NRI
ലണ്ടൻ: ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡി നല്കുന്ന ഇന്നൊവേറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിക്ക് അര്‍ഹരായി മലയാളി സംരംഭകര്‍.
യുകെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വീസ പ്രോഗ്രാമിന് കീഴിലുള്ള ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡികളിലൊന്നായ എന്‍വെസ്റ്റേഴ്സ് ലിമിറ്റഡില്‍ നിന്നുള്ള പുരസ്കാരമാണ് കേരളത്തില്‍ നിന്നുള്ള ഹെര്‍മര്‍ച്ചീസ് ബാലനും സിറിള്‍ റോയിയും നേടിയത്.
യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാണ് ഇന്നൊവേറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിക്ക് ഇവര്‍ അര്‍ഹരാ
യത്.
യുകെ ഗവണ്മെന്റ് നല്കുന്ന ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വീസയിലൂടെ ഇംഗ്ലണ്ടില്‍ എത്തുകയും ഇത്തരം ആശയങ്ങളെ മികച്ച സംരംഭമാക്കി മാറ്റുകയും ചെയ്യുന്നവരെയാണ് ഈ പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്നത്.
Kerala
കൊച്ചി: സി.ജെ. സ്മാരക പ്രസംഗസമിതിയുടെ ഈ വര്‍ഷത്തെ റവ. ഡോ. ഏബ്രഹാം വടക്കേല്‍ അവാര്‍ഡ് നിരൂപകന് പ്രഫ. ഇ.വി. രാമകൃഷ്ണന് നല്‍കും.
കവിതയുടെ ഉപ്പ് എന്ന ഗ്രന്ഥത്തിനാണ് 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം.
21ന് കൂത്താട്ടുകുളത്തെ സി.ജെ. തോമസ് സ്മാരകമന്ദിരത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രഫ. എം. തോമസ് മാത്യു പുരസ്കാരം സമ്മാനിക്കും.
NRI
അബുദാബി: കേരള സോഷ്യൽ സെന്റർ (കെഎസ്സി) സംഘടിപ്പിച്ച പതിനാലാമത് ഭരത് മുരളി നാടകോത്സവത്തിൽ ദുബായി ഒന്റാരിയോ തിയറ്റേഴ്സ് അവതരിപ്പിച്ച മോക്ഷം മികച്ച നാടകമായി തെരഞ്ഞെടുത്തു.
ജോബ് മഠത്തിൽ (മോക്ഷം), എമിൽ മാധവി (പെഡ്രൊ) എന്നിവരാണ് മികച്ച സംവിധായകർ. ഒ.ടി. ഷാജഹാനാണ് (ധോമി കിത കിത ധോമി) മികച്ച രണ്ടാമത്തെ സംവിധായകൻ. തിയറ്റർ ദുബായിയുടെ ധോമി കിത കിത ധോമി, ഓർമ ദുബായിയുടെ പെഡ്രോ ഡി സൗണ്ട് ഓഫ് ഡെത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.
മികച്ച നടൻ നന്ദകുമാർ, മഹാദേവൻ (മോക്ഷം), നടി ദിവ്യ ബാബുരാജ് (ധോമി കിത കിത ധോമി), ബാലതാരം മാധവ്ജിത്ത് (ബ്രെക്റ്റസ് ഗലീലിയോ), മികച്ച രണ്ടാമത്തെ നടൻ ഡോ. ആരിഫ് കണ്ടോത്ത് (ധോമി കിത കിത ധോമി), രണ്ടാമത്തെ നടി ദേവി രാഘവൻ (ആട്ടം), രണ്ടാമത്തെ ബാലതാരം വിഷ്ണു തച്ചുകുന്നുമ്മൽ (വംശപർവം), രംഗ സജ്ജീകരണം നിസാർ ഇബ്രാഹിം (പെഡ്രോ), പശ്ചാത്തല സംഗീതം നിജിൽ ദാസ് (പൊറാട്ട്), പ്രകാശവിതരണം കെ.വി. അനൂപ് (കാപ്പിരിക്കപ്പൽ), വസ്ത്രാലങ്കരം സനത് ഗുൽമോഹർ (പെഡ്രോ), മികച്ച ചമയം ക്ലിന്റ് പവിത്രൻ (തീമാടൻ, വംശപർവം, പൊറാട്ട്).
മുസഫ കൈരളി കൾചറൽ ഫോറം അവതരിപ്പിച്ച ഇനിയും എന്ന നാടകത്തിലെ അഭിനയത്തിന് ധനവി സുമേഷ് (ബാലതാരം), ദുബായി നിഴൽ ആക്റ്റോറിയം അവതരിപ്പിച്ച വംശപർവം സംവിധാനം ചെയ്ത ബിജു കൊട്ടില എന്നിവർക്കാണ് പ്രത്യേക ജൂറി പുരസ്കാരം.
ഏകാംഗ നാടക രചനാ മത്സരത്തിൽ സേതു മാധവൻ പാലാഴിയുടെ രതി മികച്ച രചനയായി തിരഞ്ഞെടുത്തു. വിധികർത്താക്കളായ സി.കെ. രമേശ് വർമ, സജിത മഠത്തിൽ, കെഎസ്സി പ്രസിഡന്റ് ടി.കെ. മനോജ്, സാഹിത്യ വിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ, കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസൈൻ, ജനറൽ സെക്രട്ടറി സജീഷ് നായർ, അസി. കലാവിഭാഗം സെക്രട്ടറി സ്മിത ധനേഷ് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: റോഡ് സുരക്ഷാമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അവാര്‍ഡിന് അഡിക് ഇന്ത്യ ഡയറക്ടറും നാഷണല്‍ റിസോഴ്സ് സെന്റര്‍ ഫോര്‍ നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജോണ്സണ് ജെ. ഇടയാറന്മുള അര്‍ഹനായി.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പുരസ്കാരം സമ്മാനിച്ചു.
Kerala
കൊച്ചി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ സംഘടനയായ ഓഥേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ സുവര്‍ണ ജൂബിലി പുരസ്കാരം സാഹിത്യകാരന് പ്രഫ. എം. തോമസ് മാത്യുവിന്.
15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളില്‍ മാര്‍ച്ച് 21 നടക്കുന്ന സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ സമ്മാനിക്കുമെന്ന് ഓഥേഴ്സ് എജിഐ ജനറല്‍ സെക്രട്ടറി ഡോ. എസ്.എസ്. അവസ്തി, പരിഷത്ത് പ്രസിഡന്റ് ഡോ. ടി.എസ്. ജോയ്, എജിഐ കണ്‍വീനര്‍ പ്രഫ. വി.എ. വര്‍ഗീസ് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
National
ഷില്ലോംഗ്: മലയാളിയായ ഫാ. ബിനോയ് മാപ്പിളപറമ്പിലിനു മേഘാലയ സംസ്ഥാനത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പാ തോഗൻ സാങ്മ പുരസ്കാരം. റിപ്പബ്ലിക് ദിനത്തിൽ ഷില്ലോംഗിലെ പോളോ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മേഘാലയ ഗവർണർ സി.എച്ച്. വിജയശങ്കറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സാമൂഹികസേവന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.
മേഘാലയ ഉപമുഖ്യമന്ത്രി സ്നിയാഭലാങ് ധർ, മേഘാലയ സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ഷക്കീൽ അഹമ്മദ്, കിഴക്കൻ ഖാസി ജില്ല ഡെപ്യൂട്ടി കമ്മീഷണർ റോസെറ്റ മേരി കുർബ, ഡിജിപി ഇദാശിഷ നോംഗ്റാങ് എന്നിവർ സംബന്ധിച്ചു.
കാസർഗോഡ് പാലാവയൽ സ്വദേശിയായ ഫാ. ബിനോയ് 1985 മുതൽ മേഘാലയ കേന്ദ്രമായി സേവന പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ഷില്ലോംഗിലെ വൈദിക സെമിനാരിയിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം 1997ലാണ് തലശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റത്തിൽ നിന്നു പൗരോഹിത്യപട്ടം സ്വീകരിച്ചത്. നിലവിൽ മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ടിക്രിക്കില്ലയിലുള്ള മുക്തിദാത്ത മൾട്ടി പർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായും ട്യുറ രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ബാക്ദിന്റെ ഡയറക്ടറായും പ്രവർത്തിച്ചുവരുന്നു. ടിക്രിക്കില്ല ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് പാവപ്പെട്ട ഗോത്രവർഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് മുക്തിദാത്ത കോഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചത്. 20 അംഗങ്ങളുമായി ആരംഭിച്ച സൊസൈറ്റിയിൽ ഇന്ന് 2800 അംഗങ്ങളുണ്ട്.
മേഘാലയ സർക്കാരിന്റെ പിന്തുണയോടെ സാധാരണക്കാരായ കർഷകരെ സംഘടിപ്പിച്ച് കൂട്ടുകൃഷിയും കാർഷികോത്പന്നങ്ങളുടെ മൂല്യവർധിത വിപണനത്തിനായി മേഘ് ഫാം പ്രോസസിംഗ് ഹബ്, നോക്മ ഐസ്ക്രീം ഫാക്ടറി എന്നിവയും ആരംഭിച്ചു.
