റാന്നി: റാന്നിയിലെ പ്രധാന നിരത്തുകളിൽ ജലഅഥോറിറ്റിയും കേബിൾ കന്പനികളുമൊക്കെ റോഡ് വെട്ടിപ്പൊളിക്കാൻ മത്സരിക്കുന്നു. എന്നാൽ കുഴികൾ കൃത്യമായി മൂടാത്തതു മൂലം യാത്രക്കാർ ഭീഷണിയിലായി.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി പെരുന്പുഴ ടൗണിനും തോട്ടമണ്ണിനും മധ്യേ പലയിടങ്ങളിലായി സ്വകാര്യ കേബിൾ കന്പനി കുഴികളെടുത്തിരിക്കുകയാണ്. രാത്രിയിലാണ് കുഴിയെടുപ്പ് നടക്കുന്നത്. എന്നാൽ ഇത് മൂടാൻ ദിവസങ്ങളെടുക്കുന്നു. പലയിടത്തും കുഴികൾക്ക് മുന്നറിയിപ്പ് നൽകി ഇട്ടിരിക്കുകയാണ്. കഴിഞ്ഞയിടെ റാന്നി വൈക്കത്തിനു സമീപം റോഡ് തകരുന്ന സ്ഥിതിവരെ എത്തിയതാണ്. കോടികൾ മുടക്കി നിർമിച്ച സംസ്ഥാന പാതയിലാണ് ഇത്തരത്തിൽ കുഴിയെടുപ്പ് പുരോഗമിക്കുന്നത്.
റാന്നി - മേനാംതോട്ടം - അരുവിക്കൽ - കുന്പളന്താനം റോഡിൽ പറക്കുളം ജംഗ്ഷനു സമീപം റോഡിനു കുറുകെ പൈപ്പിടാൻ കുഴിച്ച കുഴി യാത്രക്കാർക്ക് മറ്റൊരു ഭീഷണിയാണ്. രണ്ടുമാസത്തിലേറെയായി എടുത്ത കുഴി ഇതേവരെയും ശരിയായി മൂടിയിട്ടില്ല. ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത് ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷകളുമാണ്. വളവും കയറ്റവും നിറഞ്ഞ ഭാഗത്ത് റോഡിൽ യാത്രയ്ക്കു തടസമാകുന്ന തരത്തിലാണ് പൈപ്പ് കുഴിയുള്ളത്.
Tags : road nattuvishesham local