തിരുവനന്തപുരം: ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ക്ലിനിക്കല്‍ റിസര്‍ച്ച് മികവിനുളള ദേശീയ അവാര്‍ഡ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രഫ.ഡോ. ജീമോന്‍ പന്ന്യാമാക്കലിനു സമ്മാനിച്ചു.
ഹാര്‍ട്ട് ഫെയില്യര്‍ രോഗാവസ്ഥ ഉള്ളവരില്‍ നൂതനമായ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഉയര്‍ത്തുവാൻ ശ്രീ ചിത്രയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന് സാധിച്ചിരുന്നു. രാജ്യത്തെ 22 ആശുപത്രികളിലായി നടത്തിയ ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കേരളത്തിലെ പ്രമുഖ ആശുപത്രികള്‍ ഈ പഠനത്തിന്റെ ഭാഗമായിരുന്നു.
കാര്‍ഡിയോവാസ്കുലാര്‍ ഡിസീസ് എപിഡെമിയോളജി പ്രധാന ശ്രദ്ധാകേന്ദ്രമാക്കി ഇന്ത്യയില്‍ ദേശീയതലത്തില്‍ ഏകദേശം രണ്ടു ദശാബ്ദങ്ങളുടെ ഗവേഷണ പരിചയം ഡോ. ജീമോന്‍ നേടിയിട്ടുണ്ട്. പ്രമുഖ മെഡിക്കല്‍ ജേര്‍ണലുകളില്‍ ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിലവില്‍, വെല്‍ക്കം ട്രസ്റ്റ് ഡിബിടി ഇന്ത്യ അലയന്‍സ്, മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഓസ്ട്രേലിയ, മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ യുകെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് യുകെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയില്‍ നിന്നുള്ള 100 കോടി രൂപയ്ക്കു മേല്‍ മൂല്യമുള്ള പ്രധാന ഗവേഷണ ഗ്രാന്റുകള്‍ ഡോ. ജീമോന്‍ സ്വന്തമാക്കിയിട്ടുണ്ട്.
2021ല്‍ മെഡിക്കല്‍ സയന്‍സസ് വിഭാഗത്തില്‍ ഇന്ത്യയിലെ പ്രശസ്തമായ ശാന്തി സ്വരൂപ് ഭട്നാഗര്‍ പുരസ്കാരം പ്രഫ.ഡോ. ജീമോനു ലഭിച്ചിരുന്നു.
Tags : Clinical Research Award Dr. Jeemon Panniyamakal National Excellence wins