ആകാശ്
ഇളന്തുരുത്തി: പെരുവാംകുളങ്ങരയിൽ യുവാവിന്റെ വീട്ടിലേക്ക് നാടൻ ബോംബ് എറിഞ്ഞശേഷം ഒളിവിൽപോയ പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂത്തോൾ സ്വദേശി താന്നിക്കൽവീട്ടിൽ ആകാശ്(33) ആണ് പിടിയിലായത്.
2025 ജൂൺ 20 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പെരുവാംകുളങ്ങരയിലുള്ള നിധിൻ എന്നയാളുടെ വീട്ടിലേക്ക് രാത്രി 11 മണിയോടെ കാറിലെത്തിയ സംഘം നാടൻ ബോംബ് എറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.
സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിൽ കൃത്യത്തിന് ഉപയോഗിച്ച വാഹനം ബംഗളൂരുവിൽനിന്നു കണ്ടെത്തുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയുംചെയ്തു. രണ്ടാംപ്രതി നെടുപുഴ സ്വദേശി ആരോമലിനെ പോലീസ് നേരത്തെ പിടികൂടി യിരുന്നുവെങ്കിലും സൂത്രധാരനായ ആകാശ് ഒളിവിൽതന്നെയായിരുന്നു.
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതിരുന്ന പ്രതി തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം തൃശൂരിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചയുടൻ ഒല്ലൂർ പോലീസ് പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ എസ്പി സുധീരൻ, ഇൻസ്പെക്ടർ ബൈജു, എസ്ഐമാരായ ജീസ് മാത്യു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ എം.എ. അജിത്, വി.എ. മാധവൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.എൻ. നിരാജ്മോൻ, പി.പി. അജിത്, എസ്. വിനീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.