അടൂർ: പറക്കോട് വ്യാപാര ആവശ്യത്തിനു വേണ്ടി നൂറുകണക്കിനാളുകൾ വന്നു പോകുന്ന അനന്തരാമപുരം മാർക്കറ്റിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളിൽ വ്യാപകമായി ത്വക്ക് രോഗം. ചില നായകളുടെ ത്വക്കുകൾ ഇളകിയും രോമങ്ങൾ കൊഴിഞ്ഞ അവസ്ഥയിലാണ്. പഴുത്ത വ്രണങ്ങളും ചിലവയിലുണ്ട്. ഇതു കാരണം നായ്ക്കൾ പലതും അവശനിലയിലാണ്. ഇവ അടുത്തു വരുമ്പോൾ വലിയ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
പറക്കോട് ഭാഗത്ത് ഹോട്ടലുകളുടേയും ബേക്കറികളുടേയും മുൻപിൽ എത്തുന്ന ഇത്തരം നായ്ക്കൾ കാരണം ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് വലിയ പ്രയാസമാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികളും പറയുന്നു. പറക്കോട് ജംഗ്ഷൻ, ചന്ത തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും തെരുവുനായ്ക്കൾ തങ്ങുന്നത്.
ബസ് നിൽക്കുന്നവർക്കിടയിലൂടെയും കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നവർക്കു സമീപവും ഇത്തരം രോഗമുള്ള നായ്ക്കൾ വന്നു കിടക്കാറുണ്ട്. ഇതു കാരണം യാത്രക്കാർ വളരെ പ്രയാസത്തിലാണ്. നായകൾക്ക് അണുബാധയാകാം ഇത്തരത്തിൽ ത്വക്ക് ഇളകാൻ കാരണമെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. ഇത് മാറാൻ കുത്തിവയ്പാണ് ഏക മാർഗം. പക്ഷേ നായ്ക്കളെ പിടികൂടിയാൽ മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്നുമാണ് മൃഗസംരക്ഷണ അധികൃതർ പറയുന്നത്.
നിവേദനം നൽകി
രോഗവാഹകരായ തെരുവു നായ്ക്കൾ മനുഷ്യർക്ക് ഭീഷണിയല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നുണ്ടെങ്കിലും നാട്ടുകാരിൽ ആശങ്ക മാറിയിട്ടില്ല. പലയിടത്തും നായകൾ ചത്ത് ജീർണിച്ച് വലിയ ദുർഗന്ധമാണ് ഉണ്ടാക്കുന്നത്. ദിവസേന നൂറുകണക്കിനാളുകൾ വ്യാപാര ആവശ്യത്തിന് വേണ്ടി വന്നു പോകുന്ന അനന്തരാമപുരം ചന്തയിൽ സാംക്രമികരോഗങ്ങൾ ഇതുമൂലം പടർന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇത്തരം പ്രശ്നങ്ങൾ ഒഴുവാക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തരമായി നടപടിയെടുക്കണമെന്ന ആവിശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും, മൃഗസംരക്ഷണ മന്ത്രിക്കും നിവേദനം നൽകിയതായി അടൂർ നഗരസഭ കൗൺസിലർ ജോസ് കളീക്കൽ പറഞ്ഞു.
Tags : nattu vishesham Dogs become disease Parakot Anantharamapuram market