പ്രവർത്തനം ആരംഭിക്കാത്ത ബ്ലോക്ക് 11 ലെ ആയുർവേദ ഡിസ്പെൻസറി.
ബിജു പാരിക്കാപ്പള്ളി
ഇരിട്ടി: ചരിത്രപരമായ ഹരിത വിപ്ലവവത്തിന്റെ ഭാഗമായി രണ്ടാം ലോകമഹായുദ്ധത്തിന്റെ അലയൊലികൾക്ക് ശേഷം രാജ്യത്ത് നേരിട്ട ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി ഇന്ത്യ-സോവിയറ്റ് യൂണിയൻ സൗഹൃദത്തിന്റെ ഉറച്ച കാൽവയ്പായിരുന്നു ആറളം സെൻട്രൽ സ്റ്റേറ്റ് ഫാം.
റഷ്യൻ സാങ്കേതിക സഹായത്തോടെ 1970 ൽ ആറളം കാർഷിക ഫാം രൂപീകരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം വന്നപ്പോൾ തെരഞ്ഞെടുത്ത സ്ഥലം പുഴകളാൽ ചുറ്റപ്പെട്ട് ആറുകളുടെ അളമായ ആറളമായിരുന്നു. സ്ഥാപിതമായതുമുതൽ പതിറ്റാണ്ടുകളോളം കൃഷിയുടെയും കാർഷിക വിളകളുടെയും കേന്ദ്രമായിരുന്നു സെൻട്രൽ സ്റ്റേറ്റ് ഫാം ആറളം. കാർഷിക വിപ്ലവത്തിന് തന്നെ തുടക്കംകുറിച്ച് കാലഘട്ടത്തിലെ ഏറ്റവും ഗുണമേന്മ കൂടിയതും അത്യുത്പാദന ശേഷിയുള്ള കാർഷികവിളകളും വിത്തുകളും ഇവിടെ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, മാറി മാറി വരുന്ന സർക്കാരുകളും അവർ നിയമിക്കുന്ന ഉദ്യോഗസ്ഥരും ആറളം ഫാമിനെ മറ്റൊരു രീതിയിലേക്ക് മാറ്റുകയായിരുന്നു.
വികസനത്തിന്റെ പേരിൽ കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളിൽ പലതും കാടുപിടിച്ചു കിടക്കുകയാണ്. ലക്ഷ്യബോധമില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ആറളം ഫാമിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നു, നിലവിലുള്ള അവസ്ഥ എന്താണ് എന്നതിലേക്ക് ദീപിക നടത്തുന്ന അന്വേഷണം.
സെൻട്രൽ സ്റ്റേറ്റ് ഫാം ആറളം
ഫാമിലെ അന്നത്തെ താമസക്കാരായിരുന്ന 535 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചുകൊണ്ട് 1972ൽ ആണ് ഫാം ആരംഭിച്ചത്. 7000 ഏക്കർ സ്ഥലങ്ങളെ 13 ബ്ലോക്കുകളാക്കി തിരിച്ച് വിവിധതരം ഭക്ഷ്യ, നാണ്യ വിളകളാണ് കൃഷി ചെയ്തിരുന്നത്. ഓരോ വിളകൾക്കും പറ്റിയ പ്രദേശം ഏതൊക്കെയെന്ന് പഠനം നടത്തിയാണ് ഫാമിൽ കൃഷി ഇറക്കിയത്. വിളകളുടെ മികവിന്റെ അടയാളമായി രണ്ട് തവണ നാഷണൽ പ്രൊഡക്ടിവിറ്റി അവാർഡും ലഭിച്ചു.
ദക്ഷ്യണേന്ത്യയിലെ ഏറ്റവും മികച്ച നടീൽ വസ്തു വിപണന കേന്ദ്രമെന്ന ഖ്യാതിയും ആറളം ഫാമിന് സ്വന്തമായിരുന്നു. ഏഷ്യയിലെ എല്ലാം തെങ്ങുകളും ഫാമിന്റെ മണ്ണിൽ തഴച്ചുവളർന്നു. രാജ്യാന്തര കാർഷിക പ്രദർശനങ്ങളിൽ ആറളം ഫാമിന്റെ കാർഷിക ഉത്പന്നങ്ങൾ പെരുമ നേടി.
പേരിന് മാത്രമൊരു കമ്പനി
ഭൂരഹിതരായ ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രത്തിൽ നിന്നു ആറളം ഫാം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരും വിട്ടു നൽകാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചത്. 2004 ൽ ഫാമിനെ രണ്ടായി വിഭജിച്ച് ഒരു ഭാഗം ആറളം പുനരധിവാസ കേന്ദ്രവും ബാക്കി ഭാഗം കാർഷിക ഫാമുമായി നില നിർത്തുകയും ചെയ്തു. ഫാം കൃഷിയിടത്തിന്റെ പ്രവർത്തനത്തിനായി 2010 ൽ ആറളം ഫാമിംഗ് കോർപറേഷൻ കേരള ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ച് പ്രവർത്തനം കമ്പനിയുടെ കീഴിലാക്കി.
