കൊച്ചി: അതിർത്തികളിലെ സംഘർഷങ്ങളും സങ്കടങ്ങളും കലാരൂപത്തിൽ ആവിഷ്കരിച്ച് ബംഗ്ലാദേശി കലാകാരി യാസ്മിന് ജഹാന് നൂപുർ. കൊച്ചി - മുസിരിസ് ബിനാലെയുടെ വേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണ് ദി ടച്ച് എന്ന പേരിലുള്ള കലാപ്രകടനം അരങ്ങേറിയത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങളിലുള്ളവർ അനുഭവിക്കുന്ന യാതനകൾ പ്രമേയമാക്കിയായിരുന്നു ബിനാലെയിലെ പാര്‍ട്ടിസിപ്പേറ്റിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ യാസ്മിന്റെ കലാവിഷ്കാരം. അതിര്‍ത്തികള്‍, അവിടെയുള്ള മുള്ളുവേലികള്‍, നിരീക്ഷണ കാമറകള്‍ എന്നിവയിലൂടെ മനുഷ്യര്‍ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് മുള്ളുവേലി നൂണ്ട് എത്തിയാലും അകപ്പെടുന്നത് മറ്റൊരു മുള്ളുവേലിക്കൂട്ടിലാണെന്നും യാസ്മിന് പറഞ്ഞു. അതിര്‍ത്തികള്‍ എത്ര വിശാലമാണെങ്കിലും അതൊരു മുള്ളുകൂടാണ്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രകടനം കാണാൻ നിരവധി പേരെത്തി.
ആദ്യമായാണ് ഈ കലാപ്രകടനം അവതരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. ചെരുപ്പിടാതെ, വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചാണ് അവര്‍ ഈ പ്രകടനം നടത്തിയത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ പോലെ തന്നെയാണ് അതിര്‍ത്തികള്‍ക്കുള്ളില്‍ കഴിയുന്ന മനുഷ്യന്റെ മനസുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
യാസ്മിന്റെ പ്രകടനം ആഴത്തില്‍ ചിന്തിപ്പിക്കുന്നതും വൈകാരികവുമായിരുന്നുവെന്ന് ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര പറഞ്ഞു. ബിനാലെയില്‍ 111 മര്‍ക്കസ് കഫെയിൽ യാസ്മിന് ജഹാന്റെ ബ്ലാക്ക് ഗോള്‍ഡ് എന്ന കലാസൃഷ്ടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Tags : nattu vishesham Bangladeshi artist