തൊടുപുഴ: നഗരസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ഇത്തവണ ഭരണത്തിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ മൂന്നു മുന്നണികളും. കഴിഞ്ഞ അഞ്ചു വർഷം സംഭവബഹുലമായിരുന്നു തൊടുപുഴ നഗരസഭ ഭരണം.
കൂറുമാറ്റവും അധികാര കൈമാറ്റവും ആരോപണ പ്രത്യാരോപണങ്ങളും മുന്നണികളിലെ പടലപ്പിണക്കവും നഗരസഭയെ പിടിച്ചുലച്ചിരുന്നു. അധികാരത്തർക്കം പലപ്പോഴും നഗരസഭയുടെ വികസനത്തെ പോലും ബാധിക്കുന്ന ഘട്ടത്തിലെത്തുകയും ചെയ്തു.
കഴിഞ്ഞ തവണ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും കൂടുതൽ കാലവും ഭരണം നടത്തിയത് എൽഡിഎഫായിരുന്നു. എൽഡിഎഫിന്റെ തന്ത്രങ്ങളാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെടുത്താനിടയാക്കിയത്.
അവസാന ഒരു വർഷം മാത്രമാണ് യുഡിഎഫിന് നഗരസഭാ ഭരണം ലഭിച്ചത്. എന്നാൽ ഇത്തവണ എന്തു വില കൊടുത്തും ഭരണം പിടിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തിയത്.
ഇടക്കാലത്ത് ഇടഞ്ഞുനിന്ന കോണ്‍ഗ്രസും മുസ്ലിംലീഗും ഇത്തവണ യോജിപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
നഗരസഭയിൽ എൽഡിഎഫിന്റെ മുഖമായിരുന്ന ആർ. ഹരിക്ക് യുഡിഎഫ് പിന്തുണ നൽകിയത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ കേവലഭൂരിപക്ഷം നേടി ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കഴിഞ്ഞ തവണത്തെ എട്ടു സീറ്റെന്ന നില മെച്ചപ്പെടുത്താനാകുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണത്തിലെത്താമെന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്കാണ് അവസാനനിമിഷം തിരിച്ചടിയേറ്റത്.
ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സനീഷ് ജോർജിനെയും മുസ്ലീം ലീഗ് സ്വതന്ത്ര ജെസി ജോണിയെയും ഒപ്പം ചേർത്ത് എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. സനീഷ് ജോർജ് ചെയർമാനാകുകയും ജെസി ജോണി വൈസ് ചെയർപേഴ്സണ്‍ ആകുകയും ചെയ്തു.
പിന്നീട് ജെസി ജോണിയെ ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. സനീഷ് ജോർജ് പിന്നീട് കൈക്കൂലിക്കേസിൽ ആരോപണവിധേയനായതോടെ സ്ഥാനത്തുനിന്നു രാജിവയ്ക്കേണ്ടി വന്നു.
എൽഡിഎഫ് തന്നെ ചെയർമാനെതിരേ അവിശ്വാസം കൊണ്ടു വന്നെങ്കിലും ഇതു ചർച്ചയ്ക്കെടുക്കുന്നതിനു മുന്‍പ് രാജി വയ്ക്കുകയായിരുന്നു.
എന്നാൽ പിന്നീട് വന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ തർക്കം മൂലം അരികെയെത്തിയ പദവി കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടു. ചെയർമാൻ പദവി വീതം വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുസ്ലീം ലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തതോടെ സിപിഎമ്മിലെ സബീന ബിഞ്ചു ചെയർപേഴ്സണാകുകയായിരുന്നു. പിന്നീട് സബീന ബിഞ്ചുവിനെതിരേ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നു. സനീഷ് ജോർജും സിപിഎം അംഗമായ മെർളി രാജുവും ബിജെപിയിലെ നാലംഗങ്ങളും പിന്തുണച്ചതോടെ അവിശ്വാസം പാസായി സബീന ബിഞ്ചു പുറത്തായി.
ഇതിന്റെ പേരിൽ ബിജെപി നാലംഗങ്ങൾക്ക് പാർട്ടിയിൽനിന്നു നടപടി നേരിടേണ്ടിയും വന്നു. പിന്നീട് അടുത്തു നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ കെ. ദീപക് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
ഭൂരിപക്ഷം ലഭിച്ചാൽ കഴിഞ്ഞ തവണ സംഭവിച്ചതു പോലെ മുന്നണിയിൽനിന്നു മറുകണ്ടം ചാടാൻ ആരെങ്കിലും തയാറായാൽ അതിനു തടയിടുകയാവും മുന്നണികൾക്കു മുന്നിലെ വെല്ലുവിളി.
നാളെ ഫലപ്രഖ്യാപനം വരെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ.
കഴിഞ്ഞ തവണ എട്ടു സീറ്റുകൾ നേടിയ എൻഡിഎ മുണിയും ആത്മവിശ്വാസത്തിലാണ്. അധികാരം പിടിക്കാനുള്ള സീറ്റുകൾ ഇത്തവണ ബിജെപിക്കു നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയാണ് നേതാക്കൾ പങ്കു വയ്ക്കുന്നത്.
Tags : City Council nattuvisesham local news