ഭൂമിയാംകുളം പ്രദേശത്തുനിന്നു റോഡിൽ കിടന്നുകിട്ടിയ 500 രൂപയുടെ വ്യാജനോട്ടുകളിലൊന്ന്.
ചെറുതോണി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു പിന്നാലെ ഭൂമിയാംകുളം മേഖലയിൽ 500 രൂപയുടെ വ്യാജ പതിപ്പ് കണ്ടെത്തി. ഭൂമിയാംകുളം - സെമിനാരിപ്പടി - തടിയമ്പാട് റോഡിൽ കളഞ്ഞുപോയ നിലയിൽ കിട്ടിയത് 18,500 രൂപയുടെ വ്യാജനോട്ടുകൾ.
500 രൂപയുടെ ഈ നോട്ടുകൾ ഒറ്റനോട്ടത്തിൽ ആരെയും അബദ്ധത്തിലാക്കും. നോട്ടിന്റെ മുകൾഭാഗത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നുള്ളതിന് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് എന്ന് എഴുതിയിട്ടുണ്ട്. ഇത് ശ്രദ്ധിച്ചു നോക്കുന്നവർക്കു മാത്രമേ വ്യാജനെ തിരിച്ചറിയാനാവൂ. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിലാരോ വോട്ടിന് നോട്ട് നൽകാൻ കൊണ്ടുവന്ന വ്യാജനാണോ ഇതെന്ന് ജനങ്ങൾ സംശയിക്കുന്നു. പ്രായമായവരെ വ്യാജനോട്ട് നൽകി കബളിച്ച് വോട്ട് നേടാനുള്ള തന്ത്രമായിരുന്നോയെന്നും സംശയിക്കുന്നു.
സംഭവത്തെത്തുടർന്ന് ഈ മേഖലയിൽ 500 രൂപയുടെ നോട്ടുകൾ ഏറെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. തമാശയ്ക്കാണെങ്കിൽ പോലും ഇത്തരം വ്യാജ നോട്ടുകൾ തയാറാക്കുന്ന ഉറവിടം കണ്ടെത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Fake Rs. 500 nattuvisesham local newes