വൈപ്പിൻ : അർജുൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഞാറക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന രീതിയിൽ ബന്ധുക്കൾ റൂറൽ എസ്പിയെ നേരിൽ കണ്ട് പരാതി നൽകും. അടുത്ത ദിവസം പരാതി നൽകുമെന്നാണ് അറിയുന്നത്. അതേസമയം ഞാറക്കൽ പോലീസ് ഇന്നലെ അർജുൻ കുമാറിന്റെ വീട്ടിലെത്തി കിടപ്പുമുറി പരിശോധിച്ചു. മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അർജുൻ കുമാറിനെക്കുറിച്ചുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു.
പോലീസ് ഇതുവരെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഫോൺ നനഞ്ഞിരുന്ന തിനാൽ പ്രവർത്തന രഹിതമാണ്. ഇത് ഓൺ ചെയ്യാനാവുന്നില്ല. അതേസമയം മരിക്കുന്നതിനു മുമ്പ് എളങ്കുന്നപ്പുഴ ബീച്ചിൽ കണ്ട അർജുൻ ആ സമയത്ത് ആരോടൊക്കെ ഫോണിൽ ബന്ധപ്പെട്ടുവെന്നത് ടവർ ലൊക്കേഷൻ വച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയൊക്കെ കണ്ടെത്തി അർജുൻ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്.
കളമശേരി പോളിടെക്നിക് വിദ്യാർഥിയായ ഞാറക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അർജുൻകുമാറി (17) നെ കഴിഞ്ഞദിവസം എളങ്കുന്നപ്പുഴ ബീച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിം മായി ബന്ധപ്പെട്ട ആത്മഹത്യയായിരിക്കുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കാണാതാകുന്നതിന് മുമ്പ് അർജുൻ കുമാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നതായി ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്.
Tags : Arjun Kumar's death Relatives