തൃശൂർ: കോർപറേഷൻ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യപട്ടിക 10ന് പ്രസിദ്ധീകരിച്ചേക്കും. തർക്കമുള്ള സീറ്റുകളിൽ മാരത്തണ്‍ ചർച്ച തുടർന്നതിനാൽ ഇന്നലെ സ്ഥാനാർഥിനിർണയം പൂർത്തിയായില്ല. ആദ്യഘട്ടത്തിൽ 40 ഡിവിഷനുകളിലേക്കും ബാക്കി ഘടകകക്ഷികളുമായുള്ള ചർച്ചയ്ക്കുശേഷവും തീരുമാനിക്കും. കഴിഞ്ഞവർഷം ഒരു സീറ്റിന്റെ കുറവിൽ ഭരണം നഷ്ടമായത് ഇക്കുറി ഒഴിവാക്കാൻ പരമാവധി ചർച്ച നടത്തിയാകും പ്രഖ്യാപനം. തിങ്കളാഴ്ച കോർകമ്മിറ്റി യോഗം ചേർന്ന ശേഷം അന്തിമതീരുമാനമുണ്ടാകും.
പുതൂർക്കര, ചേറൂർ തുടങ്ങിയ തർക്കങ്ങളില്ലാത്ത ഡിവിഷനുകളിൽ ധാരണയിലെത്തിയെന്നാണ് വിവരം. ചേലക്കോട്ടുകര, മിഷൻ ക്വാർട്ടേഴ്സ്, കിഴക്കുംപാട്ടുകര എന്നിവിടങ്ങളിലേക്ക് ഒന്നിലേറെ സ്ഥാനാർഥിമോഹികൾ രംഗത്തുണ്ട്. കിഴക്കുംപാട്ടുകരയിൽ പ്രാദേശിക എതിർപ്പുണ്ടെന്ന പ്രചാരണവും സ്ഥാനാർഥിനിർണയത്തിൽ പരിഗണിക്കും. പ്രമുഖ നേതാക്കളടക്കം കുരിയച്ചിറ ഡിവിഷനിലേക്കും നോട്ടമിടുന്നു.
പ്രതിപക്ഷനേതാവ് രാജൻ പല്ലൻ അടക്കമുള്ളവർ ഇക്കുറി മത്സരരംഗത്ത് ഉണ്ടാകില്ലെന്നാണ് അറിയിച്ചതെങ്കിലും പ്രമുഖനേതാക്കൾ മത്സരിക്കണമെന്നു കെപിസിസി നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ രാജൻ പല്ലൻ, ജോണ്‍ ഡാനിയൽ, എ. പ്രസാദ് എന്നിവരടക്കം വീണ്ടും മത്സരത്തിന് ഇറങ്ങിയേക്കും.
കഴിഞ്ഞവർഷം എം.കെ. വർഗീസിനെതിരേ മത്സരിച്ചു പരാജയപ്പെട്ട ബൈജു വർഗീസിന് ഇക്കുറി മിഷൻ ക്വാർട്ടേഴ്സ് നൽകണമെന്ന ആവശ്യവും ചിലർ ഉയർത്തി. എന്നാൽ, ജോർജ് ചാണ്ടിക്കു സീറ്റ് നിഷേധിച്ചാൽ അദ്ദേഹം ബിജെപിയിലേക്കു പോകുമെന്ന പ്രചാരണവും ശക്തമാണ്. എം.കെ. വർഗീസിനെതിരേ മത്സരിച്ചു തോറ്റയാളെ മിഷൻ ക്വാർട്ടേഴ്സ് വാർഡിൽ സ്ഥാനാർഥിയാക്കി മറ്റൊരു കോണ്‍ഗ്രസ് നേതാവിനെക്കൂടി ബിജെപിയിലേക്കു കൊടുക്കാനാണു ശ്രമിക്കുന്നതെന്നാണ് ആരോപണം. എന്നാൽ, മറ്റൊരു പാർട്ടിയിലേക്കു പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ജോർജ് ചാണ്ടി പ്രതികരിച്ചു.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ ഇടതുപക്ഷവും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കും.