പെരുമ്പാവൂർ: നഗരസഭയുടെ പുതിയ ഷോപ്പിംഗ് മാൾ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ തുടക്കം കുറിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റഷീദ ലത്തീഫ്, സി.കെ. രാമകൃഷ്ണൻ, മിനി ജോഷി, അഭിലാഷ് പുതിയേടത്ത്, മുൻ ചെയർമാൻമാരായ സക്കീർ ഹുസൈൻ, ബിജു ജോൺ ജേക്കബ്, കൗൺസിൽ അംഗങ്ങളായ കെ.സി. അരുൺ കുമാർ, എസ്.ആർ. അനിതാദേവി, ഷീബ ബേബി, നഗരസഭ സെക്രട്ടറി കവിത എസ്. കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗ്രേസി ജോസഫ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.ആർ. മഞ്ജു, ഓവർസിയർ സി.കെ. ജെസി മോൾ എന്നിവർ പങ്കെടുത്തു.
പഴയ ലോറി സ്റ്റാൻഡ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഈ വിപുലമായ ഷോപ്പിംഗ് മാൾ ഉയരുന്നത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായ എഎം റോഡിൽ, യൂണിയൻ ബാങ്കിന്റെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന 60 സെന്റ് സ്ഥലത്താണ് നിർമാണം നടക്കുന്നത്.
പ്രദേശത്തിന്റെ ഒരു ഭാഗം ലോറി സ്റ്റാൻഡ് ആയി നിലനിർത്തും. ഇതിലൂടെ 15 ഓളം ലോറികൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. ആകെ 54,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായി കെട്ടിടം പണിയുന്ന പദ്ധതിയാണ് ഇത്. വാഹന പാർക്കിംഗിനായി മതിയായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വ്യാപാരവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കി നഗരസഭ രൂപകൽപന ചെയ്ത ഈ വ്യാപാര സമുച്ചയം, പെരുമ്പാവൂരിന്റെ നഗരവികസനത്തിൽ വൻ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാടക ഇനത്തിൽ പ്രതിമാസം ഏകദേശം 18 ലക്ഷം രൂപയുടെ അധിക വരുമാനം ഈ പദ്ധതിയിലൂടെ നഗരസഭ പ്രതീക്ഷിക്കുന്നു. മത്സ്യ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് മാതൃകയിൽപോലെ, വ്യാപാരികളിൽ നിന്നുള്ള മുൻകൂർ ഡെപ്പോസിറ്റ് തുകയും നഗരസഭയുടെ ഫണ്ടും ഉപയോഗിച്ചാണ് ഈ നിർമാണം നടത്തുന്നത്. ഈ പദ്ധതിക്കായി നഗരസഭ ലോൺ എടുക്കുന്നില്ല എന്നതാണ് പ്രത്യേകത.