"എംറ്റി സ്‌പെയ്‌സ്; ബാഷ്‌പീകൃതയുടെ ആറാംവിരൽ' പുസ്തകം വരുന്നുവെന്നറിഞ്ഞപ്പോൾത്തന്നെ വായിക്കണം എന്നുറപ്പിച്ചിരുന്നു. മറ്റൊന്നുംകൊണ്ടല്ല, എം.ടി.യുടെ ആദ്യഭാര്യ പ്രമീളാനായരെ സംബന്ധിച്ചതായതുകൊണ്ടുതന്നെ. ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് എം.ടി. എം.ടി. മാത്രമല്ല, വാല്മീകിയും വ്യാസനും തുടങ്ങി എന്നെപ്പോലെ അതിസാധാരണക്കാരനായ വായനക്കാരനു പരിചിതരായ എഴുത്തുകാരുടെ മാത്രമല്ല, അവരെക്കുറിച്ചുള്ള രചനകളും വായിക്കാനും ഔത്സുക്യം കൂടുതലുണ്ട്. വ്യാസൻ രചിച്ച മഹാഭാരതം വായിച്ചപ്പോൾ പുലർത്തിയ ഗൗരവം, കുഞ്ഞിക്കുട്ടൻ തമ്പുരാന്‍റെ ഭാഷാഭാരതം വായിച്ചപ്പോഴും കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം, രണ്ടാമൂഴം, യയാതി, കർണൻ തുടങ്ങി ശകുനിയെ വരെ നായകനാക്കി പലരും ആധ്യാത്മിക മാസികകളിൽവരെ എഴുതിയത് വായിച്ചപ്പോഴും പുലർത്താൻ സാധിച്ചിട്ടുണ്ട്. അതു വ്യാസൻ എന്ന എഴുത്തുകാരനെ പ്രീതിപ്പെടുത്താനോ, വിധേയത്വംപുലർത്താനോ, സ്വാധീനശക്തി കണ്ടിട്ടോ അല്ലല്ലോ.
വാൽമീകി എന്ന പേര് കേൾക്കുമ്പോഴേക്കും "അറിയോ? അയാളേ പണ്ടു കാട്ടാളനായിരുന്നു. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു സന്യാസത്തിനുപോയവനാ, അയാളുടെയുള്ളിലെ ആണധികാരം രചനയിലുമുണ്ട്’ എന്നൊക്കെ പുളിച്ചുതികട്ടാറുമില്ല. ഇവരുടെയൊക്കെ കൃതികൾ വായിക്കുന്നു. ഇഷ്ടപ്പെട്ടാൽ നന്ന്. ഇല്ലെങ്കിൽ നഷ്ടമായ പണത്തെയോർത്തു സ്വയം പഴിക്കുന്നു.
സാമൂഹികവിരുദ്ധമായ പ്രവൃത്തികൾ ഉണ്ടാകാത്തിടത്തോളം കലാകാരന്‍റെ കലാസൃഷ്ടിയെക്കുറിച്ചു മാത്രമേ ആലോചിക്കാറുള്ളൂ. അല്ലെങ്കിൽ സാമൂഹത്തിനു മുന്നിൽവയ്ക്കുന്ന അവരുടെ നിലപാടിൽ അതൃപ്തിയുണ്ടെകിൽ അനുസൃതമായ മറുപടി അറിയിക്കാം. അതിലുപരി ഇടപെടേണ്ട വ്യക്തിപരമായ അടുപ്പം ഇവരോടൊന്നുമില്ലെങ്കിൽ. അതുകൊണ്ടല്ലാംതന്നെ പ്രമീളാനായരെക്കുറിച്ച് ദീദിയും എച്മുക്കുട്ടിയും രചിച്ച പുസ്തകം വാങ്ങിയതിനു പ്രധാന കാരണം അവർ എം.ടി.യുടെ ആദ്യ ഭാര്യ ആയതുകൊണ്ടുതന്നെയാണ്. അതുതന്നെയാണല്ലോ ഈ പുസ്തകത്തിന്‍റെ മൂല്യവും.
