എക്സൈസ് സംഘം പിടിച്ചെടുത്ത ലഹരി വസ്തുക്കൾ. ഇൻസെറ്റിൽ അറസ്റ്റിലായ ബാവ പി. ഇബ്രാഹിം,
മൂവാറ്റുപുഴ: പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. കീച്ചേരിപടിയില്‍ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മാതിരപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതുപ്പാടി ശാഖയിലെ കാഷ്യറായ പുതുപ്പാടി പൂവത്തുംമൂട്ടില്‍ ബാവ പി. ഇബ്രാഹിമി(35)നെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 2.8 ഗ്രാം എംഡിഎംഎയും, എംഡിഎംഎ വില്ന നടത്തി ലഭിച്ച 3,000 രൂപയും, മൊബൈല്‍ ഫോണും, മൂന്ന് സിം കാര്‍ഡുകളും പിടിച്ചെടുത്തു.
ഉപയോഗിച്ച സ്ട്രോ കഷണങ്ങളാക്കി മിഠായി പേപ്പറുകളിൽ എംഡിഎംഎ പൊതിഞ്ഞു വയ്ക്കും. തുടർന്ന് ആവശ്യക്കാരില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം വാങ്ങിയശേഷം പ്രത്യേക സ്ഥലത്ത് നിക്ഷേപിച്ച് സ്ഥലത്തിന്റെ ഫോട്ടോ അവർക്ക് അയച്ചു കൊടുക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രതിക്ക് എംഡിഎംഎ എത്തിച്ചു നല്കുന്ന ആലുവ സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ജനുവരിയിലും എംഡിഎംഎയുമായി പ്രതി പിടിയിലായിരുന്നു. അന്ന് ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യം ലഭിച്ച ശേഷമാണ് വീണ്ടും എംഡിഎംഎ വില്പന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 2025ല്‍ മൂവാറ്റുപുഴ റെയിഞ്ചില്‍ തന്നെ 102ഓളം മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ജി. കൃഷ്ണകുമാര്‍ പറഞ്ഞു.
Tags : MDMA Local News Nattuvishesham Ernakulam