റെയിൽപാളത്തിൽ കോൺക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയിൽ.
ബേക്കൽ : ജില്ലയിൽ വീണ്ടും ട്രെയിൻ അട്ടിമറിശ്രമം. കോട്ടിക്കുളം റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്ത് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ കോൺക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയിൽ കണ്ടെത്തി.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും സ്റ്റേഷനിലെ യാത്രക്കാരും സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു.
ഉടൻതന്നെ റെയിൽവേ ജീവനക്കാരെത്തി, ട്രെയിനുകൾ എത്തുന്നതിനുമുമ്പ് സ്ലാബ് നീക്കിയതിനാലാണ് വൻ അപകടം ഒഴിവായത്. ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ബേക്കൽ ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസും മണിരത്നവും മനീഷാ കൊയ്രാളയുമടക്കമുള്ളവർ എത്തിയ സമയത്താണ് ട്രെയിൻ അട്ടിമറിശ്രമം നടന്നത്.
ഏതാണ്ട് ഒരുവർഷം മുമ്പ് ഇതിനു സമീപത്തുതന്നെ റെയിൽപാളത്തിൽ മരത്തടി കയറ്റിവച്ച് അട്ടിമറിശ്രമം നടന്നിരുന്നു. ജില്ലയിൽ പലയിടങ്ങളിലും പാളത്തിൽ കരിങ്കൽ ചീളുകൾ നിരത്തിയ സംഭവങ്ങളും ഉണ്ടായിരുന്നു. എന്നാൽ, കോൺക്രീറ്റ് സ്ലാബ് കയറ്റിവയ്ക്കുന്ന സംഭവം ആദ്യമായിട്ടാണെന്നു പോലീസ് പറഞ്ഞു.
Tags : Concrete slab nattuvisesham local news