ഈ ലോകത്തുള്ള 195 രാഷ്‌ട്രങ്ങളിൽ, ഏഷ്യ ഭൂഖണ്ഡത്തിൽ, ഇന്ത്യാ രാജ്യത്തിൽ, കേരളത്തിൽ, കോഴിക്കോട് എത്ര ആണുങ്ങൾ നിസാര കാര്യങ്ങൾക്കു ഭാര്യയെ പീഡിപ്പിക്കുന്നു? ഉപേക്ഷിക്കുന്നു ? അവരുടെയെല്ലാം പുസ്തകംപോയിട്ട് എണ്ണമെങ്കിലും കണക്കാക്കാൻ എച്മുക്കുട്ടി, പ്രധാനമായി ദീദി ശ്രമിച്ചിട്ടുണ്ടോയെന്നറിയില്ല. അപ്പോ കാരണം എം.ടി.യാകുന്നു.
വിവാദങ്ങൾ
പുസ്തകത്തിലേക്കുള്ള വേഗം കൂട്ടിയത് വിവാദങ്ങൾതന്നെ. അച്ഛനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന അശ്വതിയുടെയും സിതാരയുടെയും ഫേസ്ബുക് പോസ്റ്റ്, കുടുംബത്തിന്‍റെ അനുവാദമില്ലെന്നത്, വീട്ടിലെ കുട്ടികൾക്കു ഭാവിയിലുണ്ടാകാവുന്ന വേദനയെക്കുറിച്ചു മാധ്യമങ്ങൾക്കു മുന്നിലുള്ള അശ്വതിയുടെ പ്രസ്താവങ്ങൾ. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട എല്ലാ സൃഷ്ടിയോടും പൊതുവിൽ ഏതു കുടുംബവും പുലർത്തുന്ന മനോഭാവം. പക്ഷെ, എന്നെ ആകർഷിച്ചത് ദീദിയുടെ മറുപടികളാണ്. അനുവാദം ആവശ്യമില്ലെന്നും എം.ടി.യെക്കുറിച്ചില്ല, പ്രമീളാനായരെക്കുറിച്ചാണ് പുസ്തകമെന്നതും. ആ മറുപടിയിലുള്ള കുസൃതിയും ആത്മവിശ്വാസവും ‘എംറ്റി സ്പെയ്‌സ്’ എന്ന പേരും തലക്കെട്ടിന്‍റെ രൂപകൽപനയും അദ്ഭുതസൃഷ്ടിയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചു.
എംടി മയം
പുസ്തകമെടുത്തു, കടകവിരുദ്ധമാണ് രൂപകൽപന. ദീദിയുടെ ഒരു ഭാഗത്തും തലതിരിച്ചാൽ എച്മുക്കുട്ടിയുടെയും. ടി. ദാമോദരൻ എന്ന ത്രസിപ്പിച്ച എഴുത്തുകാരന്‍റെ മകൾ എന്ന വിലാസം ദീദി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ അധികപരിഗണന, അല്ലെങ്കിൽ അറിവുവച്ചു ദീദിയുടെ ഭാഗം വായിച്ചുതുടങ്ങി. ഉള്ളടക്കം വായിക്കുന്നവർക്കു വിടുന്നു. പക്ഷേ, ചില ചോദ്യങ്ങൾ ആദ്യംമുതലേ തലപൊക്കി. എം.ടി.യെക്കുറിച്ചു എഴുതിയിട്ടില്ല എന്ന അവകാശവാദത്തിനുത്തരം എം.ടി.യില്ലാത്ത ഒരു പേജോ, ഖണ്ഡികയോ കാണിച്ചുതരാമോ എന്നാണ്. പ്രമീളാനായരുടെ പേരിലാണ് പുസ്തകമെങ്കിലും അവരെക്കാൾ എത്രയോ ഇരട്ടി എം.ടി. ഇതിൽ തെളിഞ്ഞുനിൽക്കുന്നു. എം.ടി.യുടെ സ്വാധീനശക്തിയാൽ ഇല്ലാതാക്കപ്പെട്ടു എന്ന് ആവർത്തിക്കുന്നതല്ലാതെ പ്രമീളാനായരുടെ വ്യക്തിത്വം, പ്രതിഭ സ്ഥാപിക്കുന്നതിനുള്ള എന്ത് ശ്രമമാണ് ദീദി രചനയിലൂടെ നടത്തിയതെന്നു മനസിലാകുന്നില്ല. എം.ടി.യുടെ സംഹാരശക്തി മിക്കതും അദൃശ്യമാണുതാനും. അമ്മയുടെ സുഹൃത്ത്, മെന്‍റോർ, എന്നൊക്കെയുള്ള ചില വ്യക്തിബന്ധങ്ങൾ. ചിതിക്കിടക്കുന്നൊരു ചെറു ജീവചരിത്രം.

