തൊടുപുഴ: മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ ഹമീദിനെ ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടം ജില്ലാ ജയിലിൽനിന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ എത്തിച്ചപ്പോഴും നിർവികാരനായിരുന്നു. ജഡ്ജി ആഷ് കെ. ബാൽ ആദ്യം വിളിച്ചത് പ്രമാദമായ ഈ കേസായിരുന്നു. വിധി ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസ്താവിക്കുമെന്ന് ജഡ്ജി പറഞ്ഞതോടെ ഹമീദുമായി പോലീസ് ജയിലിലേക്ക് മടങ്ങി.
തുടർന്ന് ഉച്ചയ്ക്ക് മൂന്നിന് കോടതി ചേരുന്നതിന് പത്തുമിനിറ്റ് മുൻപ് പോലീസ് വീണ്ടും ഹമീദിനെ ജയിലിൽ എത്തിച്ചു. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതായി ജഡ്ജി ആഷ് കെ. ബാൽ പറഞ്ഞു. ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി കേട്ടുനിന്നത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. പ്രതിയെ പിന്നീട് മുട്ടം ജയിലിലേക്കുതന്നെ മാറ്റി.
ആസൂത്രിത കൊലപാതകം
തൊടുപുഴ: സ്വന്തം മകനെയും കുടുംബത്തെയും വകവരുത്താൻ പ്രതി നടത്തിയ കൊലപാതകം ആസൂത്രിതമായിരുന്നെന്ന് അന്വേഷണ സംഘത്തലവനായിരുന്നു അന്നത്തെ തൊടുപുഴ ഡിവൈഎസ്പി ആയിരുന്ന എ.ജി. ലാൽ പറഞ്ഞു. സ്വത്ത് സംബന്ധമായ തർക്കമായിരുന്നു ക്രൂരകൊലപാതകത്തിന് കാരണം.
പ്രതിയുടെ പക്കലുള്ള പണവും മറ്റു രേഖകളും നശിക്കാതിരിക്കാൻ സംഭവം നടത്തുന്നതിന് മുൻപുതന്നെ സഹോദരന്റെ വീട്ടിൽ എത്തിച്ചിരുന്നു. ഇരകൾ രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഇയാൾ അടച്ചാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഞെട്ടിക്കുന്ന കുറ്റകൃത്യം: പ്രോസിക്യൂഷൻ
തൊടുപുഴ: സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് പ്രതി ഹമീദ് നടത്തിയതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. ക്രൂരമായ കൊലപാതകത്തിനുള്ള പദ്ധതിയാണ് പ്രതി തയാറാക്കിയിരുന്നത്. ഇതിന് സാക്ഷിമൊഴികളുണ്ട്.
മരിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് ഫൈസൽ 35 ലിറ്റർ വീതം കൊള്ളുന്ന കന്നാസുകളിൽ ഡീസലും പെട്രോളും വാങ്ങിയിരുന്നു. അത് ഫൈസൽ നടത്തുന്ന കടയിൽ സൂക്ഷിച്ച് വില്പന നടത്തുന്നതിനായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. ഇതു ചെറിയ കുപ്പികളിലാക്കി പ്രതി കൊണ്ടുപോകുന്നത് കണ്ടതായി സാക്ഷി മൊഴികളിൽ ഉണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
Tags : massacre nattuvisesham local news