ഇരിങ്ങാലക്കുടയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ എസി ഗരുഡ ബസ് മന്ത്രി ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബംഗളൂരുവിലേക്ക് ഇനി കെഎസ്ആര്‍ടിസിയുടെ എസി ഗരുഡ ബസുകളില്പോകാം. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബംഗളൂരു സര്‍വീസുകള്‍ക്ക് ഓടിയിരുന്ന രണ്ട് നോണ്‍ എസി ബസുകള്‍ക്ക് പകരമായിട്ടാണ് പുതിയ രണ്ട് എസി ഗരുഡ ബസുകള്‍ എത്തിയിരിക്കുന്നത്.
നിരക്കില്‍ ചെറിയ വ്യത്യാസമുണ്ട്. നേരത്തേ ബംഗളൂരുവിലേക്ക് സുത്തന്ബത്തേരി കുട്ട വഴി പോകുമ്പോള്‍ 930 രൂപയായിരുന്നത് 1281 രൂപയായി. തിരികെവരുമ്പോള്‍ നിലമ്പൂര്‍ വഴി വരുന്നതിനാല്‍ 760 രൂപയുണ്ടായിരുന്നത് 1053 രൂപയായി. വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയില്‍നിന്ന് പുറപ്പെടുന്ന ബസ് രാവിലെ എട്ടിന് ബംഗളൂരുവില്‍ എത്തും.
അവിടെനിന്ന് ഉച്ചയ്ക്ക് മൂന്നിന് പുറപ്പെട്ട് പുലര്‍ച്ചെ മൂന്നിന് ഇരിങ്ങാലക്കുടയില്‍ എത്തും. മന്ത്രി ആര്. ബിന്ദു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ വിളിച്ച യോഗത്തിലാണ് പുതിയ എസി ബസുകള്‍ അനുവദിച്ചത്. ചാലക്കുടി, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം പുതിയ ബസുകള്‍ നല്കിയപ്പോള് ഇരിങ്ങാലക്കുടയെ അവഗണിച്ചെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി അങ്കണത്തില്‍നടന്ന ചടങ്ങില്‍ ബസുകള്‍ മന്ത്രി ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.