റാന്നി: പെരുനാട് വഴി ഒഴുകുന്ന കുടിവെള്ളസ്രോതസില്‍ ശുചിമുറി മാലിന്യം തള്ളിയതായി സംശയിക്കുന്നുവെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല പെരുനാട് പോലീസിനും പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും പരാതി നല്കി. തിരുവാഭാരണ യാത്രയില്‍ ആയിരങ്ങള്‍ കുളിക്കാനും, കുടിക്കാനും ഉപയോഗിക്കുന്ന കിണറുകളില്‍ ഈ വെള്ളം ഇറങ്ങാനും സാധ്യതയുണ്ട്. വിഷയത്തിന്റെ ഗൗരവം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നാട്ടില്‍ മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.
റാന്നി പെരുനാട് കൂനംകര തോട്ടില്‍ മാലിന്യ ടാങ്കറില്‍ നിന്നുമാണ് മാലിന്യം തള്ളിയതെന്ന് സിസിടിവി യില്‍ നിന്നും വ്യക്തമാണെന്ന് പരാതിയിലുണ്ട്. കുടിക്കാനും, കുളിക്കാനും വെള്ളം എടുക്കുന്ന കൂനംങ്കര തൊട്ടിലേക്ക് 14 ടാങ്കര്‍ കക്കുസ് മാലിന്യം തള്ളിയാതായിട്ടുമാണ് പ്രദേശവാസികള്‍ പറയുന്നത്. ടാങ്കര്‍ ലോറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പെരുനാട് വിശ്രമ കേന്ദ്രത്തിലെ മൂന്ന് ടാങ്കുകള്‍ ക്ളീന്‍ ചെയ്യാന്‍ ഒരു ഏജന്‍സിയെ ഏല്പിച്ചിരുന്നു. കുടിവെള്ള സ്രോതസില്‍ മാലിന്യം ഈ വഴിയാണോ എന്ന സംശയവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.
ഒരു ചുവന്ന കാര്‍ ഈ സമയങ്ങളില്‍ അകമ്പടി പോയതായും പരാതിയിലുണ്ട് ഇതു സംബന്ധിച്ച് ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തിയിട്ടുണ്ട്. ഒരാളും തോട്ടിലെ വെള്ളത്തില്‍ ആരും ഇറങ്ങരുതെന്നും വെള്ളം ഉപയോഗിക്കരുതെന്നും കാട്ടി ആരോഗ്യ വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. നാട്ടില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.