തൃശൂരിൽനിന്നു പ്ലാവ്, മാവ്, തെങ്ങ്, ജാതി മുതലായ ആയിരക്കണക്കിന് ഫലവൃക്ഷത്തൈകളും കർണാടകയിൽനിന്നു ഇഞ്ചി, മഞ്ഞൾ, കൂവ എന്നിവയും എത്തിച്ച് കർഷകർക്ക് നൽകി കൃഷി ചെയ്യിച്ചു. മേഘ് ഫാം പ്രോസസിംഗ് ഹബ് വഴി പൈനാപ്പിൾ കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കാനും ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനും സാധിച്ചു. ഇത് അനേകം കർഷകരുടെ ജീവിതസാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കി. മേഘാലയയിലെ നാട്ടുഭാഷയിൽ നോക്മ എന്ന വാക്കിന് നയിക്കുന്നവൻ അഥവാ കാരണവർ എന്നാണ് അർഥം. സാധാരണക്കാരായ ജനങ്ങൾ ഫാ. ബിനോയിക്കു നൽകിയ ഈ വിശേഷണത്തിന്റെ പേരു തന്നെയാണ് അദ്ദേഹത്തിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ജനകീയ ഐസ്ക്രീം ബ്രാൻഡിനും നൽകിയത്. മേഘാലയയിലെ അഞ്ചു ജില്ലകളിലായി ഈ ബ്രാൻഡിലുള്ള ഒരു ലക്ഷം ഐസ്ക്രീമുകളാണ് പ്രതിദിനം വിറ്റഴിക്കുന്നത്.
ട്യുറ രൂപതയുടെ സാമൂഹികസേവന വിഭാഗമായ ബാക്ദിനു കീഴിൽ നിലവിൽ അഞ്ചു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ അഞ്ചു കേന്ദ്രങ്ങൾക്കും ദേശീയ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നിരവധി ക്ഷേമപദ്ധതികളും ഫാ. ബിനോയി വിജയകരമായി നടപ്പാക്കുന്നു. തൊഴിൽ പരിശീലനകേന്ദ്രങ്ങളും നടത്തുന്നുണ്ട്. മേഘാലയയിലെ തനതു ഭാഷകളായ ഗാരോ, ആസാമീസ്, രാഭ എന്നിവ അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിയും. ഗാരോ ഭാഷയിൽ ഷാലോം, അസോങ്നി ജനേര (നാടിന്റെ കണ്ണാടി) എന്നിങ്ങനെ രണ്ടു സിനിമകൾക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
പാലാവയലിലെ ആദ്യകാല കുടിയേറ്റ കർഷക ദമ്പതികളായിരുന്ന പരേതരായ മാപ്പിളപറമ്പിൽ ജോസഫിന്റെയും ക്ലാരമ്മയുടെയും 10 മക്കളിൽ ഏഴാമനാണ്. നാട്ടിൽ പ്രീഡിഗ്രിക്കു ശേഷമാണ് ട്യൂറ രൂപതയ്ക്കു കീഴിലെ സെമിനാരിയിൽ ചേർന്നത്.
NRI
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ പ്രവർത്തിക്കുന്ന യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം ഇന്ത്യൻ വംശജൻ വരുൺ വെങ്കട്ടരമണിക്ക്. പോൾ ഏർലിക് - ലുഡ്വിഗ് ദറംസ്റ്റേട്ടർ എന്നിവരുടെ പേരിലുള്ള അവാർഡ് മാർച്ച് 14നു സമ്മാനിക്കും.
60,000 യൂറോയുടേതാണു പുരസ്കാരം. കാൻസർ ന്യൂറോസയൻസ് ഗവേഷണമാണ് വെങ്കട്ടരമണിയെ അവാർഡിന് അർഹനാക്കിയത്.
National
ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയ്ക്ക് ധീരതയ്ക്കുള്ള ബഹുമതിയായ അശോക ചക്ര സമ്മാനിച്ച് രാഷ്ട്രപതി. കർത്തവ്യ പഥിൽ നടന്ന 77-ാമത് റിപബ്ലിക് ദിനാഘോഷ വേളയിലാണ് രാഷ്ട്രപതി പുരസ്കാരം കൈമാറിയത്.
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിയ ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ദൗത്യത്തിനിടെ അസാധാരണമായ ധൈര്യം, വേഗത്തിലുള്ള തീരുമാനമെടുക്കൽ, ദൗത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയ്ക്കാണ് അദ്ദേഹത്തെ രാജ്യം ആദരിച്ചത്.
ബഹിരാകാശ വാസത്തിനിടെ ശുക്ല നിരവധി ഗവേഷണ, കാർഷിക പരീക്ഷണങ്ങൾ നടത്തിയിരുന്നു. ബഹിരാകാശത്ത് ഉലുവയും ചെറുപയറും വിജയകരമായി കൃഷി ചെയ്തത് വാർത്തയായിരുന്നു. ശുഭാംശു ശുക്ലയുടെ യാത്ര ഭാവി തലമുറകളെ പ്രചോദിപ്പിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
Kerala
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ ലഭിച്ചത് സ്വാഗതം ചെയ്ത് സിപിഎം. മുൻകാലത്ത് പത്മ പുരസ്കാരം നേതാക്കൾ നിഷേധിച്ചത് അവരുടെ നിലപാടെന്ന് സിപിഎം വിശദീകരിച്ചു.
അംഗീകാരത്തില്‍ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
'മുമ്പ് പാര്‍ട്ടി നേതാക്കന്മാര് അവരവരുടേതായ നിലപാട് അനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്. ഇതിപ്പോള്‍ വി.എസ്. അച്യുതാനന്ദന് ഇല്ല. വിഎസിന്റെ കുടുംബം അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം അതില്‍ സന്തോഷമാണ്. ഞങ്ങൾ സ്വാഗതം ചെയ്യുന്നു'.-എം.വി. ഗോവിന്ദന് പറഞ്ഞു.
Kerala
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് ശ്രീ കെ.ടി. തോമസ്, ജന്മഭൂമി ദിനപത്രത്തിന്റെ മുൻ പത്രാധിപരും മുതിർന്ന എഴുത്തുകാരനുമായ നാരായണൻ എന്നിവർക്ക് ലഭിച്ച രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ എല്ലാ മലയാളികൾക്കും ഏറെ അഭിമാനകരമാണെന്നും രാജീവ് പറഞ്ഞു.
"മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചത് ഏറെ സന്തോഷകരം തന്നെ. പിന്നോക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വി.എസ്. അച്യുതാനന്ദനും ഈഴവ സമുദായ നേതാവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരം ഏറെ ശ്രദ്ധേയമായി.'-രാജീവ് പറഞ്ഞു.
സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ മുതിർന്ന കാര്യകർത്താവും മുൻ ജന്മഭൂമി എഡിറ്ററുമായ ശ്രീ പി. നാരായൺജിക്ക് ലഭിച്ച പദ്മവിഭൂഷൺ മാധ്യമ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അവരവരുടെ മേഖലയിൽ വലിയ സേവനങ്ങൾ സമൂഹത്തിന് നൽകിയ ഇരുവർക്കും അഭിനന്ദനങ്ങൾ.
അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പത്മ അവാർഡുകൾ എത്തുന്ന ഈ കാലത്ത് കേരളത്തിലേക്കെത്തിയ പുരസ്കാരങ്ങൾക്ക് തിളക്കം ഏറുമെന്നും രാജീവ് കൂട്ടിച്ചേർത്തു.
Kerala
ഉദയംപേരൂർ: നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം (50,000 രൂപ) നടൻ ശ്രീനിവാസന്റെ കുടുംബത്തിനു മന്ത്രി വീണാ ജോർജ് സമ്മാനിച്ചു.
മരണാനന്തര ബഹുമതിയായി പ്രഖ്യാപിക്കപ്പെട്ട അവാർഡ് വിമലയും മകൻ ധ്യാൻ ശ്രീനിവാസനും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മകൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ, ഹൈബി ഈഡൻ എംപി, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
Business
കൊച്ചി: വിംഗ്സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്സ്പ്രസ്.
കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന വിംഗ്സ് ഇന്ത്യ 2026ല്‍ പുരസ്കാരം സമ്മാനിക്കും.
മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനെ ഈ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. 28നാണ് പുരസ്കാര വിതരണം.
Kerala
കൊച്ചി: ശബ്ദമില്ലാത്തവർക്കായി സംസാരിക്കുന്നതാണ് മാധ്യമപ്രവർത്തനത്തിന്റെ ആത്മാവെന്ന് മാധ്യമപ്രവർത്തക ബർക്ക ദത്ത്.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പേരിൽ തേവര സേക്രഡ് ഹാർട്ട് കോളജിലെ ജേർണലിസം വിഭാഗം ഏർപ്പെടുത്തിയ മാധ്യമരംഗത്തെ സമഗ്ര സേവനത്തിനുള്ള 2025ലെ ചാവറ മാധ്യമ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അവർ.
