കടുത്തുരുത്തി: തദ്ദേശ തെരഞ്ഞെടുപ്പുരംഗം സജീവമായതോടെ നാടാകെ തെരഞ്ഞെടുപ്പ് ചൂടില്‍. പല പഞ്ചായത്തുകളിലും മുന്നണികള്‍ക്കുള്ളിലെ കക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനം അവസാനഘട്ടത്തിലാണ്. പലയിടത്തും തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വനിതാ സംവരണ സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരക്കം പായുന്ന കാഴ്ചയും കാണാനാകും. ചില പഞ്ചായത്തുകളില്‍ പ്രധാന മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരുമെല്ലാം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കല്ലറ പഞ്ചായത്തില്‍ 14 സീറ്റുകളാണുള്ളത്.
എല്‍ഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായെങ്കിലും ചില സീറ്റുകള്‍ കക്ഷികള്‍ തമ്മില്‍ വച്ചുമാറുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. യുഡിഎഫില്‍ 10 സീറ്റില്‍ കോണ്‍ഗ്രസും നാല് സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. പ്രഖ്യാപനം ഇന്ന് രാവിലെയുണ്ടാകും.
ബിജെപി മുന്നണിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികള്‍ പ്രചാരണവും തുടങ്ങി. ബാക്കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയം അവസാനഘട്ടത്തിലാണ്. മാഞ്ഞൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നു. പ്രചാരണവും തുടങ്ങി. എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായിട്ടില്ല. മാഞ്ഞൂരില്‍ എല്‍ഡിഎഫ് മുന്നണിയില്‍ കേരള കോണ്‍ഗ്രസ്-എം മത്സരിക്കുന്ന ഒമ്പത് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുളക്കുളം പഞ്ചായത്തില്‍ ആകെയുള്ളത് 18 സീറ്റാണ്. മൂന്ന് മുന്നണികളിലെയും സീറ്റ് വിഭജനം പൂര്‍ത്തിയായി. സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലാണ്. എല്‍ഡിഎഫില്‍ ഒമ്പത് സീറ്റില്‍ സിപിഎം, മൂന്ന് സീറ്റില്‍ സിപിഐ, ആറ് സീറ്റില്‍ കേരള കോണ്‍ഗ്രസ്-എം എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
യുഡിഎഫില്‍ കോണ്‍ഗ്രസ്-13, കേരള കോണ്‍ഗ്രസ്-നാല്, കേരള കോണ്‍ഗ്രസ്-ജേക്കബ്-ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. എന്‍ഡിഎയില്‍ ബിജെപി 16 സീറ്റിലും ബിഡിജെഎസ് രണ്ട് സീറ്റിലും മത്സരിക്കുന്നു. കടുത്തുരുത്തിയില്‍ ആകെയുള്ളത് 20 സീറ്റാണ്. യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സ്ഥാനാര്‍ഥികള്‍ പ്രചാരണവും തുടങ്ങി. എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ണമായി.
സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു. എൻഡിഎയില്‍ ബിജെപി 20 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്.