ഇടയ്ക്കിടെ കേട്ടത്
മറ്റു ചിലതു ദീദി അരക്കെട്ടുറപ്പിക്കുണ്ട്. ടി. ദാമോദരനോട് എം.ടി. ചെയ്ത തെറ്റിനോടുള്ള വൈരാഗ്യമല്ല ഈ പുസ്തമെന്നപോലുള്ള ഇടയ്ക്കിടെയുള്ള (സ്വയം ?) സാക്ഷ്യപ്പെടുത്തൽ, എം.ടി.യെ നല്ലതുപറയുന്നവരോടുള്ള കയർക്കൽ, എം.ടി.യുടെ സിനിമകളിലെ സ്ത്രീകളുടെ ദുർഗതി, കാൾ മാർക്സ് മുതൽ ഗാന്ധിയടക്കമുള്ളവരുടെ ഭാര്യമാരുടെ പേരു പറയാത്തവരോടുള്ള ഈർഷ്യ തുടങ്ങി ആണധികാരം, സ്ത്രീവിരുദ്ധത, ഫ്യൂഡലിസം, ഫാസിസം, തുടങ്ങി ആവശ്യംവേണ്ട ചേരുവകൾ യഥേഷ്ടം. പ്രമീളാനായരുടെ ചിത്രമെടുക്കാത്ത ഫോട്ടോഗ്രാഫർമാരോടുള്ള രോഷം മുതൽ, എം.ടി. വാസുദേവൻ പേരിനൊപ്പം നായർ എന്നു ചേർക്കുന്നതിനെവരെ വിസ്തരിച്ചുനോക്കിക്കാണുന്നു ദീദി. പ്രവർത്തിച്ച രണ്ടു പ്രസ്ഥാനങ്ങളിൽനിന്നും താനൊഴിവാക്കപ്പെട്ടതിന്‍റെ ഉത്തരവാദിത്വവും എം.ടി.ക്ക്, അല്ലെങ്കിൽ എം.ടി.യെപോലുള്ളവർക്ക് അതുമല്ലെങ്കിൽ എം.ടി.യെ അനുകൂലിക്കുന്നവർക്ക്. വിചിത്രം !
പദ്മരാജനും കിട്ടി
കഴിഞ്ഞില്ല, നടന്നടിക്കിടയിൽ പതിറ്റാണ്ടുകൾക്കുമുമ്പ് മരിച്ചു(രക്ഷപ്പെട്ട)പോയ പി. പദ്മരാജനും കിട്ടുന്നുണ്ട് ഊക്കനൊരടി, മൂർധാവിൽതന്നെ. 'ദേശാടനക്കിളികളെ കൊന്ന പദ്മരാജൻ' എന്നാണ് കുറ്റം. വിസ്തരിച്ചൊരധ്യായമാണ് ചാർജ് ഷീറ്റ്. ഇത്രയും വർഷങ്ങൾക്കുമുമ്പ് ദേശാടനക്കിളികൾ കരയാറില്ല എന്നൊരു പ്രമേയമെഴുതി ചലച്ചിത്രമാക്കിയ പത്മരാജനെ അഭിനന്ദിക്കുകയല്ല പകരം കുരിശിലേറ്റുന്നതെങ്ങനെയെന്ന് എത്ര ചിന്തിച്ചിട്ടും ബോധ്യം വരുന്നില്ല. കഥ, കഥാപാത്രങ്ങളുടെ പ്രായം, അവസ്ഥ ഇത്രയും പ്രാഥമികമായ കാര്യങ്ങൾപോലും ചിന്തിക്കാൻ ദീദിയെപ്പോലൊരാൾക്ക് സാധിക്കുന്നില്ല എന്നാണോ വിശ്വസിക്കേണ്ടത് ?