ചടങ്ങിൽ സിഎംഐ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര, എസ്എച്ച് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. വർഗീസ് കാച്ചപ്പിള്ളി, പ്രിൻസിപ്പൽ പ്രഫ. സി.എസ്. ബിജു എന്നിവർ പ്രസംഗിച്ചു.
NRI
ദോഹ: ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഇന്ത്യാ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് മാഹീന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സേവന പുരസ്കാരം സമ്മാനിച്ചു.
ദോഹയില്‍ നടന്ന ചടങ്ങില്‍ ഖത്തരീ സംരംഭകനും അല്‍ റഈസ് ഗഗൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസ് പുരസ്കാരം സമ്മാനിച്ചു.
ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ന്യൂ ഗുല്‍ വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്, മീഡിയ പ്ലസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.
Kerala
കൊച്ചി: 200-ാം വർഷത്തിലേക്കു കടക്കുന്ന സിഎംഐ സന്യാസസമൂഹം വിദ്യാഭ്യാസവർഷം ആചരിക്കുന്നതിന്റെ ഭാഗമായി സഭയുടെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ തേവര സേക്രഡ് ഹാർട്ട് കോളജ് രാജ്യത്തെ മികച്ച കോളജ് അധ്യാപകർക്ക് ഏർപ്പെടുത്തിയ ഹാർട്ടിയൻ ഗുരുശ്രേഷ്ഠ അവാർഡ് പ്രഫ. വർത്തിക മാഥൂറിന്. ഡൽഹി സർവകലാശാലയിലെ ശ്രീ വെങ്കടേശ്വര കോളജിൽ സുവോളജി വിഭാഗം പ്രഫസറാണ്.
ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. സയൻസ് ആൻഡ് ടെക്നോളജി കാറ്റഗറിയിലാണ് വർത്തിക മാഥൂറിന് അവാർഡ് ലഭിച്ചത്. ഇന്ന് കോളജ് ലേക്ക് വ്യൂ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ കൾച്ചറൽ ഇവന്റായ ഹാർട്ടി ഫെസ്റ്റിൽ അവാർഡ് സമ്മാനിക്കും.
മൃഗ, സസ്യ, സൂക്ഷ്മജീവികളിലെ പരസ്പരബന്ധങ്ങളുടെ മേഖലയിലെ പ്രമുഖ ഗവേഷകയാണ് പ്രഫ. മാഥൂർ. നെതർലാൻഡ്സ് ഫെലോഷിപ്പ് ലഭിച്ച ഏക ഇന്ത്യക്കാരിയായ ഇവർ നേരത്തേ യംഗ് സയന്റിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രേംനസീർ ഫൗണ്ടേഷന്റെ പ്രേംനസീർ പുരസ്കാരത്തിന് സംവിധായകൻ പ്രിയദർശനെ തെരഞ്ഞെടുത്തു. നാളെ വൈകുന്നേരം 6.15ന് വഴുതക്കാട് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പുരസ്കാരം സമ്മാനിക്കും.
മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ സ്വാതി തിരുനാൾ സംഗീത അക്കാദമിയിലെ സംഗീത് വിജയൻ, ദേവപ്രിയ എം.രാജ് എന്നിവർക്കുള്ള പുരസ്കാരങ്ങളും നൽകുമെന്നു ചെയർമാൻ ജി.സുരേഷ് കുമാർ അറിയിച്ചു.
NRI
മനാമ: 10, 12 ക്ലാസുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.
ബഹ്റനിലും കേരളത്തിലും പഠിച്ച 32 കുട്ടികളാണ് 2025ലെ കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്. ബഹ്റനിൽ പഠിച്ച കുട്ടികൾ നേരിട്ടും നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്റിൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാതിഥികളിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്റിൻ പ്രിൻസിപ്പാൾ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥൻ മേനോൻ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.
District News
കുറ്റിപ്പുറം: മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ. നാരായണൻ നായരുടെ സ്മരണാർഥം ഏർപ്പെടുത്തിയ നാലാമത് രാഷ്ട്രീയ നൈതികത പുരസ്കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ തെരഞ്ഞെടുത്തു.
കാനം രാജേന്ദ്രൻ, കെ.കെ. ശൈലജ, സി. ദിവാകരൻ എന്നിവരായിരുന്നു മുൻ വർഷങ്ങളിലെ ജേതാക്കൾ. വനം, പരിസ്ഥിതി മന്ത്രിയെന്ന നിലയിലും രാജ്യസഭാംഗം എന്ന നിലയിലും നടത്തിയ സൃഷ്ടിപരവും ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളും ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ ദീർഘകാലത്തെ നേതൃമികവും അദ്ദേഹം തന്റെ പൊതുപ്രവർത്തന കാലയളവിൽ ഉടനീളം പുലർത്തിപ്പോരുന്ന ആദർശനിഷ്ഠവും മൂല്യാധിഷ്ഠിതവുമായ രാഷ്ട്രീയ, സാമൂഹ്യ പ്രതിബദ്ധതയും കണക്കിലെടുത്താണ് ബിനോയ് വിശ്വത്തിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് സംഘാടകർ പറഞ്ഞു.
ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. അവാർഡ് വിതരണം 25ന് കുന്പിടി പന്നിയൂർ നാരായണീയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് നിർവഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. പി.പി. സുനീർ എംപി, ഡോ. കെ.ടി. ജലീൽ എംഎൽഎ, പി. നന്ദകുമാർ എംഎൽഎ, മുൻ എംഎൽഎ കെ.എൻ.എ. ഖാദർ തുടങ്ങി രാഷ്ട്രീയസാമൂഹ്യരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
District News
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന അടികളായിയുന്ന യശഃ നീലത്തുമഠം പ്രദീപ്കുമാർ അടികളുടെ സ്മരണാർഥം നൽകുന്ന 2026ലെ ശ്രീകുരുംബ പുരസ്കാരം സി.കെ. ശേഖരന്.
ഇരിങ്ങാലക്കുട മാപ്രാണത്ത് ചെമ്പാറവീട്ടിൽ കൊച്ചക്കന്റെയും കാർത്ത്യായനിയുടെയും മകനായി 1961ൽ ജനിച്ച ശേഖരൻ 1987 മുതൽ മാസപ്പടി തസ്തികയിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ജോലിചെയ്യുന്നു. സർവീസിൽനിന്ന് വിരമിച്ച ശേഷവും ജോലിയിൽ തുടരാൻ ദേവസ്വം ബോർഡ് അനുവദിച്ചു.
രണ്ടാം താലപ്പൊലി ദിവസമായ ബുധനാഴ്ച രാവിലെ 11ന് കോട്ട കോവിലകത്തിന്റെ തിരുമുറ്റത്തുനടക്കുന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജ പുരസ്കാരം സമ്മാനിക്കും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി. അജയൻ അധ്യക്ഷതവഹിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാനായ തിരുവിഴ ജയശങ്കറിന്. നാഗസ്വരം ജനകീയമാക്കുന്നതിനു നൽകിയ അമൂല്യ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയുടെ പുരസ്കാരം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
അയ്യപ്പ ഭക്തിഗാനങ്ങൾ ഉപകരണ സംഗീത രൂപത്തിൽ (നാഗസ്വര വാദനം) പുറത്തിറക്കിയ ആൽബങ്ങളിൽ തിരുവിഴ ജയശങ്കറിന്റെ പങ്ക് വലുതാണ്.
District News
മൂവാറ്റുപുഴ: ആയവന സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഡാന്റി ജോസഫിന് ഗുരുശ്രേഷ്ഠ പുരസ്കാരം. സ്കൂള്‍ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിലും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സിസ്റ്റര്‍ ഡാന്റി ജോസഫ് വഹിച്ച പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡ്.
വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, വിദ്യാലയത്തിലെ കാര്‍ഷിക മേഖലയിലെ മികവുതെളിയിക്കല്, ഐഎസ്ആര്‍ഒ പ്രവര്‍ത്തനങ്ങള്‍, വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സിസ്റ്റര്‍ ഡാന്റി ജോസഫ് മാതൃകയായി.
District News
കോട്ടയം: പ്രതിഭനിറഞ്ഞ മനസിന്റെ ചലനമാണ് സൃഷ്ടികളായി, ആവിഷ്കാരങ്ങളായി മാറുന്നതെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ.
ബസേലിയസ് കോളജിന്റെ നാമഹേതുകനായ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാമത് ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പേട്രണ്‍ സെയിന്റ്സ് ഡേ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ബാവ. ചലച്ചിത്ര സംവിധായകന് ജയരാജ് മുഖ്യപ്രഭാഷണം നടത്തി.
