റാന്നി: വലിയ പാലത്തിന്റെ നിര്‍മാണ ടെന്‍ഡര്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. കരാര്‍ കമ്പനി ക്വോട്ട് ചെയ്ത 31.79 കോടി രൂപ ചെലവഴിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.
നേരത്തെ നിര്‍മാണം മൂന്നുതവണ ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും പാലത്തിനായി നീക്കിവച്ച തുകയുടെ 40 ശതമാനം തുക അധികമാണ് കരാറുകാരനായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ക്വോട്ട് ചെയ്തത്. ഇതിനാണ് ഇപ്പോള്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ ഉടന്‍ എഗ്രിമെന്റ് വച്ച് കരാറുകാരന് നിര്‍മാണം ആരംഭിക്കാനാകും. ഫെബ്രുവരി ആദ്യപകുതിയില്‍ തന്നെ പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മാണത്തിന് അനുമതി ലഭിച്ചത് 2016 - 21 സര്‍ക്കാരിന്റെ കാലത്താണ്. പാലത്തിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാലത്തിന് ഇരുകരകളിലുമുള്ള അപ്പ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാന്‍ നിയമപരമായി നേരിടേണ്ടിവന്ന കാലതാമസം നിര്‍മാണം ഇടയ്ക്കുവച്ച് നിര്‍ത്താനിടയാക്കി. നദിയിലുള്ള മൂന്ന് തൂണുകളുടെ നിര്‍മാണം ഏകദേശം നടത്തിയെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം നടത്താതെ തുടര്‍ ജോലികള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി പണികള്‍ നിര്‍ത്തിവച്ചത്.
റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ വൈകിയത് ഇതിന്റെ നിര്‍മാണം മുടങ്ങാനിടയായി. കാലതാമസം നേരിട്ടതോടെ പാലത്തിന്റെ നിര്‍മാണച്ചെലവ് എസ്റ്റിമേറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ വര്‍ധിക്കുകയും നിര്‍മാണം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്ന കാരണത്താല്‍ കരാറുകാരന് നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു.
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉടന്‍ തന്നെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം സ്ഥലം സന്ദര്‍ശിക്കുകയും പാലം നിര്‍മാണത്തിനുള്ള തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.അങ്ങാടി പഞ്ചായത്തിലെ ഉപാസനക്കടവ് മുതല്‍ പേട്ട ജംഗ്ഷന് വരെയും റാന്നി പഞ്ചായത്തിലെ ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന ബ്ലോക്ക് പടി - രാമപുരം റോഡുമാണ് പാലത്തിന്റെ ഇരുകരകളിലേയും അപ്രോച്ച് റോഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
കെആര്‍എഫ്ബിയുടെ നിർമാണ പ്രവൃത്തി യായതിനാല്‍ തന്നെ അവരുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് അപ്രോച്ച് റോഡിന് കുറഞ്ഞത് പത്ത് മീറ്റര്‍ എങ്കിലും വീതി വേണം. നിലവിലുള്ള റോഡിന് കഷ്ടിച്ച് രണ്ട് മീറ്റര്‍ പോലും വീതിയില്ലാത്ത അവസ്ഥയാണ്.
ഇരു കരകളിലുമായി 155 ഭൂ ഉടമകളാണ് ഉള്ളത്. ഇവരുടെയെല്ലാം ഭൂമി മാര്‍ക്കറ്റ് വില നല്കി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള റവന്യൂ നടപടികള്‍ക്ക് വലിയ കാലതാമസമാണ് നേരിട്ടത്. 14.43 കോടി രൂപയാണ് വസ്തു ഏറ്റെടുക്കലിനായി ചെലവഴിച്ചത്. ഇതിനുശേഷം തുടര്‍ നടപടിയിലേക്ക് നീങ്ങിയപ്പോഴാണ് നേരത്തെ ഉണ്ടായിരുന്ന തുക പാലം നിര്‍മാണത്തിന് മതിയാകാതെ വന്നത്. ഈ സാഹചര്യത്തിലാണ് അധികമായി വേണ്ടിവരുന്ന തുക അനുവദിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായത്.