സമുദായ ശക്തീകരണ വര്‍ഷം-2026 ചങ്ങനാശേരി അതിരൂപതാതല ഉദ്ഘാടനസമ്മേളനത്തിനെത്തിയ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിക്കുന്നു.
സമുദായാംഗങ്ങള്‍ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലേക്കു വരണമെന്ന് ആഹ്വാനം
ചങ്ങനാശേരി: നസ്രാണി പൈതൃകത്തിന്റെ കാഹളം മുഴക്കിയും കൂട്ടായ്മയുടെ ശക്തി ബലപ്പെടുത്തിയും ചങ്ങനാശേരി അതിരൂപതയില്‍ സമുദായ ശക്തീകരണ വര്‍ഷത്തിനു ദീപം തെളിഞ്ഞു. കുറുമ്പനാടം ഫൊറോന പള്ളി ഓഡിറ്റോറിയത്തിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും സമുദായം നേരിടുന്ന വെല്ലുവിളികളും യോഗം ചര്‍ച്ച ചെയ്തു.
സമുദായിക ശക്തീകരണം വെറും യോഗങ്ങളിലൊതുങ്ങുന്നതല്ല. സമുദായത്തിന്റെ സമഗ്ര പുരോഗതിക്കുള്ള കര്‍മപദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പാക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ഏഴാംക്ലാസ് മുതലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തോടൊപ്പം അഭിരുചിക്കനുസരിച്ചുള്ള പദ്ധതികളും ഇവരുടെ പ്രോത്സാഹത്തിനായി ഇടവകകളില്‍ വൈദികരുടെ നേതൃത്വത്തില്‍ ഗൈഡന്‍സ് പദ്ധതികളും ആവിഷ്കരിക്കുമെന്നും ആമുഖപ്രസംഗത്തില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അറിയിച്ചു. അതിരൂപതയിലെ കുടുംബങ്ങളുടെ ഭദ്രതയ്ക്കായുള്ള നയപരിപാടികളും ആസൂത്രണം ചെയ്യും. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലേക്ക് കൂടുതല്‍ യുവജങ്ങള്‍ കടന്നുവരണമെന്നും വികാരി ജനറാള്‍ ആഹ്വാനം ചെയ്തു.
ഫൊറോനപള്ളിയുടെ പ്രധാന കവാടത്തില്‍നിന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സമ്മേളനനഗരിയിലേക്ക് സ്വീകരിച്ചാനയിച്ചു. അതിരൂപതയുടെ വിശ്രുതമായ ചരിത്രം അനാവരണം ചെയ്യുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചായിരുന്നു തുടക്കം. അതിരൂപതയുടെ അതിരമ്പുഴ മുതല്‍ അമ്പൂരി വരെ വ്യാപിച്ചുകിടക്കുന്ന 18 ഫൊറോനകളില്‍നിന്നുള്ള വൈദിക, സന്യാസിനി, അല്മായ സംഘടനാ പ്രതിനിധികളായ രണ്ടായിരത്തിഅഞ്ഞൂറിലേറെപ്പേര് സമ്മേളനത്തില്‍ പങ്കെടുത്തു.
കണ്‍വീനര്‍മാരായ അഡ്വ. ഡെന്നീസ് ജോസഫ്, പ്രഫ. ജാന്സണ് ജോസഫ്, ബിനു ഡൊമനിക്, ഡോ. സിജോ ജേക്കബ്, ബിനു വെളിയനാട്, ജോയല്‍ ജോണ്‍ റോയി, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി, ജസ്റ്റിന് പാറുകണ്ണില്‍, മാത്തുക്കുട്ടി മറ്റത്തില്‍, ജിന്സണ് തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ആന്റണി മലയില്‍, അമല തൂമ്പുങ്കല്‍, റിന്‍സ് വര്‍ഗീസ്, ഫൊറോനപള്ളി കൈക്കാരന്മാരായ ജോസഫ് തെക്കേക്കര, ജോയിച്ചന്‍ മറ്റത്തില്‍, ജോര്‍ജുകുട്ടി പുത്തന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. ജോബ് മൈക്കിള്‍ എംഎല്‍എ, തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
മാര്‍ഗംകളി, പരിചമുട്ടുകളി തുടങ്ങിയ നസ്രാണി കലാരൂപങ്ങളും യുവജനങ്ങളുടെ റൂഹാബാൻഡും സമ്മേളനത്തിന് ആവേശമായി. നസ്രാണി പൈതൃകത്തിലുള്ള ഭക്ഷണത്തോടെയാണ് സമ്മേളനം സമാപിച്ചത്.
