മരിച്ചു. വാടാനപ്പള്ളി ഇടശേരി സിഎസ്എം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകള്‍ അനാമിക ആണ് മരിച്ചത്.
അണലി പാമ്പ് കടിച്ചതാണെന്ന് തിരിച്ചറിയാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിൽ പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വൈകിയിരുന്നു.
ഇവര്‍ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ടായിരുന്നു. ബുധനാഴ്ച കുട്ടിക്ക് കാല് വേദനയും തളര്‍ച്ചയും നേരിട്ടിരുന്നു. അന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവന്നു.
വ്യാഴാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി. രണ്ടു തവണയും പാമ്പ് കടിച്ചതിന്റെ അടയാളം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കുട്ടിയുടെ നില മോശമായതിനാൽ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കുന്നത്.
എന്നാൽ അപ്പോഴേക്കും പാമ്പിന്റെ വിഷം ശരീരത്തിനുള്ളില്‍ വ്യാപിച്ചിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ വൃക്കയുടെ പ്രവര്‍ത്തനം അപ്പോഴേക്കും നിലച്ചു. ഇതിന് പിന്നാലെ മരണം സംഭവിച്ചു.
National
സിംഗപ്പൂർ: ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന് (53) ദാരുണാന്ത്യം. സിംഗപ്പൂരിൽവച്ച് സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തെ തുടർന്നായിരുന്നു അന്ത്യം. സുബിൻ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായാണ് സിംഗപ്പൂരിലെത്തിയത്.
2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത്. ആസാം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളില്‍ സുബിൻ പാടിയിട്ടുണ്ട്. നിരവധി ആസാമീസ് നാടോടി ഗാന ആൽബങ്ങളും സുബീന്റേതായുണ്ട്.
സ്കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു.