അടിമാലി: വ്യത്യസ്ത മേഖലകളില്‍ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു വനിതാ ശിശുവികസന വകുപ്പ് നല്കുന്ന ഉജ്വലബാല്യ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അടിമാലി മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി സ്പെഷല്‍ സ്കൂളിന് അഭിമാന നേട്ടം. കാര്‍മല്‍ ജ്യോതിയുടെ ഏഴിമലൈ നാഗരാജ്, കെ.എസ്. കാശി എന്നിവർക്കാണ് ഇത്തവണ ഭിന്നശേഷി വിഭാഗത്തില്‍ ഉജ്ജ്വലബാല്യ പുരസ്കാരം ലഭിച്ചത്.
കലാ - കായികരംഗത്തെ മികച്ച പ്രകടനമാണ് ഭിന്നശേഷി വിഭാഗത്തില്‍ കെ.എസ്. കാശിയെ പുരസ്ക്കാരത്തിനര്‍ഹനാക്കിയത്. കാര്‍മല്‍ ജ്യോതിയിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിയാണ് കാശി.
2023ല്‍ കാര്‍മല്‍ ജ്യോതിയില്‍ വിഭ്യാഭ്യാസം ആരംഭിച്ച കാശി കലാ - കായികരംഗത്ത് മാത്രമല്ല കാര്‍ഷിക രംഗത്തും മികവ് പ്രകടമാക്കിയിട്ടുണ്ട്. 2024-25 കേരള സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിലും ജില്ലാതല ഭിന്നശേഷി ദിനാഘോഷത്തിലും അടിമാലി പഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിലും വിവിധയിനങ്ങളില്‍ മികവു തെളിയിച്ചിരുന്നു.
കാര്‍മല്‍ ജ്യോതിയിലെ പ്രീ വൊക്കോഷണല്‍ വിദ്യാര്‍ഥിയാണ് ഏഴിമലൈ നാഗരാജ്.12-18 വയസ് വിഭാഗത്തിലാണ് ഏഴിമലൈ നാഗരാജിന് പുരസ്കാരം. 13-ാമത് ദേശീയ പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ സബ് ജൂനിയര്‍ വിഭാഗം ലോംഗ് ജംപില്‍ സ്വര്‍ണം നേടിയതടക്കം കലാ, കായിക രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്
ഏഴിമലൈ നാഗരാജ്. കാര്‍ഷിക രംഗത്തും ഏഴിമലൈ മികവു തെളിയിച്ചിട്ടുണ്ട്. തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഏഴിമലൈയെ കാര്‍മല്‍ ജ്യോതിയില്‍ പ്രവേശിപ്പിച്ചത്.
10 വര്‍ഷമായി കുട്ടിയുടെ സംരക്ഷണം കാര്‍മല്‍ ജ്യോതി നിര്‍വഹിക്കുന്നു. കാര്‍മല്‍ ജ്യോതിയില്നിന്നു സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജിയുടെയും മറ്റു ജീവനക്കാരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നല്കുന്ന മികച്ച പരിശീലനവും പിന്തുണയും പ്രോത്സാഹനവും കൂടിയാണ് കാശിയെയും ഏഴിമലൈയെയും പുരസ്കാരനിറവില്‍ എത്തിച്ചത്.
Tags : local nattuvishesham award