മാനന്തവാടി: വേമം പാടശേഖരത്തിൽ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർക്ക് ആശങ്ക. സംഭരണവുമായി ബന്ധപ്പെട്ട അലോട്ട്മെന്റ് നടപടികൾ കൃഷിവകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാരണമെന്ന് കർഷകർ പറഞ്ഞു.
മാനന്തവാടി താന്നിക്കൽ വേമം പാടശേഖരത്തിലെ കർഷകരാണ് നെല്ല് സംഭരണം വൈകുന്നതിൽ ആശങ്കയിലായിരിക്കുന്നത്. 180 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരം വടക്കേ വയനാടിന്റെ പ്രധാനപ്പെട്ട നെല്ലറകളിലൊന്നാണ്. വർഷങ്ങളായി പ്രദേശത്തെ കർഷകരുടെ പക്കൽ നിന്നും സപ്ലൈക്കോ നെല്ല് സംഭരിക്കുന്നുണ്ട്.
പലയിടങ്ങളിലും നെൽകൃഷി നഷ്ടത്തിലാകുന്പോൾ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണമാണ് കൃഷി തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ കൊയ്ത്ത് നടന്നയുടൻ തന്നെ സംഭരണം നടന്നിരുന്നു. എന്നാൽ ഇത്തവണ കൊയ്ത്തു കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും സംഭരണം നടന്നിട്ടില്ല.
കൊയ്തെടുത്ത നെല്ല് വിവിധ സ്ഥലങ്ങളിൽ ചാക്കുകളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയിലാണ്. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് ഇത്തവണ നെല്ല് സംഭരിക്കുകയെന്നാണ് സപ്ലൈക്കോ അറിയിച്ചിരിക്കുന്നത്. എന്നാൽ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം വൈകുന്നതിനാൽ കുറഞ്ഞവിലയ്ക്ക് സ്വകാര്യ ഏജൻസികൾക്ക് നല്കി നെല്ല് ഒഴിവാക്കാള്ള ആലോചനയിലാണ് ചില കർഷകർ.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അലോട്ട്മെന്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ ഏതൊക്കെ മില്ലുകളിലേക്കാണ് നെല്ല് സംഭരണം നടത്താനാകുക എന്ന് തീരുമാനത്തിലെത്താനാകൂ. നെല്ല് സംഭരിക്കാനുള്ള നടപടികൾ ഉടൻ വേണമെന്നാണ് കർഷകരുടെ ആവശ്യം.