കമ്പനിയാക്കി മാറ്റിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും കമ്പനി എന്ന രീതിയുള്ള അധികാരങ്ങൾ ഇല്ലാതെയാണ് ഇപ്പോഴത്തെ പ്രവർത്തനം. ഫാമിന്റെ സ്ഥാപകജംഗമ സ്വത്തുക്കൾ കമ്പനിക്ക് കൈമാറിയിട്ടില്ല. ഫാം പട്ടികവർഗ വകുപ്പിന് കീഴിലും ഫാം ഓഫീസ് വന്യജീവി സങ്കേതത്തിന്റെ കൈവശമുള്ള ഭൂമിയിലുമാണ് ഇപ്പോഴും സ്ഥിതി ചെയ്യുന്നത്.
കമ്പനിയെന്ന നിലയിൽ നിയമനം നടത്തുന്നതിനോ പുനരുദ്ധാരണത്തിനുള്ള ഫണ്ട് സ്വന്തം നിലയിൽ നടത്തുന്നതിനോ സാധ്യമല്ല. പട്ടികവർഗ വകുപ്പ് ഡയറക്ടറാണ് ഫാമിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഓരോ ഫയലുകളും നീങ്ങണമെങ്കിൽ പട്ടികവർഗ വകുപ്പ് കനിയണം. 2006ൽ ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം എന്നാണോ ആറളം ഫാം കമ്പനിയാക്കി മാറ്റുന്നത് അന്നുമുതൽ ഫാമിന്റെ മൂലധനവും ബാധ്യതകളും കമ്പനിയിലേക്കു മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപടി ആയില്ല.
പരാധീനതകൾക്ക് നടുവിൽ മുടന്തി നീങ്ങുന്ന ഫാമിനെ കടലാസിൽ ഒരു കമ്പിനി ആക്കിയിട്ടുണ്ടെങ്കിലും ഒന്നും നടപ്പിലാക്കിട്ടില്ല. ഇതു കാരണം തൊഴിലാളികളെ നിയമിക്കുന്നതിനൊ കമ്പനി എന്ന നിലയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനൊ സാധ്യമല്ല.
പിരിഞ്ഞു പോയ ജീവനക്കാർക്ക് പകരം വിദഗ്ധരായ ജോലിക്കാരെ നിയമിക്കാനും സാധിക്കില്ല. ഇത് ഫാമിന്റെ വികസന പ്രവർത്തനത്തെയാണ് ബാധിക്കുന്നത്. ഓരോ കാര്യത്തിനു സർക്കാരിലേക്കു കൈനീട്ടേണ്ട അവസ്ഥയാണുള്ള
ത്. ആറളം ഫാമിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധികളും വികസന പ്രവർത്തനങ്ങൾക്ക് തടസമാണ്. ആറളം ഫാമിംഗ് കോർപറേഷൻ ഓഫീസ് പോലും പ്രവർത്തിക്കുന്നത് വന്യജീവി സങ്കേതത്തിന്റെ കൈവശമുള്ള സ്ഥലത്താണ്.
പ്രശ്നം പരിഹരിക്കാൻ
ആര് മുൻകൈ എടുക്കും
ആറളം ഫാമിനുള്ളിൽ അഞ്ചുമുതൽ 10 ഏക്കർ വരെയുള്ള എട്ട് ഫോറസ്റ്റ് ബിറ്റുകളാണ് ഉള്ളത്. ഈ ഫോറസ്റ്റു ബിറ്റുകളിൽ ഫാമിനു യാതൊരു നിയന്ത്രണവുമില്ല. 1935 ൽ നിർമിച്ച ഫാം ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നതും ഇത്തരമൊരു ഫോറസ്റ്റ് ബിറ്റിലാണ്. ഈ ബിറ്റുകളും വന്യജീവി സങ്കേതവും തമ്മിൽ കിലോമീറ്ററുകളുടെ അകലമുണ്ട്. ഫോറസ്റ്റ് ബിറ്റുകൾ ഫാമിനോട് ചേർക്കുകയും പകരമായി വന്യജീവി സങ്കേത്തിനോട് ചേർന്ന ഫാമിംഗ് കോർപറേഷന്റെ കൈവശമുള്ള 60 ഏക്കർ ഭൂമി വന്യജീവി സങ്കേതത്തിനു നൽകുകയും ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നമാണ്. പക്ഷേ, ആര് മുൻകൈ എടുക്കും എന്നതാണ് പ്രശ്നം. മുന്പ് കെ. രാധാകൃഷ്ണൻ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഇതിനുള്ള നീക്കം നടത്തിയെങ്കിലും തീരുമാനം ആയില്ല.