പ്രഥമ ബസേലിയസ് ശ്രേഷ്ഠപുരസ്കാരം ഗായിക ഡോ. വൈക്കം വിജയലക്ഷ്മിക്ക് കാതോലിക്കാ ബാവ സമ്മാനിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ബിജു തോമസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.പി. ജ്യോതിമോള്‍, ഡോ. അന്നമ്മ കുര്യന്, ഡോ.പി. ആരഭി, ജിന്റു ജേക്കബ് ഫിലിപ്പ്, അമിത് മാത്യു തോമസ്, ഗായിക കേരളശ്രീ ഡോ. വൈക്കം വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു
Kerala
കൊച്ചി: മലയാളി എഴുത്തുകാരന് അഭിലാഷ് ഫ്രേസറിന് 2025 ലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്. ഇദ്ദേഹത്തിന്റെ ‘ബാലഡ് ഓഫ് ദ യൂണിവേഴ്സ്’ എന്ന ഇംഗ്ലീഷ് നോവലിനാണു പുരസ്കാരം.
പ്രപഞ്ചസംഗീതവും സംഗീതജ്ഞന്റെ അസ്തിത്വ സംഘര്‍ഷങ്ങളും പ്രമേയമായി രചിക്കപ്പെട്ട നോവല്‍ 2025 ല്‍ ദ ലിറ്ററേച്ചര്‍ ടൈംസിന്റെ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്കാരവും നേടിയിരുന്നു.
ഗ്രീസിലെ ഏഥന്‍സില്‍ നടക്കുന്ന പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ സമാപനത്തിലാണ് പുരസ്കാര വിതരണം. റൈറ്റേഴ്സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് വിവിധ ലോകഭാഷകളിൽ പനോരമ അന്താരാഷ്ട്ര സാഹിത്യപുരസ്കാരം നല്‍കുന്നത്.
Kerala
മാനന്തവാടി: കേരളത്തിലെ മികച്ച ക്ഷീര സംരംഭകന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഏർപ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്കാരത്തിന് യവനാർകുളം പുൽപ്പറമ്പിൽ ഡെയറി ഫാം ഉടമ പി.ഐ. തങ്കച്ചൻ അർഹനായി. ക്ഷീരമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായാണ് വെറ്ററിനറി ഡോക്ടർമാരുടെ പ്രഫഷണൽ സംഘടനായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
കിടാരികളും പശുക്കളും ഉൾപ്പെടെ നിരവധി പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരകർഷകനാണ് ക്ഷീരരത്ന പുരസ്കാരം നൽകുന്നത്. 11 മുതൽ 50 വരെ പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരസംരംഭകനാണ് ക്ഷീരപ്രതിഭ പുരസ്കാരം നൽകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 120 ഓളം കർഷകരാണ് ഇത്തവണ പുരസ്കാരത്തിന് അപേക്ഷിച്ചത്. ജില്ലാ, സംസ്ഥാന തലങ്ങളിൽ അവാർഡ് നിർണയ പരിശോധന പൂർത്തിയാക്കിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
40ഓളം പശുക്കളെ വളർത്തുന്ന പുൽപ്പറന്പിൽ ഡെയറി ഫാം ക്ഷീരമേഖലയിൽ മികച്ച മാതൃകയാണ്. അത്യുത്പാദനമുള്ള ഇരുപതോളം പശുക്കളിൽ നിന്നായി പ്രതിദിനം 500 ലിറ്ററിലധികം പാലാണ് ഇദ്ദേഹത്തിന്റെ ഫാമിൽ ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 40 ലിറ്ററിലധികം പാൽ ചുരത്തുന്ന പശുക്കൾ വരെ തങ്കച്ചന്റെ ഫാമിലുണ്ട്.
ആധുനിക ക്ഷീരസംരംഭത്തിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഫാമിൽ ഒരുക്കിയിട്ടുണ്ട്. ഫാം ലൈസൻസിന് പുറമെ ഐഎസ്ഒ അംഗീകാരം കൂടി നേടിയ ഫാമാണ് തങ്കച്ചന്റേത്. കേരള വെറ്ററിനറി സർവകലാശാലയുടെ ഫാം സ്കൂൾ ആയും ഫാം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ക്ഷീരമേഖലയിലെ മികവിന് 17 അവാർഡുകൾ ദേശീയ, സംസ്ഥാന തലങ്ങളിൽ ലഭിച്ചിട്ടുണ്ട്. ക്ഷീരകർഷകയായ ഭാര്യ ബീന ഗുജറാത്തിൽ നടത്തിയ അന്തരാഷ്ട്ര സെമിനാറിൽ കേരളത്തെ പ്രതനിധീകരിച്ചിട്ടുണ്ട്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Kerala
തിരുവനന്തപുരം: കലാകൗമുദി, മലയാളം വാരികകളുടെ പത്രാധിപരും സാഹിത്യകാരനും ചലച്ചിത്ര നിരൂപകനും തിരക്കഥാകൃത്തുമായിരുന്ന എസ്. ജയചന്ദ്രന് നായരുടെ സ്മരണാര്‍ഥം എസ്ജെ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ എസ്. ജയചന്ദ്രന് നായര്‍ പുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്‍.ആര്.എസ്. ബാബുവിന്.
ജനുവരി രണ്ടിന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പ്രസ് ക്ലബ് ടിഎന്‍ജി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരന് ബി.ഡി. ദത്തന് പുരസ്കാരം സമര്‍പ്പിക്കും.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.ജി. രാധാകൃഷ്ണന് പ്രഥമ ജയചന്ദ്രന് നായര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
Business
കൊച്ചി: ക്രെഡായ് നാഷണൽ റിയൽ എസ്റ്റേറ്റ് എക്സലൻസ് അവാർഡിന്റെ ഒന്നാം പതിപ്പിൽ എമർജിംഗ് ഡെവലപ്പർ വിഭാഗത്തിൽ വർമ ഹോംസ് റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി.
റിയൽ എസ്റ്റേറ്റ് രംഗത്ത് വർമ ഹോംസ് പാലിക്കുന്ന ഗുണനിലവാരം, രൂപകല്പനാ മികവ്, കാര്യക്ഷമത എന്നിവ വിലയിരുത്തിയാണ് ഈ അവാർഡ്.
രാജ്യത്തെ 500 ഡവലപ്പർമാരുടെ 800 ൽ ഏറെ പദ്ധതികളാണ് മത്സരത്തിന്റെ ആദ്യഘട്ടത്തിൽ മാറ്റുരച്ചത്.
Sports
കൊച്ചി: കേരളം ആദ്യമായി (1973) സന്തോഷ് ട്രോഫി നേടിയപ്പോഴത്തെ വൈസ് ക്യാപ്റ്റനും തുടര്‍ച്ചയായി രണ്ടു വട്ടം ചാമ്പ്യന്മാരായപ്പോഴത്തെ പരിശീലകനുമായ ടി.എ. ജാഫറിന്റെ സ്മരണയ്ക്കായുള്ള ഫുട്ബോളേഴ്സ് കൊച്ച് പുരസ്കാരങ്ങള്‍ കെ.പി. വില്യംസിനും തമീന ഫാത്തിമയ്ക്കും.
പ്രീമിയര്‍ ടയേഴ്സിന്റെ സുവര്‍ണനിരയിലെ താരമായിരുന്ന വില്യംസ് 73ലെ സന്തോഷ് ട്രോഫി വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു.
എറണാകുളം കലൂരിലെ കറുകപ്പിള്ളി സ്വദേശിയായ തമീന ഫാത്തിമ, ഇന്ത്യയുടെ ഈ വര്‍ഷത്തെ അണ്ടര്‍ 17 വനിതാ ടീം ഗോള്‍കീപ്പറായി ദേശീയ കുപ്പായമണിഞ്ഞ താരമാണ്.
District News
നെയ്യാറ്റിന്‍കര: സാമൂഹ്യപ്രതിബദ്ധതയോടെയുള്ള മാധ്യമപ്രവര്‍ത്തനത്തിന് ജയ് ജനസേവ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ജനസേവ മാധ്യമപുരസ്കാരം ദീപിക ലേഖകന്‍ ഗിരീഷ് പരുത്തിമഠത്തിനു ലഭിച്ചു.
നെയ്യാര്‍ മാധ്യമ പുരസ്കാരം, ലെനിന് രാജേന്ദ്രന് കലാനിധി മാധ്യമപുരസ്കാരം, കെ. സുന്ദരേശന് മാധ്യമ പുരസ്കാരം, സദ് വാര്‍ത്ത മാധ്യമ പുരസ്കാരം, ഗീതാഞ്ജലി മാധ്യമശ്രീ പുരസ്കാരം, സ്വദേശാഭിമാനി മാധ്യമ പുരസ്കാരം, ഡോ. ബി.ആര്.
