വെള്ളരിക്കുണ്ടിൽ നടത്തിവരുന്ന കർഷക സ്വരാജ് റിലേ സത്യഗ്രഹത്തിന് ഇൻഫാം തലശേരി കാർഷിക ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭിവാദ്യങ്ങളർപ്പിച്ചപ്പോൾ.
തലശേരി: കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്ന വന്യമൃഗശല്യം മാഫിയാ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ഇൻഫാം തലശേരി കാർഷിക ജില്ലാ കമ്മിറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയോരമേഖലയിൽ നിന്ന് നൂറ്കണക്കിന് കുടുംബങ്ങൾ വീടും സ്ഥലവും ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. കൃഷി ഉപേക്ഷിക്കുന്ന സ്ഥലങ്ങൾ സ്വാഭാവികമായും വനപ്രദേശമായി മാറുകയാണ്.
ഇത് കുറഞ്ഞവിലയിൽ തട്ടിയെടുക്കുന്ന മാഫിയ സംഘങ്ങൾ റിസോർട്ട്, ഖനനം, വനചൂഷണം എന്നിവയ്ക്കാണ് അവസരമൊരുക്കുന്നത്. ഇതിന് സഹായകരമായ രീതിയിൽ സർക്കാർ കർഷകർ കുടിയിറങ്ങുന്നത് പ്രോത്സാഹിപ്പിച്ച് മൗനം പാലിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
വെള്ളരിക്കുണ്ടിൽ കർഷകസ്വരാജ് റിലേ സത്യഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് മുൻ ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ പ്രസംഗിച്ചു. സർക്കാർ വന്യമൃഗങ്ങൾക്കൊപ്പമല്ല മറിച്ച് സാധാരണക്കാരായ കർഷകരുടെയൊപ്പമാണ് നിൽക്കേണ്ടതെന്നും ഈ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഫാ.ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു.
സത്യഗ്രഹ ലീഡർ സണ്ണി പൈകട അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ അന്ത്യാംകുളം, സ്കറിയ നെല്ലംകുഴി, ഗിരി താനേരി, സണ്ണി തുണ്ടത്തിൽ, ജോസ് തോണിയ്ക്കൽ, സണ്ണി പുല്ലുവേലിൽ, ആൻ്റണി ജീരകത്തിൽ, ലാലിച്ചൻ കുഴിയാത്ത് എന്നിവർ പ്രസംഗിച്ചു. ഇൻഫാം തലശേരി കാർഷിക ജില്ലാ പ്രതിനിധികൾ സത്യഗ്രഹത്തിൽ പങ്കുചേർന്നു.
Tags : Infarm natuvisesham local news