ഫാമിംഗ് കോർപറേഷൻ ഓഫീസിൽ കയറി ജോലി ചെയ്യുന്നവരെ ആനയോ കടുവയോ ആക്രമിച്ചാൽ വന്യജീവി സങ്കേതത്തിൽ വച്ചുള്ള ആക്രമമായി വ്യാഖ്യാനിക്കപ്പെടും. ശമ്പള കുടിശിക ഉൾപ്പെടെ 12 കോടിയോളം രൂപയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കുകയും പുതിയ വരുമാന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ഫാം കമ്പനിക്ക് " ഒരു കമ്പനി 'യുടേതായ അധികാരങ്ങൾ ഉറപ്പാക്കുകയും ചെയ്താൽ ഇക്കാര്യങ്ങൾ നടക്കും. പക്ഷേ അധികാരപ്പെട്ടവർ എപ്പോൾ ഈ ചിന്തയിലേക്കു വരുമെന്ന് കണ്ടറിയണം.
പാളിപ്പോയ പുനരധിവാസം
ആസൂത്രണമില്ലാത്ത പുനരധിവാസം തകർത്തത് ആറളം കാർഷിക ഫാമിന്റെ നട്ടെല്ലിനെയാണ്. 2004ൽ ആറളം ഫാം വിഭജിച്ച് ആദിവാസികളെ പുനധിവസിപ്പിക്കാൻ എടുത്ത തീരുമാനം ചരിത്രപരം ആയിരുന്നെങ്കിലം തുടർനടപടികൾ മുതൽ ആസൂത്രണമില്ലായ്മ എല്ലാം വെള്ളത്തിൽ വരച്ച വരയായി. കാർഷിക മേഖലയുടെ നട്ടെല്ലായിരുന്ന ഫാം നട്ടു വളർത്തിയ 98 ഏക്കർ മാതൃവൃക്ഷത്തോട്ടം പുനഃരധിവാസ കേന്ദ്രത്തോടൊപ്പം ചേർത്തത് ആറളം ഫാം നഴ്സറിയുടെയും അപൂർവ മാതൃ വ്യക്ഷങ്ങളുടെ നാശത്തിനും വഴിവച്ചു. ഇതോടെ മികച്ചയിനം നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ചിരുന്ന ഫാമിന്റെ സാധ്യതയും പെരുമയും ഇല്ലാതാക്കി. വന്യജീവി സങ്കേതത്തോടു ചേർന്ന് ജനവാസ മേഖല രൂപപ്പെട്ടാൽ ഭാവിയിൽ ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് ഇത് കാരണമാവുമെന്ന അന്നത്തെ ആറളം വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഉത്തമൻ നൽകിയ റിപ്പോർട്ട് മേലധികാരികൾ ആരും പരിഗണിച്ചില്ല.
2010 ൽ ആറളം ഫാം ആറളം ഫാമിംഗ് കോർപറേഷൻ കേരള ലിമിറ്റഡ് എന്ന കമ്പനിയായി മാറിയതോടെ ഇവിടെ എത്തിയ ചില ഉദ്യോഗസ്ഥർ വന്യജീവികളെ തുരത്തൽ തങ്ങളുടെ ജോലിയല്ലെന്നും അത് വനംവകുപ്പ് ചെയ്യേണ്ടതാണെന്ന നിലപാടുകൂടി എടുത്തതോടെ കൃഷി ഭൂമി പൂർണമായും വന്യജീവികളുടെ പിടിയിലായി.
ജീവിത മാർഗത്തിന് പകരം
കോൺക്രീറ്റ് കെട്ടിടങ്ങൾ
ഒരു കുടുംബത്തിന് ഒരേക്കർ വച്ച് 3,500 കുടുംബങ്ങൾക്കാണ് ആറളം പുനരധിവാസ മേഖലയിൽ ഭൂമി വകയിരുത്തിയത്. ഇന്ന് 1300 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതിനേക്കാൾ എല്ലാം ഭയപ്പെടുത്തുന്ന കണക്കുകളാണ് ഓരോ മേഖലയും പരിശോധിച്ചാൽ ലഭിക്കുന്നത്. പുനരധിവാസ സമയത്ത് അനുവദിച്ചത് 2381 വീടുകൾ ആയിരുന്നു. ഇതിൽ 2108 വീടുകൾക്കാണ് കരാർ ഉറപ്പിച്ചത്. ഇതിൽ നിർമാണം പൂർത്തീകരിച്ചത് 1875 വീടുകൾ ആണെന്നാണ് കണക്ക്.