അംബേദ്കര്‍ സ്മാരക പുരസ്കാരം, ഡോ. പല്‍പ്പു കള്‍ച്ചറല്‍ ഫോറം ഓഫ് ഇന്‍ഡ്യയുടെ മാധ്യമ പുരസ്കാരം, പി.എന്‍. പണിക്കര്‍ ജന്മശതാബ്ദി തൂലികാ പുരസ്കാരം, കര്‍മശ്രേഷ്ഠ പുരസ്കാരം, തണല്‍വേദി പുരസ്കാരം, പരിത്രാണായ പുരസ്കാരം, ആശ്രയ മാധ്യമ പുരസ്കാരം, ഫ്രാന് പുരസ്കാരം എന്നിവയും മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള അനര്‍ട്ട് അക്ഷയോര്‍ജ പുരസ്കാരം, വജ്രമുദ്ര പുരസ്കാരം, ട്രിവാന്‍ഡ്രം പരിസ്ഥിതി ഫെസ്റ്റിവല്‍ പുരസ്കാരം എന്നിവയും ഗിരീഷിന് നേരത്തെ ലഭിച്ചിട്ടുണ്ട്.
District News
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ-കമുകറ പുരുഷോത്തമൻ പുരസ്കാരം സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണന് സമ്മാനിക്കും. 11,111 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
വയലാർ രാമവർമ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയലാറിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച്, മൺമറഞ്ഞ കലാകാരന്മാരെ സ്മരിക്കുന്നതിനായി ഏർപ്പെടുത്തിയ പുരസ്കാരമാണിതെന്നു വയലാർ രാമവർമ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ജി.വിജയകുമാർ, ഗോപാൻ ശാസ്തമംഗലം എന്നിവർ അറിയിച്ചു.
ദൃശ്യമാധ്യമ രംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം എം5 ന്യൂസിനും സമ്മാനിക്കും. ജൂറി അംഗങ്ങളായ സൂര്യകൃഷ്ണമൂർത്തി, ഡോ. ജോർജ് ഓണക്കൂർ, ഡോ.എം.ആർ. തമ്പാൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 20നു വൈകുന്നേരം 5.30ന് തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന കമുകറ പുരുഷോത്തമൻ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ പുരസ്കാരം സമർപ്പിക്കും.
National
ന്യൂഡല്‍ഹി: പ്രഥമ സവര്‍ക്കര്‍ പുരസ്കാരം ലഭിച്ച ശശി തരൂര്‍ എംപിയെ ഡല്‍ഹിയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് എച്ച്ആർഡിഎസ്. നവംബര്‍ 12ന് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ച് ശശി തരൂരിന് മെയില്‍ അയച്ചിരുന്നുവെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് പറഞ്ഞു. അതിന് ശേഷമാണ് സംഘടനയുടെ പ്രതിനിധികള്‍ വസതിയില്‍ പോയതെന്നും അജി കൃഷ്ണന് പറഞ്ഞു.
"മൂന്ന് നാല് തവണ ശശി തരൂരിന്റെ സ്റ്റാഫ് അംഗങ്ങളെ കണ്ടു. ഒരു തവണ തരൂരിനെ നേരിട്ട് കണ്ടു. വരാം എന്ന് ശശി തരൂര്‍ സമ്മതിച്ചു. പരിപാടി ഡയറിയില്‍ കുറിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.'-അജി കൃഷ്ണൻ വ്യക്തമാക്കി.
"നേരിട്ട് കണ്ട ദിവസം ഏതാണെന്ന് ഓര്‍മയില്ല. കോണ്‍ഗ്രസിലെ എതിര്‍പ്പ് കാരണമാണ് തരൂര്‍ എത്താത്തത്. തരൂരിനെ ദ്രോഹിക്കാനല്ല, ഒരു അവാര്‍ഡ് കൊടുക്കാനാണ് ശ്രമിച്ചത്. സവര്‍ക്കര്‍ അവാര്‍ഡിന് തരൂര്‍ ഇപ്പോഴും യോഗ്യനാണ്.'-അജി കൃഷ്ണന് പറഞ്ഞു.
Education
കൊച്ചി: സിഎംഐ സഭയുടെ ഇരുനൂറാം വാർഷികത്തിലെ വിദ്യാഭ്യാസ വർഷാചരണത്തിന്റെ ഭാഗമായി സഭയുടെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ തേവര സേക്രഡ് ഹാർട്ട് കോളജ് രാജ്യത്തെ മികച്ച കോളജ് അധ്യാപകർക്ക് ഏർപ്പെടുത്തിയ ഹാർട്ടിയൻ ഗുരുശ്രേഷ്ഠ അവാർഡിന് നോമിനേഷനുകൾ ക്ഷണിച്ചു.
രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ (ഗവൺമെന്റ്, എയ്ഡഡ്, അൺ-എയ്ഡഡ്, ഓട്ടോണമസ്) പത്തു വർഷം സേവനം പൂർത്തിയാക്കിയ മികച്ച കോളജ് അധ്യാപകർക്കാണ് അവാർഡുകൾ നൽകുന്നത്. സയൻസ് ആൻഡ് ടെക്നോളജി, ആർട്സ് ആൻഡ് ഹ്യുമാനിറ്റിസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് എന്നീ മൂന്ന് കാറ്റഗറികളിലായിരിക്കും അവാർഡുകൾ. ഓരോ കാറ്റഗറിയിലും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും.
നോമിനേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി 25. വിശദ വിവരങ്ങൾക്കും നോമിനേഷൻ സമർപ്പിക്കുന്നതിനും കോളജ് വെബ്സൈറ്റായ https://www.shcollege.ac.in/hgsawards/ സന്ദർശിക്കുക.
National
ന്യൂഡൽഹി: സവർക്കർ പുരസ്കാരം ഏറ്റുവാങ്ങാൻ തെരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ എത്തിയത് എം. ജയചന്ദ്രൻ മാത്രം. ശശി തരൂർ, വി. മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റ് മലയാളികൾ. ഇവർ ആരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല. പുരസ്കാരങ്ങൾ വിതരണം ചെയ്യേണ്ടിയിരുന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും ചടങ്ങിൽ പങ്കെടുത്തില്ല.
ഡൽഹിയിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്. ശശി തരൂര്‍ എംപിക്ക് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സവര്‍ക്കര്‍ പുരസ്ക്കാരം പ്രഖ്യാപിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ഓപ്പറേഷന് സിന്ദൂറിലെ നയതന്ത്ര യാത്രയിലടക്കം പങ്കെടുത്തത് പരിഗണിച്ചാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇങ്ങനെയൊരു പുരസ്കാരത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് തരൂര്‍ പറയുന്നത്. അവാര്‍ഡിന്റെ സ്വഭാവം എന്തെന്നോ, തരുന്ന സംഘടന ഏതെന്നോ അറിവില്ലാത്തതിനാല്‍ ഈ അവാര്‍ഡ് വാങ്ങുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തരൂര്‍ എക്സില്‍ കുറിച്ചിരുന്നു.
ഒരു മാസം മുന്‍പ് തരൂരിനെ നേരിട്ട് കണ്ട് ക്ഷണിച്ചതാണെന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങാമെന്ന് സമ്മതിച്ചതാണെന്നും എച്ച്ആര്‍ഡിഎസ് പ്രതികരിച്ചു. ഡൽഹിയിലെ വസതിയിലെത്തിയാണ് വിളിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും തരൂരിനെ ആക്രമിക്കാൻ ഇല്ലെന്നും എച്ച്ആര്‍ഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.
National
ന്യൂഡൽഹി: പ്രഥമ സവർക്കർ പുരസ്കാരം ശശി തരൂർ എംപിക്ക് പ്രഖ്യാപിച്ചെങ്കിലും ഏറ്റുവാങ്ങില്ലെന്നു പ്രതികരിച്ച് എംപിയുടെ ഓഫീസ്. എന്നാൽ, അവാർഡ് ദാനത്തിനു തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നു സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
തരൂരിന്റെ പ്രതികരണത്തിനായി മാധ്യമങ്ങൾ വീട്ടിലെത്തിയെങ്കിലും അദ്ദേഹം നേരിട്ടു പ്രതികരിക്കാൻ തയാറായില്ല. പിന്നീട് ഓഫീസ് ആണ് നിലപാട് അറിയിച്ചത്. തരൂർ സർവർക്കറുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ നേരത്തെ കോൺഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പാർട്ടിയോട് തരൂർ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞിരുന്നു.
കോൺഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതിനിടെയാണ് പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് തരൂരിന്റെ ഒാഫീസ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന സർവർക്കറുടെ പേരിലുള്ള പുരസ്കാരം തരൂർ ഏറ്റുവാങ്ങിയാൽ കോൺഗ്രസ് കടുത്ത വിഷമഘട്ടത്തിലാകുമായിരുന്നു. അവാർഡ് ദാനം നടക്കുന്ന ദിവസം മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കോൽക്കത്തയിലേക്കു പോകുമെന്നും തരൂരിന്റെ ഓഫീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റീസ് സൊസൈറ്റിയുടെ ഡോ. എസ്. ബലരാമൻ മനുഷ്യാവകാശ സംരക്ഷണ അവാർഡിന് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി അഡ്വ. ഡോ. കെ.സി. ജോർജ് അർഹനായി.
