സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ, കല്ലുമുക്ക് പ്രദേശങ്ങളിൽ വാനരശല്യം രൂക്ഷമാകുന്നു.
കൂട്ടത്തോടെ എത്തുന്ന വാനരൻമാർ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വിളവെടുപ്പിന് പാകമായ വാഴക്കുലകൾ നശിച്ചതോടെ നിരവധി കർഷകർ വാഴകൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്.
വീടുകളുടെ പരിസരങ്ങളിൽ എത്തുന്ന വാനരൻമാർ ഉണക്കാൻ ഇട്ടിരിക്കുന്ന വസ്ത്രങ്ങളും മറ്റു സാധനങ്ങളും കീറി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയതായി പ്രദേശവാസികൾ പറഞ്ഞു.
പകൽസമയങ്ങളിൽ പോലും കൂട്ടമായി എത്തുന്ന വാനരൻമാർ വീടുകളിലേക്ക് കടക്കാൻ ശ്രമിക്കുന്നതും ഭീതിയുണർത്തുന്നുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ മുന്പും വാനരശല്യം ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിലായി ആക്രമണം കൂടുതൽ രൂക്ഷമായതായി നാട്ടുകാർ പറയുന്നു.
കൃഷിനാശം മൂലം വലിയ സാന്പത്തിക നഷ്ടമാണ് സംഭവിക്കുന്നതെന്നും ഇതോടെ പലരും കൃഷിയിൽ നിന്നും പിൻമാറേണ്ടി വരുന്നതായും കർഷകർ ആശങ്കപ്പെടുന്നു. വനവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു ഫലപ്രദമായ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.