കൊച്ചി: വഴിയോരത്ത് അവശനിലയില്‍ കണ്ടെത്തിയ വൃദ്ധനെ തെരുവോരം മുരുകന്റെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി എറണാകുളം ജനറല്‍ ആശുപത്രിയുടെ പിന്‍ഭാഗത്ത് അമ്മത്തൊട്ടിലിന് സമീപത്തു കിടന്ന രഘുരാജന്‍ (68) എന്നയാളെയാണ് ആശുപത്രിയിൽ എത്തിച്ചത്. വഴിയാത്രക്കാര്‍ ഭക്ഷണവും വെള്ളമൊക്കെ ഇടയ്ക്ക് നല്‍കിയിരുന്നെങ്കിലും രണ്ടു മൂന്നു ദിവസമായി അവശനിലയിലായിരുന്നു.
വഴിയാത്രക്കാരാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെ എയ്ഡ്പോസ്റ്റ് ഡ്യൂട്ടിക്കാരനായ സിപിഒ അജുമോന് തെരുവോരം മുരുകനെ വിളിച്ചു. മുരുകനും അങ്കമാലിയിലുള്ള സാമുഹ്യ പ്രവര്‍ത്തകരായ ജോസും സീനയും സ്ഥലത്തെത്തി രഘുരാജനെ വൃത്തിയാക്കിയശേഷം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ രഘുരാജന്‍ ഉത്സവപ്പറമ്പുകളില്‍ ബലൂണ്‍ കച്ചവടം നടത്തിവരികയായിരുന്നു. അദ്ദേഹത്തിന്റെ ബലൂണുകളും പണവും മോഷണം പോയതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും തെരുവോരം മുരുകന് പറഞ്ഞു.