തിരുവനന്തപുരത്ത് തൈക്കാട് ഗാന്ധിഭവനിൽ ഇന്നു വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
പാർശ്വവത്കരിക്കപ്പെട്ട കുട്ടികളുടെയും അമ്മാരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ദീപാലയ എന്ന എൻജിഒയുടെ സിഇഒ ആയ ഇദ്ദേഹം ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ വനിത, ശിശു വികസന മന്ത്രാലയത്തിൽ 1992 മുതൽ 2022 വരെ സേവനമനുഷ്ഠിച്ച ഡോ. ജോർജ് ജോയിന്റ് ഡയറക്ടർ ആയാണ് വിരമിച്ചത്. തുടർന്ന് കൈലാഷ് സത്യാർഥിയുടെ ചിൽഡ്രൻസ് ഫൗണ്ടേഷനലും ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷനിലും എക്സിക്യൂട്ടീവ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം നോർത്ത് പറവൂർ കുന്നത്ത് കുടുംബാംഗമാണ്.
Kerala
തിരുവനന്തപുരം: ജെസ്വിറ്റ്സ് സുഹൃത് സംഘമായ ഇഗ്നിസ് കേരളയുടെ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്കാരം വിഴിഞ്ഞം ചപ്പാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്ത്രിഗ്രാം എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ എൽ. പങ്കജാക്ഷന്.
പതിനായിരം രൂപയും പ്രശംസാപത്രവുമാണ് പുരസ്കാരം. സുസ്ഥിര സാമൂഹിക വികസനപ്രവർത്തനങ്ങളിൽ ദീർഘകാലമായി ഏർപ്പെടുന്ന വ്യക്തികൾക്ക് നല്കുന്ന ആദരവാണ് പുരസ്കാരം. കേരളത്തിലെ ജസ്വിറ്റ് സന്യാസസമൂഹവുമായി ബന്ധപ്പെട്ട ഒരു സംഘം സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഇഗ്നിസ് കേരള.
നാൽപ്പതുവർഷമായി സാമൂഹിക, സന്നദ്ധ പ്രവർത്തനമേഖലയിൽ സജീവമാണ് പങ്കജാക്ഷൻ. ഡിസംബർ 20ന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ കെ.ജയകുമാർ പുരസ്കാരം സമ്മാനിക്കും.
Kerala
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 2023-25 ബാച്ച് എംഎസ്സി മാത്തമാറ്റിക്സ് വിദ്യാർഥിനി മരിയ പീറ്ററിന് യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ്.
2025-ൽ മാർ അത്തനേഷ്യസ് കോളജിൽ നിന്ന് എംഎസ്സി മാത്തമാറ്റിക്സ് പൂർത്തിയാക്കിയ മരിയയ്ക്ക് സ്പെയിനിലെ പബ്ലിക് യൂണിവേഴ്സിറ്റി ഓഫ് നവാരയിൽ (യുപിഎൻഎ) മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഡോക്ടറൽ പ്രോഗ്രാമിലാണ് പ്രവേശനം ലഭിച്ചത്. ഗവേഷണ പഠനത്തിനായി ജനുവരിയിലാണ് സ്പെയിനിൽ എത്തിയത്.
നാലുവർഷം ദൈർഘ്യമുള്ള ഡോക്ടറൽ പഠനത്തിന് സ്കോളർഷിപ്പായിട്ടാണ് 1.3 കോടി ലഭിക്കുന്നത്. എംഎ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ആസ്പയർ സ്കോളർഷിപ്പിന് മരിയ അർഹയായിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി ആറുമാസ ഇന്റേൺഷിപ്പ് പ്രോഗ്രാം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗം അസി. പ്രഫസർ ഡോ. ലിനു പിന്റോയുടെ കീഴിലാണ് ചെയ്തത്.
കൂവപ്പടി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളൂപ്പേട്ട പി.ഡി. പീറ്റർ - റോസ് ലാൻഡ് (കറുകുറ്റി നൈപുണ്യ കോളജ് അസി. പ്രഫസർ)ദമ്പതികളുടെ മകളാണ്. സഹോദരി അന്ന പീറ്റർ അമേരിക്കയിൽ ഗവേഷക വിദ്യാർഥിനിയാണ്. സഹോദരൻ മാത്യു സിഎ കഴിഞ്ഞതിനു ശേഷം പെരുമ്പാവൂരിൽ ജോലിചെയ്യുന്നു.
Kerala
കൊച്ചി: ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് (ഐസിഎം) ഏര്‍പ്പെടുത്തിയ ഡോ. ജെ. അലക്സാണ്ടര്‍ പുരസ്കാരം മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭാധ്യക്ഷൻ മാർ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ ബാവയ്ക്ക്.
പതിനേഴ് ചാരിറ്റി സംഘടനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതും ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ ഭക്ഷണവിതരണമുള്‍പ്പെടെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്തുന്നതും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ഐസിഎം ഭാരവാഹികൾ അറിയിച്ചു.
15ന് കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പുരസ്കാരം സമ്മാനിക്കും. ഐസിഎം പ്രസിഡന്റ് ഡോ. ജോണ്‍ ജോസഫ് അധ്യക്ഷത വഹിക്കും.
Education
കല്ലടിക്കോട്: അമേരിക്കയിലെ ഹാർവഡ് സർവകലാശാല ദക്ഷിണേഷ്യൻ രാജ്യക്കാർക്കായി നൽകുന്ന ഫെലോഷിപ്പിന് പാലക്കാട് കരിന്പ സ്വദേശിനി ട്രീസ ഏബ്രഹാം അർഹയായി. കരിന്പ പനയ്ക്കാത്തോട്ടം ഏബ്രഹാമിന്റെയും നിർമലയുടെയും മകളാണ്.
മൃഗങ്ങളുടെ തോലുപയോഗിച്ച് സ്റ്റഫ് ചെയ്ത രൂപമുണ്ടാക്കുന്ന വിദ്യയായ ടാക്സിഡർമിയുടെ സാമൂഹിക സാംസ്കാരിക ചരിത്രം എന്ന വിഷയത്തിലാണ് രഘുനാഥൻ ഫാമിലി ഫെലോഷിപ്പ്’ ലഭിച്ചത്. ഒരു വർഷത്തേക്ക് 50,885 ഡോളർ(ഏകദേശം 45 ലക്ഷം രൂപ) ആണ് ധനസഹായം.
മുംബെയിലെ നാർസിമോഞ്ഞി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (എൻഎംഐഎംഎസ്) സ്ഥാപനത്തിൽ ബിസിനസ് കമ്യൂണിക്കേഷൻ അധ്യാപികയായിരുന്ന ട്രീസ ജോലി രാജിവച്ചാണ് അമേരിക്കയിലേക്കു പോയത്.
Kerala
മൂവാറ്റുപുഴ: മനുഷ്യര്‍ക്ക് പ്രവൃത്തികളിലെ സ്നേഹസ്പര്‍ശംകൊണ്ട് ഹാപ്പി ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അതു സമൂഹത്തില്‍ ശാന്തി സൃഷ്ടിക്കുമെന്നും ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും എറണാകുളം ലിസി ആശുപത്രി കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗം തലവനുമായ പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
മൂവാറ്റുപുഴ നിര്‍മല കോളജില്‍ പത്താമത് മാര്‍ മാത്യു പോത്തനാമൂഴി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉറവ വറ്റാത്ത കാരുണ്യസ്പര്‍ശമാണ് നമുക്ക് ഇന്നാവശ്യം. വാഹനം ഓടിക്കുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് പരിഗണന നല്‍കിയും കാല്‍നടയാത്രികര്‍ക്കു വഴിനടക്കാന്‍ സാഹചര്യമൊരുക്കിയും ഹാപ്പി ഹോര്‍മോണ്‍ സൃഷ്ടിക്കാനാകും. സഹായം ചെയ്തു അപരനെ സന്തോഷിപ്പിച്ചുകൊണ്ടാകണം ഹാപ്പി ഹോര്‍മോണുകളെ സൃഷ്ടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണപ്രഭാഷണ ചടങ്ങില്‍ കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മുന്‍ അധ്യാപകനും എടത്വ സെന്റ് അലോഷ്യസ് കോളജ് മുന്‍ പ്രിന്‍സിപ്പലും ദീപിക ഡയറക്ടറുമായ റവ. ഡോ. തോമസ് പോത്തനാമൂഴി ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ ബിഷപ് പോത്തനാമൂഴി ഫൗണ്ടേഷന് പുരസ്കാരം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് സമ്മാനിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസ്, ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിജി കെ. ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. നിബു തോംസണ്‍, ഡോ. അനിത ജെ. മറ്റം എന്നിവര്‍ പ്രസംഗിച്ചു. പോത്തനാമൂഴി കുടുംബാംഗങ്ങളായ മാണി പോത്തനാമൂഴി, മാത്യു പോത്തനാമൂഴി, വിന്‍സെന്റ് പോത്തനാമൂഴി, ഫാ. സെബാസ്റ്റ്യന്‍ പോത്തനാമൂഴി എന്നിവര്‍ അനുസ്മരണചടങ്ങില്‍ പങ്കെടുത്തു.