1300 താമസക്കാർ മാത്രമുള്ളയിടത്ത് അധികമുള്ള 575 വീടുകൾ ആർക്ക് വേണ്ടി നിർമിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. നബാർഡിന്റെ ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ സഹായത്തോടെ പുനരധിവാസ മേഖലക്കുള്ളിൽ പല കാര്യങ്ങൾക്കായി നിർമിച്ച 22 ൽ അധികം കോൺക്രീറ്റ് കെട്ടിടങ്ങൾ ഏകദേശ തുക കണക്കാക്കിയാൽ 60 - 80 കോടി രൂപയിൽ അധികം വരും. ഇവയിൽ ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലെന്നാണ് വാസ്തവം. വകുപ്പുകൾ കെട്ടിടങ്ങൾ പരിശോധിക്കുന്നുണ്ടെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം കെട്ടിടങ്ങളിൽ അധികവും കാടുകയറി നായകൾക്കും കുറുനരികൾക്കും പാമ്പുക ൾക്കും താവളം ആയിരിക്കുകയാണ്.
കെട്ടിടങ്ങളുടെ ശവപ്പറന്പ്
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി17.50 കോടിയോളം രൂപ മുതൽ മുടക്കി നിർമിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ നിർമാണം പൂർത്തിയാക്കിയിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. 2021 ൽ പൂർത്തിയായ കെട്ടിടം താത്കാലികമായി തിരുനെല്ലി ആശ്രമം സ്കൂളിനായി ഉപയോഗിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അനന്തമായി നീളുകയാണ്. ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടം ഉടൻ തുറന്ന് കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്ന് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
രണ്ട് അങ്കണവാടികൾ, രണ്ട് സ്കൂളുകൾ, കമ്യൂണിറ്റി ഹാൾ, മൃഗാശുപത്രി, പാൽ സൊസൈറ്റി, സപ്ലൈകോ, കൃഷി ഭവൻ, ബോയ്സ് ഹോസ്റ്റൽ തുടങ്ങിയ കോടികളുടെ കെട്ടിടങ്ങളാണ് കാടുകയറി നശിക്കുന്നത്. ആശുപത്രിക്കായി നിർമിച്ച കെട്ടിടം തങ്ങൾക്ക് വേണ്ടെന്ന് ആരോഗ്യവിഭാഗം രേഖാമൂലം എഴുതി കൊടുത്തിരുന്നു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും നേരിട്ട് ഇടപെട്ടിട്ടും ആദ്യ അലോട്ട്മെന്റിൽ വകുപ്പുകൾ ആരുംതന്നെ കെട്ടിടങ്ങൾ ഏറ്റെടുക്കാൻ തയാറായിരുന്നില്ല. ടിആർഡിഎമ്മിന്റെ നിർബന്ധത്തിന് വഴങ്ങി പലരും ഏറ്റെടുത്തെങ്കിലും കെട്ടിടങ്ങൾ എന്തുചെയ്യണം എന്നറിയാതെ ത്രിശങ്കുവിലാണ് വകുപ്പുകൾ.
ഫാം തിരിച്ചുപിടിക്കാൻ സാധ്യമോ ?
122 ജീവനക്കാരും 630 സ്ഥിരം തൊഴിലാളികളുമായി രൂപീകൃതമായ ഫാം ഇന്ന് ജീവനക്കാരും തൊഴിലാളികളുമായി 304 ജീവനക്കാരാണ് ഉള്ളത്. 131 കാർഷിക തൊഴിലാളികൾ, 17 പ്ലാന്റേഷൻ തൊഴിലാളികൾ, 129 കാഷ്വൽ തൊഴിലാളികൾ, 14 സ്ഥിരം ജീവനക്കാർ 14 കരാർ ജീവനക്കാർ എന്നിവരാണ് ഉള്ളത്. പിരിഞ്ഞു പോയ 36 തൊഴിലാളികൾ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കോടതിയെ സമീപിച്ചിരിക്കുകാണ്. 1935 ൽ നിർമിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്നന്ന ഫാം ഓഫീസ് സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്. ആറളം ഫാമിനെ രണ്ടായി വിഭജിച്ചെങ്കിലും ഫാമിന്റെ വികസനത്തിലൂടെ മാത്രമേ ആദിവാസികളുടെ തൊഴിലും ജീവിത നിലവാരവും വർധിക്കുകയുള്ളൂ. ഫാമിൽ തൊഴിൽ ഇല്ലാതായാൽ ആദിവാസി കുടുംബങ്ങൾ പട്ടിണിയകുമെന്നതിൽ സംശയമില്ല.
Tags : aralam nattuvisesham local news