ഒരു ചോദ്യമേയുള്ളു, ഇത് ദീദിയുടെ ജീവിതാനുഭവമാണോ, അതോ പ്രമീളാനായരുടേയോ ? ഇങ്ങനെയൊന്ന് എം.ടി. യുള്ളപ്പോൾ പ്രസിദ്ധം ചെയ്യാഞ്ഞത് മന:പ്പൂർവമെന്നു തോന്നുന്നവരെല്ലാം പേരിനൊപ്പം ജാതിവാൽ ചേർക്കുന്നവരാകില്ല.
ലക്ഷ്യം എന്താണ്?
പുസ്തകം തലകീഴ്ക്കണാംപാടാക്കി വായന തുടങ്ങി, എച്ച്മുക്കുട്ടിയുടെ ഭാഷ്യം. വാസ്തവം പറയട്ടെ, ഭേദം നൂറിരട്ടി. അച്ഛന്‍റെയും അമ്മയുടെയും ആന്‍റിയുടെയുമൊന്നും പരിചയം പ്രമീളാനായരുമായി എച്ച്മുക്കുട്ടിക്കില്ല. അവരുടെ രചനകൾവായിച്ചു തുടങ്ങിയ ഇഷ്ടം, തുടരന്വേഷണങ്ങളിലൂടെ ഉടലെടുത്ത ആരാധന. സത്യസന്ധമായ ആവിഷ്കരണം. ടോൾസ്റ്റോയ്, ഡിക്കെൻസ്, ലിങ്കൺ തുടങ്ങിയവരുടെ ഭാര്യമാരെ സമീകരിക്കുന്നുണ്ടെങ്കിലും അതു സ്പഷ്ടമാക്കുന്നുണ്ട്. ആണധികാരത്തേക്കാൾ സ്ത്രീമനസ് കണ്ടെത്താനാണ് ശ്രമം.
സ്ത്രീവിരുദ്ധത തുടങ്ങിയ പതിവ് ആയുധങ്ങൾ പ്രയോഗിക്കുന്നത് ആക്രമണത്തേക്കാൾ പ്രതിരോധത്തിനാണെന്നതാശ്വാസം. ദീദിയെടുത്തതിനേക്കാൾ പകുതിയിൽത്താഴെ താളുകളെ എച്ച്മുക്കുട്ടിക്കുള്ളൂ. തന്‍റെ വാദങ്ങൾക്കിടയിൽ ഹ്രസ്വമെങ്കിലും ദീപ്തമായൊരു പരിവേഷം പ്രമീളാനായർക്കു നൽകാൻ എച്ച്മുക്കുട്ടിക്കായി.
പുസ്തകംകൊണ്ടു പ്രമീളാനായരാണോ, വാസുദേവൻ നായരാണോ തിരിച്ചറിയപ്പെടേണ്ടത് ? പ്രമീളാനായർക്കു സ്വീകാര്യതയാണോ അതോ എം.ടി.ക്കു അപകീർത്തിയാണോ ലക്ഷ്യമെന്നു ചോദിച്ചാൽ ഉത്തരംപറയാൻ ബാധ്യസ്ഥത പുസ്തകത്തിനു പിന്നിലുള്ളവർക്കുതന്നെയാണ്.
ഏതായാലും പ്രമീളാനായർ എന്ന എഴുത്തുകാരിക്ക്, അധ്യാപികയ്ക്ക്, അമ്മയ്ക്ക്, എം.ടിയുടെ ആദ്യ ഭാര്യയ്ക്കു ശ്രദ്ധാഞ്ജലി.
Tags : book review M. T. Vasudevan Nair writer Indian author screenplay writer filmmaker Indian literature Prameela Nair controversy defamation Empty space Deedi Damodaran Echmukutty