District News
അടിമാലി: വ്യത്യസ്ത മേഖലകളില്‍ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു വനിതാ ശിശുവികസന വകുപ്പ് നല്കുന്ന ഉജ്വലബാല്യ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അടിമാലി മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി സ്പെഷല്‍ സ്കൂളിന് അഭിമാന നേട്ടം. കാര്‍മല്‍ ജ്യോതിയുടെ ഏഴിമലൈ നാഗരാജ്, കെ.എസ്. കാശി എന്നിവർക്കാണ് ഇത്തവണ ഭിന്നശേഷി വിഭാഗത്തില്‍ ഉജ്ജ്വലബാല്യ പുരസ്കാരം ലഭിച്ചത്.
കലാ - കായികരംഗത്തെ മികച്ച പ്രകടനമാണ് ഭിന്നശേഷി വിഭാഗത്തില്‍ കെ.എസ്. കാശിയെ പുരസ്ക്കാരത്തിനര്‍ഹനാക്കിയത്. കാര്‍മല്‍ ജ്യോതിയിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിയാണ് കാശി.
2023ല്‍ കാര്‍മല്‍ ജ്യോതിയില്‍ വിഭ്യാഭ്യാസം ആരംഭിച്ച കാശി കലാ - കായികരംഗത്ത് മാത്രമല്ല കാര്‍ഷിക രംഗത്തും മികവ് പ്രകടമാക്കിയിട്ടുണ്ട്. 2024-25 കേരള സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിലും ജില്ലാതല ഭിന്നശേഷി ദിനാഘോഷത്തിലും അടിമാലി പഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിലും വിവിധയിനങ്ങളില്‍ മികവു തെളിയിച്ചിരുന്നു.
കാര്‍മല്‍ ജ്യോതിയിലെ പ്രീ വൊക്കോഷണല്‍ വിദ്യാര്‍ഥിയാണ് ഏഴിമലൈ നാഗരാജ്.12-18 വയസ് വിഭാഗത്തിലാണ് ഏഴിമലൈ നാഗരാജിന് പുരസ്കാരം. 13-ാമത് ദേശീയ പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ സബ് ജൂനിയര്‍ വിഭാഗം ലോംഗ് ജംപില്‍ സ്വര്‍ണം നേടിയതടക്കം കലാ, കായിക രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്
ഏഴിമലൈ നാഗരാജ്. കാര്‍ഷിക രംഗത്തും ഏഴിമലൈ മികവു തെളിയിച്ചിട്ടുണ്ട്. തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഏഴിമലൈയെ കാര്‍മല്‍ ജ്യോതിയില്‍ പ്രവേശിപ്പിച്ചത്.
10 വര്‍ഷമായി കുട്ടിയുടെ സംരക്ഷണം കാര്‍മല്‍ ജ്യോതി നിര്‍വഹിക്കുന്നു. കാര്‍മല്‍ ജ്യോതിയില്നിന്നു സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജിയുടെയും മറ്റു ജീവനക്കാരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നല്കുന്ന മികച്ച പരിശീലനവും പിന്തുണയും പ്രോത്സാഹനവും കൂടിയാണ് കാശിയെയും ഏഴിമലൈയെയും പുരസ്കാരനിറവില്‍ എത്തിച്ചത്.
Kerala
കാഞ്ഞിരപ്പള്ളി: സംരംഭകത്വവും ക്രിയാത്മക ചിന്താഗതിയും വളർത്തി സമൂഹ മുന്നേറ്റത്തിന് വഴിതെളിക്കുന്ന യുവതലമുറയെ വളർത്തിയെടുക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിന് സംസ്ഥാനതല അവാർഡ്.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടപ്പാക്കുന്ന യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ സംസ്ഥാനതലത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡാണ് അമൽജ്യോതിക്ക് ലഭിച്ചത്. തുടർച്ചയായ ഇന്നവേഷൻ നേട്ടങ്ങളെ പരിഗണിച്ച് കോളജിന് ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് അവാർഡും ലഭിച്ചു.
കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും കോളജുകളുടെയും സ്കൂളുകളുടെയും വിദ്യാർഥികൾ പങ്കെടുത്ത സംസ്ഥാനതല പ്രൊജക്ട് മത്സരത്തിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഏറ്റവും കൂടുതൽ വിജയിച്ച പ്രൊജക്ടുകൾ സമർപ്പിച്ച സ്ഥാപനമായതിനാലാണ് അമൽജ്യോതി ഈ പുരസ്കാരം നേടിയത്.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്റ്റേറ്റ് ഇന്നവേഷൻ മീറ്റ് പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, പ്രഫ. അനീഷാ മോൾ എബ്രഹാം, ഡോ. ഷെറിൻ സാം ജോസ് എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.
വരും വർഷങ്ങളിലും പുതുമയാർന്ന ആശയങ്ങൾ സമൂഹ നന്മയ്ക്കായി രൂപപ്പെടുത്തുന്നതിന് വേണ്ടിയും അവയെ സംരംഭങ്ങളാക്കി മാറ്റി സമൂഹ നന്മ ഉറപ്പുവരുത്തുന്നതിനുമായുള്ള ശ്രമങ്ങളുമായി കോളജ് മുന്നോട്ടുപോകുമെന്ന് ഡയറക്ടർ റവ.ഡോ. റോയ് പഴയ പറമ്പിൽ അറിയിച്ചു.
Sports
മയാമി: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക്, മേയര്‍ ഫ്രാന്‍സിസ് സുവാരസ് കീ ടു ദ സിറ്റി ഓഫ് മയാമി പുരസ്കാരം നല്കി.
മയാമിക്കും അമേരിക്കയ്ക്കും ലോക ഫുട്ബോളിനും വേണ്ടി ചെയ്ത കാര്യങ്ങള്‍ക്കുള്ള സ്മരണാര്‍ഥമാണ് പുരസ്കാരം. 2023 ജൂലൈ 15നാണ് ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ എത്തിയത്.
Kerala
മാള: മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസമേഖലയിൽ മികവു തെളിയിച്ച പ്രധാനാധ്യാപകരെയും അധ്യാപകരെയും അവാർഡ് നൽകി ആദരിക്കുന്നു.
വിവിധ വിഭാഗങ്ങളിലായി നൽകുന്ന മെറ്റ്സ് അവാർഡ് ഫോർ എഡ്യുക്കേഷണൽ എക്സലൻസ് 2025ന് എൻട്രികൾ ക്ഷണിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ഹയർ സെക്കൻഡറി, സീനിയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും ആദരിക്കാനാണ് പദ്ധതി.
പ്രിൻസിപ്പൽമാർക്കായി മികച്ച അക്കാദമിക് നേട്ടങ്ങൾ, നൂതന വിദ്യാഭ്യാസപരിഷ്കാരങ്ങൾ, നേതൃത്വ മികവ് തുടങ്ങിയ മൂന്നു വിഭാഗങ്ങളിലായാണ് അവാർഡുകൾ നിശ്ചയിച്ചിരിക്കുന്നത്.
അധ്യാപകർക്കായി മെറ്റ്സ് എക്സലന്റ് ടീച്ചർ അവാർഡ്, മെറ്റ്സ് സബ്ജക്ട് എക്സ്പേർട്ട് അവാർഡ് എന്നീ രണ്ടു വിഭാഗങ്ങൾ ഉണ്ടാകും.
സബ്ജക്ട് എക്സ്പേർട്ട് അവാർഡുകൾ മാത്തമാറ്റിക്സ് - കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് - കെമിസ്ട്രി - ബയോളജി, ഇക്കണോമിക്സ് - ബിസിനസ് സ്റ്റഡീസ് - അക്കൗണ്ടൻസി എന്നീ മൂന്ന് വിഭാഗങ്ങളിൽ സമ്മാനിക്കും. അധ്യാപകരുടെ നാമനിർദേശം അതാത് സ്കൂളിലെ പ്രിൻസിപ്പൽ നൽകണം.
പ്രിൻസിപ്പൽമാർ അവരുടെ അപേക്ഷ സ്വയം സമർപ്പിക്കാവുന്നതാണെന്നു പത്രസമ്മേളനത്തിൽ മെറ്റ്സ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ, സിഇഒ ഡോ. ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
അപേക്ഷകൾ https://forms.gle/guSfCXdF8Lrz Mfex5 വഴി സമർപ്പിക്കാം. അവസാന തീയതി ഇന്നാണ്.
Kerala
തിരുവനന്തപുരം: അനന്തപുരി നൃത്ത-സംഗീതോത്സവത്തോടനുബന്ധിച്ച് ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യ കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രീ ചിത്തിര തിരുനാള്‍ പുരസ്കാരം 2025 പ്രമുഖ വ്യവസായിയും കലാസാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഗോകുലം ഗോപാലന്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഗോകുലം ഗോപാലന് നടത്തിവരുന്ന സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം. നവംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് കിഴക്കേക്കോട്ട രാജധാനി ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡ് സമ്മാനിക്കും.
