വൈക്കം: വൈക്കം നിയോജകമണ്ഡലതല പട്ടയമേള വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ഹാളില്‍ നടന്നു. റവന്യു മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുത്തു.
37 എല്‍എ പട്ടയങ്ങളും നാല് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 41 പട്ടയങ്ങൾ വിതരണം ചെയ്തു. തലയാഴം വില്ലേജിലെ രാജീവ് ദശലക്ഷം പാര്‍പ്പിടം പദ്ധതിയിലെ 15, വടക്കേമുറി വില്ലേജിലെ രാജീവ് ദശലക്ഷം പാര്‍പ്പിട പദ്ധതിയിലെ 12, ടിവി പുരം വില്ലേജിലെ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിലെ ഏഴ്, കല്ലറ, കുലശേഖരമംഗലം വില്ലേജുകളിൽ ഒന്നുവീതവും എല്‍എ പട്ടയങ്ങളാണ് വിതരണം ചെയ്തത്. വെച്ചൂര്‍, വെള്ളൂര്‍, നടുവിലെ, തലയാഴം വില്ലേജുകളില്‍ ഓരോ എല്‍ടി പട്ടയങ്ങളും വിതരണം ചെയ്തു.
ടിവി പുരം വില്ലേജിലെ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറില്‍ ഐടിഡിപിയുടെ കൈവശമുണ്ടായിരുന്ന ഭൂമി റവന്യൂ വകുപ്പിന് വിട്ടു നല്‍കിയശേഷം 35 പ്ലോട്ടുകളില്‍ 24 ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 12ന് ടിവിപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തിൽ മന്ത്രി കെ. രാജൻ പട്ടയം നല്‍കിയിരുന്നു. വസ്തു കൈമാറി ലഭിച്ച 11 ഗുണഭോക്താകളില്‍ അര്‍ഹരായ ഏഴു പേര്‍ക്ക് ഇന്നലെ മന്ത്രി എല്‍എ പട്ടയം വിതരണം ചെയ്തു.
ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം വിതരണം ചെയ്തുകഴിഞ്ഞു. ഇതോടെ ചെമ്മനത്തുകര ഐഎച്ച്ഡിപി കോളനിയിലെ പട്ടയ വിഷയത്തിന് ശാശ്വത പരിഹാരമായി. കഴിഞ്ഞ ഒന്നര വർഷമായി വൈക്കം താലൂക്ക് ഓഫീസിന് മുമ്പിൽ നടന്നുവരുന്ന ഭൂസമരവും ഇതോടെ അവസാനിച്ചു.
Tags : Vaikom Local News Nattuvishesham Kottayam