ചങ്ങനാശേരി അതിരൂപത കേരളത്തിലെ നസ്രാണി സമുദായത്തിന്റെ നാവ്: ജസ്റ്റീസ് ജെ.ബി. കോശി
കുറുമ്പനാടം: കേരളത്തിലെ നസ്രാണി സമുദായത്തിന്റെ മുഴുവന്‍ നാവാണ് ചങ്ങനാശേരി അതിരൂപതയെന്നും സമൂഹത്തിനു പല നന്മകളും ചെയ്യാന്‍ കഴിവുള്ള സമൂഹമാണിതെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പഠന കമ്മീഷന് ചെയര്‍മാനായിരുന്ന റിട്ട. ജസ്റ്റീസ് ജെ.ബി. കോശി. ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികള്‍ ഒന്നിച്ചുനിന്നാല്‍ വലിയശക്തിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറുമ്പനാടത്തു നടന്ന അതിരൂപത സമുദായ ശക്തീകരണ വര്‍ഷം ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പള്ളിയിലെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന വിശ്വാസികളാണ് സമുദായത്തിന്റെ വലിയ ശക്തി. കുട്ടികള്‍ ട്യൂഷനെക്കാള് പ്രാധാന്യം വിശുദ്ധ കുര്‍ബാനയ്ക്കു നല്‍കണം. സഭ ചെയ്യുന്ന വലിയ നന്മകളെ കാണാതെ ചെറിയ തെറ്റുകളെ പെരുപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന രീതി നന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക പരിഹാരത്തിനു കനാലുകള്‍ വൃത്തിയാക്കണമെന്ന ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിനു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സന്നദ്ധമാകണമെന്നും ജസ്റ്റീസ് കോശി ആവശ്യപ്പെട്ടു.
മാര്‍ തോമസ് തറയിലിന് നിത്യസഹായ മാതാവിന്റെ ചിത്രം സമ്മാനിച്ച് ജസ്റ്റീസ് കോശി
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു നിത്യസഹായ മാതാവിന്റെ ചിത്രം നല്കി ജസ്റ്റീസ് ബെഞ്ചമിന്‍ കോശി. കുറുമ്പനാടത്തു നടന്ന അതിരൂപതാ സമുദായ ശക്തീകരണവര്ഷ ഉദ്ഘാടന ചടങ്ങിലെത്തിയപ്പോഴാണ് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കൂടിയായ ജസ്റ്റീസ് കോശി മാര്‍ തറയിലിനു ചിത്രം നല്‍കിയത്. ചിത്രം സമ്മാനമായി ലഭിച്ച വിവരം ആര്‍ച്ച്ബിഷപ് സമ്മേളനത്തില്‍ പറഞ്ഞു.
കുറുമ്പനാടത്ത് സമുദായ ശക്തീകരണ സമ്മേളനം നടക്കുന്നതു കണ്ട് സ്വര്‍ഗത്തിലിരുന്ന് പവ്വത്തില്‍ പിതാവ് സന്തോഷിക്കുന്നുണ്ടെന്ന് ജസ്റ്റീസ് ജെ.ബി. കോശി പ്രസംഗമധ്യേ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായിരിക്കെ, പലതവണ ചങ്ങനാശേരി അരമനയിലെത്തി പവ്വത്തില്‍ പിതാവിനെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ജെ.ബി. കോശി കൂട്ടിച്ചേര്‍ത്തു.
Tags : Local News Nattuvishesham Kottayam