പി.എ. ബിനു
ചേർത്തല: ഭീമൻഗൗൺ തുന്നിയ പി.എ. ബിനുവിന് സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്കാരം. തയ്യൽ മേഖലയിലെ തൊഴിലാളികൾക്കുള്ള സംസ്ഥാനതല പുരസ്കാരമാണ് ബിനുവിനെ തേടിയെത്തിയത്.
സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ 20 വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവാർഡ്. താലൂക്ക്, ജില്ല, റീജണൽ തലങ്ങളിൽ 500 പേരിൽനിന്ന് അഭിമുഖം നടത്തി അവസാനഘട്ടത്തിൽ ഉൾപ്പെട്ട മൂന്നു പേരിൽനിന്നാണ് ബിനുവിനെ സംസ്ഥാന തൊഴിൽ വകുപ്പ് അവാർഡിന് തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് തിരുവനന്തപുരത്ത് വഴുതക്കാട് 27ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.
ചേർത്തലയിൽ 80 മീറ്റർ തുണിയിൽ ഓസ്ട്രേലിയയിൽ നഴ്സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് ഗൗൺ ബിനു തുന്നിയത്. മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ തുന്നിയത്.
ജോബി ലൂയിസിന്റെയും പി.എ. ബിനുവിന്റെയും ഉടമസ്ഥതയിൽ ചേർത്തല പാരഡൈസ് തിയറ്ററിന് സമീപത്തെ വൈബ് ഡിസൈനിംഗ് സ്റ്റിച്ചിംഗ് സെന്ററിൽ ബിനുവാണ് ഗൗൺ തുന്നിയത്. 25 വർഷമായി തയ്യൽ മേഖലയിൽ തൊഴിലാളിയായ ബിനു പട്ടണക്കാട് 14-ാം വാർഡ് പുത്തൻതറ നികർത്തിൽ പരേതനായ അശോകൻ-ശ്രീമതി ദന്പതികളുടെ മകനാണ്. ഭാര്യ: പി. പ്രിയാമോൾ. മക്കൾ: അശോക് കൃഷ്ണ, അവനീത് കൃഷ്ണ.
Tags : Binu who sewed nattuvishesham local news