ജില്ലാതല ഇൻവെസ്റ്റേഴ്സ് മീറ്റ് വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ഇൻവെസ്റ്റേഴ്സ് മീറ്റ് 2025 വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. നിക്ഷേപകരെ ആകര്‍ഷിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നൂതനമായ സംരംഭ ആശയങ്ങള്‍ അവതരിപ്പിക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതികളും സേവനങ്ങളും വിശദീകരിക്കുക, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതികളെ അവതരിപ്പിക്കുക എന്ന ലക്ഷ്യങ്ങളുമായാണ് ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപകര്‍ക്കുമുന്നില്‍ വ്യാവസായിക മേഖലയ്ക്ക് അനുയോജ്യമായ പുതിയ സംരംഭക സാധ്യതകളെക്കുറിച്ച് ധോണി ലീഡ് കോളജിന്റെ ചെയര്മാന് ഡോ. തോമസ് ജോര്‍ജ് ക്ലാസെടുത്തു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയം കെഎഫ്സി ചീഫ് മാനേജര്‍ എം.ആർ. അരുണ്‍ അവതരിപ്പിച്ചു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പദ്ധതികളെക്കുറിച്ച് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് സീനിയർ ടെക്നോളജി ഫെല്ലോ വിനീത ജോസഫ് വിശദീകരിച്ചു.
കെഎസ്ഐഡി സി, കിൻഫ്ര, ജിഎസ്ടി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിവിധ ബാങ്കുകള്‍ എന്നിവരും സംരംഭകര്‍ക്കായുള്ള പദ്ധതികളെക്കുറിച്ച് ക്ലാസുകള്‍ അവതരിപ്പിച്ചു. ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ 92 ഓളം സംരംഭകരും വിവിധവകുപ്പുകളില്‍ നിന്നുള്ള 50 ഓളം പ്രതിനിധികളും പങ്കെടുത്തു. 105 കോടിയോളം രൂപയുടെ നിക്ഷേപ സന്നദ്ധത സംരംഭകരില്‍ നിന്നും ലഭിച്ചു.
പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ ജില്ലാകളക്ടർ എം.എസ്. മാധവിക്കുട്ടി അധ്യക്ഷതവഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ പി.ടി. അനില്‍കുമാര്‍, കെഎസ്എസ്ഐഎ സെക്രട്ടറി സുനില്‍ ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ എ.കെ. റഹ്മത്തലി, സി.ജി. രാജേഷ്, എം.വി . ബൈജു, കെ. രാജന് തുടങ്ങിയവർ പങ്കെടുത്തു.
Tags : Meet Organized natuvisesham local news