ആറളം ഫാം ബ്ലോക്ക് എട്ട് ഹെലിപ്പാഡ് ഭാഗത്തുനിന്ന് തുരത്തുന്ന ആനക്കൂട്ടം.
ഇരിട്ടി: ഓപ്പറേഷൻ ഗജമുക്തി രണ്ടാംഘട്ടത്തിൽ 10 ആനകളെ കാട്ടിലേക്ക് തുരത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെയും ആറളം ഫാമിലെയും ഉൾപ്പെടെ കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ഏറെ നേരത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് ദൗത്യം വിജയിച്ചത്.
കൊട്ടിയൂർ റേഞ്ചർ നിതിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ, ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 19 അംഗ ദൗത്യസംഘവും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് നിർണായകമായ ദൗത്യം പൂർത്തിയാക്കിയത്.
ആദ്യം ആറളം പുനരധിവാസ മേഖല ബ്ലോക്ക് ഏഴിലെ വയനാടൻ കാട് ഭാഗത്ത് തമ്പടിച്ചിരുന്ന ഒരു കൊമ്പനെ സംഘം ട്രാക്ക് ചെയ്തു. തുടർന്ന് കൊമ്പനാനയെ ബ്ലോക്ക് എട്ട് ഹെലിപ്പാഡ് ഭാഗത്തേക്ക് തുരത്തി. തുടർന്ന് ഹെലിപ്പാഡ് ഭാഗത്ത് തമ്പടിച്ചിരുന്ന ഒമ്പത് കാട്ടാനകളെയും ഉൾപ്പെടെയുള്ള കൂട്ടത്തെ വട്ടക്കാട് വഴി താളിപ്പാറ ഭാഗത്തേക്ക് എത്തിക്കാൻ ദൗത്യസംഘം ഏറെനേരം പരിശ്രമിച്ചു .
ഒടുവിൽ കാട്ടാനക്കൂട്ടത്തെ തളിപ്പാറ റോഡ് വഴി പുതുതായി നിർമിച്ച സോളാർ ഫെൻസിംഗ് കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തിയാണ് ദൗത്യംപൂർത്തിയാക്കിയത്. ഒരാഴ്ചയിലധികമായി കാട്ടാനക്കൂട്ടം ഭീതിപരത്തി പകൽ സമയത്തും ചുറ്റിത്തിരിയുകയായിരുന്നു.
Tags : 10 wild natuvisesham local news