Kerala
തൃശൂർ: കേരള സംഗീതനാടക അക്കാദമിയുടെ 2024ലെ സംസ്ഥാന പ്രഫഷണൽ നാടക അവാർഡ് സമർപ്പണം 29നു രാവിലെ 11.30ന് കെ.ടി. മുഹമ്മദ് തിയറ്ററിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
പ്രത്യേക ജൂറി പുരസ്കാരം ഉൾപ്പെടെ 22 അവാർഡുകളാണു വിതരണം ചെയ്യുക.
District News
തിരുവനന്തപുരം: പ്രഫ.ടി.ജെ. ചന്ദ്രചൂഡൻ പുരസ്കാരം മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് സമ്മാനിക്കും. 31 ന് രാവിലെ 11 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രഫ.ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവ്വതി ചന്ദ്രചൂഡൻ അറിയിച്ചു.
സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ജി.സുധാകരന് ആര്‍എസ്പിയുടെ പുരസ്കാരം. കുട്ടനാട്ടിൽ നടക്കുന്ന സിപിഎം പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനിടെയാണ് സുധാകരനെ തേടി പുരസ്കാരവുമെത്തുന്നത്.
NRI
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനയ്ക്കുള്ള 2025ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ) പുരസ്കാരം കരസ്ഥമാക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്).
ന്യൂജഴ്സിയിലെ എഡിസൺ നഗരത്തിൽ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ഐപിസിഎൻഎ 11-ാമത് ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചായിരുന്നു അവാർഡ് നൽകി ആദരിച്ചത്. സാമൂഹ്യ സാംസ്കാരിക കായിക ആരോഗ്യ രംഗങ്ങളിൽ ഉള്ള മികച്ച സംഭാവനകളാണ് മാഗിനെ അവാർഡിനർഹം ആക്കിയത്.
പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് കെ. വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ്, ട്രസ്റ്റി ബോർഡ് അംഗം അനിൽ ആറന്മുള, മുൻ വൈസ് പ്രസിഡന്റ് സൈമൺ വാളാച്ചേരിൽ എന്നിവർ കൊല്ലം എംപി എം.കെ. പ്രേമചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഈ ബഹുമതി മാഗിന്റെ ബോർഡ് അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും പുരസ്കാരം എല്ലാ അംഗങ്ങൾക്കുമായി സമർപ്പിക്കുന്നതായി പ്രസിഡന്റ് ജോസ് കെ. ജോൺ പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ പേരിൽ കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി നൽകുന്ന രണ്ടാമത് അവാർഡുകൾ പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയിൽ കുവൈറ്റ് പൗരനായ ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി, ജീവകാരുണ്യ മേഖലയിൽ ഡോ. ബോബി ചെമ്മണ്ണൂർ, ബിസിനസ് മേഖലയിൽ പ്രവാസി മലയാളി വ്യവസായി സിഷോർ മുഹമ്മദ് അലി എന്നിവർ അവാർഡുകൾക്ക് അർഹരായി.
ഒക്ടോബര്‍ മൂന്നിന് നടക്കുന്ന കുവൈറ്റ് കെഎംസിസി തൃശൂര്‍ ജില്ല സമ്മേളനത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി, ട്രെഷറർ അസീസ് പാടൂർ എന്നിവർ വർത്താക്കുറിപ്പിൽ അറിയിച്ചു.
NRI
കാഞ്ഞിരപ്പള്ളി: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും എൽസേവിയറും ചേർന്ന് തയാറാക്കിയ 2025ലെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഡീന്‍ റിസർച്ചും സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറുമായ ഡോ. സോണി സി. ജോർജ് ഇടം പിടിച്ചു.
ഇതിനോടകം നേടിയിട്ടുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങളുടെയും പ്രബന്ധങ്ങളുടെയും ശാസ്ത്ര ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും ഗുണനിലവാരവും സ്വാധീനവും വിലയിരുത്തുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം. പോളിമർ കോമ്പസിറ്റുകൾ, സൂപ്പർ കപ്പാസിറ്റേഴ്സ്, പോളിമർ മെംബ്രെയിനുകള്‍ എന്നിവയിലെ ഗവേഷണം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക പ്രശംസയും നേടി.
25 വർഷമായി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഡോ. സോണി സി. ജോർജിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ ദേശീയ അധ്യാപക അവാർഡും (2022) എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മികച്ച ഗവേഷകനുള്ള അവാർഡും (2018) ലഭിച്ചിട്ടുണ്ട്.
NRI
ഗാർലാൻഡ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബെന്നി ജോണിന് മികച്ച ഫൊട്ടോഗ്രഫർ അവാർഡ് നൽകി ആദരിച്ചു. ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടയിലാണ് ബെന്നി ജോണിന് ഗാർലാൻഡ് സിറ്റി മേയർ ഡിലൻ ഹെൻട്രിക്ക് പുരസ്കാരം നൽകിയത്.
സണ്ണിവെയിൽ ടൗൺ മേയർ സജി ജോർജ്, ഡാളസ് കൗണ്ടി ജഡ്ജ് മാർഗരറ്റ് ഒബ്രായൻ എന്നിവരും ബെന്നിയെ അനുമോദിച്ചു. സാമൂഹ്യ പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന നല്ല ഒരു വ്യക്തി കൂടിയാണെന്ന് അദ്ദേഹമെന്ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളുടെ അർഹമായ അംഗീകാരമാണ് ഈ അവാർഡ് എന്ന് മാധ്യപ്രവർത്തകൻ പി.പി. ചെറിയാൻ അഭിപ്രായപ്പെട്ടു.
NRI
ബർലിൻ: ജർമനി ആസ്ഥാനമായുള്ള ഗ്ലോബൽ മലയാളി ഫെഡറേഷൻ രാജ്യാന്തര പ്രവാസി പുരസ്കാരങ്ങൾ സമ്മാനിച്ചു. ജിഎംഎഫ് സംഗമത്തിന്റെ നാലാം ദിവസമായ 23ന് നടന്ന സമ്മേളനത്തിൽ ജർമനിയിലെ കലാസാംസ്കാരിക, നാടക രംഗത്ത് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി ജോയ് മാണിക്കത്തിനും മലയാള സാഹിത്യരംഗത്ത് സമഗ്രസംഭാവന നൽകിയ സ്വിറ്റ്സർലൻഡിൽ നിന്നുള്ള കവി ബേബി കാക്കശേരിക്കും പുരസ്കാരവും ബഹുമതിപത്രവും സമ്മാനിച്ചു.
ജർമനിയിലെ കൊളോൺ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ നടന്ന സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ജിഎംഎഫ് ഗ്ലോബൽ ചെയർമാനും ലോക കേരള സഭാംഗവുമായ പോൾ ഗോപുരത്തിങ്കൽ അവാർഡ് ജേതാക്കൾക്ക് പുരസ്കാരം സമ്മാനിച്ചു.
ജിഎംഎഫ് ട്രഷറർ വർഗീസ് ചന്ദ്രത്തിൽ ജോയി മാണിക്കത്തിന് ബഹുമതിപത്രം സമ്മാനിച്ചു. ജിഎംഎഫ് പ്രസിഡന്റ് സണ്ണി വേലൂക്കാരൻ ബേബി കാക്കശേരിക്ക് ബഹുമതിപത്രം കൈമാറി. രണ്ട് കാറ്റഗറിയിലായിട്ടാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പുരസ്കാര ജേതാക്കളായ ജോയ് മാണിക്കത്തിനെ ബാബു ഹാംബർഗും ബേബി കാക്കശേരിയെ ബേബി കലയങ്കേരിയും സദസിന് പരിചയപ്പെടുത്തി. പുരസ്കാര ജേതാക്കൾ മറുപടി പറഞ്ഞു. മാധ്യമ പ്രവർത്തകനും ലോകകേരളസഭാംഗവും ജിഎംഎഫിന്റെ 2022ലെ പുരസ്കാര ജേതാവുമായ ജോസ് കുമ്പിളുവേലിൽ ആശംസകൾ നേർന്നു.
സോഫി താക്കോൽക്കാരൻ സ്വാഗതവും എൽസി വേലൂക്കാരൻ നന്ദിയും പറഞ്ഞു. മേരി വെള്ളാരംകാലായിൽ, ജോസ് കുറിച്ചിയിൽ എന്നിവർ പരിപാടികളുടെ അവതാരകരായി. പ്രവാസി സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് മികവ് തെളിയിച്ച വ്യക്തികളെയാണ് വർഷങ്ങളായി ജിഎംഎഫ് അവാർഡ് നൽകി ആദരിക്കുന്നത്.
Business
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) 2025ലെ ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന് തെരഞ്ഞെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കോര്‍പറേറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവുകള്‍, വിശകലന വിദഗ്ധര്‍, ബാങ്കര്‍മാര്‍ തുടങ്ങിയവരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ സമഗ്രമായ ഗവേഷണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ഒക്ടോബര്‍ 18ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ഐഎംഎഫ്-ലോകബാങ്ക് വാര്‍ഷിക യോഗത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ എസ്ബിഐ ചെയര്മാന് സി.എസ്. സേട്ടി അവാര്‍ഡ് ഏറ്റുവാങ്ങും.