തൃശൂർ ലൂർദ് കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാൾ കൊടിയേറ്റം അതിരൂപത വികാരി ജനറാൾ ഫാ. ജോസ് കോനിക്കര നിർവഹിക്കുന്നു. വികാരി ഫാ. ജോസ് വല്ലൂ
തൃശൂർ ലൂർദ് കത്തീഡ്രലിൽ
തൃശൂർ: ലൂർദ് കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ 139-ാം തിരുനാൾ കൊടിയേറ്റം അതിരൂപത വികാരി ജനറാൾ ഫാ. ജോസ് കോനിക്കര നിർവഹിച്ചു. വികാരി ഫാ. ജോസ് വല്ലൂരാൻ, സഹവികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്മോൻ ചെമണ്ണൂർ എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങുകൾക്കു തിരുനാൾ കമ്മിറ്റി ജനറൽ കൺവീനറും നടത്തുകൈക്കാരനുമായ ജോർജ് കവലക്കാട്ട്, കൈക്കാരന്മാരായ കെ.എ. റാഫി, പി.എൽ. സെബി, റോഷൻ ഡേവിസ്, കമ്മിറ്റി ചെയർമാന്മാരായ ആന്റണി തോട്ടാൻ, ഷാജി പാനികുളം, ഡോ. ഇഗ്നേഷ്യസ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
ആറുമുതൽ 10 വരെയാണ് തിരുനാൾ ആഘോഷങ്ങൾ. ആറിനു രാത്രി ഏഴിനു മധ്യമേഖല ഡിഐജി ഹരിശങ്കർ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കും. തുടർന്ന് സ്നേഹസംഗമം.
ഏഴിനു വൈകീട്ട് 4.30 നു മരിയൻസമർപ്പണം, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, വിശുദ്ധരുടെ രൂപം എഴുന്നള്ളിക്കൽ. എട്ടിനു വൈകിട്ട് ഇടവകയിലെ 38 കുടുംബകൂട്ടായ്മകളിൽനിന്നു വാദ്യമേളങ്ങളോടെയുള്ള അമ്പ് ആഘോഷം 10.30 ന് കത്തീഡ്രലിൽ എത്തിച്ചേരും. ശേഷം തേരുമത്സരം.
ഒന്പതിനു രാവിലെ 10.30 ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി പൊന്തിഫിക്കൽ കുർബാന, വൈകീട്ട് 430 ന് ജപമാലപ്രദക്ഷിണം, 6.30 ന് ബസിലിക്കയിൽനിന്ന് ലൂർദ് കത്തീഡ്രലിലേക്കു പരിശുദ്ധ അമലോത്ഭവമാതാവിന്റെ കിരീടം എഴുന്നള്ളിപ്പ്. പത്തിനു രാവിലെ 7.30 നു മരിച്ചവർക്കുവേണ്ടി പാട്ടുകുർബാന, വൈകീട്ട് 6.30 നു തണ്ടർബീറ്റ്സ് മ്യൂസിക് ബാൻഡ് , ഒന്പതിനു ജീവകാരുണ്യപ്രവർത്തന ഫണ്ട് വിതരണം, 9.30 നു വർണമഴ എന്നിവ ഉണ്ടായിരിക്കും.
കണ്ണംകുളങ്ങര പള്ളിയിൽ
തൃശൂർ: കണ്ണംകുളങ്ങര ക്രിസ്തുരാജ പള്ളിയിൽ ക്രിസ്തുരാജന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ കൊടിയേറ്റം അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നിർവഹിച്ചു. എട്ടുമുതൽ പത്തുവരെയാണ് തിരുനാൾ.
എട്ടിനു രാത്രി 10 ന് യൂണിറ്റുകളിൽനിന്നുള്ള അമ്പുപ്രദക്ഷിണം വാദ്യമേള അകമ്പടിയോടെ പള്ളിയിൽ സമാപിക്കും.
ഒന്പതിനു രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് എസ്ഡിവി മൈനർ സെമിനാരി റെക്ടർ ഫാ. ഷിന്റോ തോബിയിൽ മുഖ്യകാർമികനാകും. മണ്ണുത്തി ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ജിമ്മി പോന്നത്ത് സന്ദേശം നൽകും.
വൈകീട്ട് 5.30നു പ്രദക്ഷിണം. പത്തിനു വൈകീട്ട് 6.30 ന് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കിരീടം എഴുന്നള്ളിപ്പ് രാത്രി 10 നു പള്ളിയിൽ സമാപിക്കും.
വികാരി ഫാ. ജിയോ ചെരടായി, കൈക്കാരന്മാരായ ജോസ് അറയ്ക്കൽ, പോൾസൺ കൊമ്പൻ, ജനറൽ കൺവീനർ വർഗീസ് കാട്ടാശേരി, കൺവീനർമാരായ ജോർജ് അലക്സ് മഞ്ഞക്കാലയിൽ, ജോൺസൺ മീൻപറമ്പിൽ, ജിത്ത് ആന്റോ അറയ്ക്കൽ, ഡിറ്റു ജോൺസൺ, അർജുൻ സേവിയർ, എബിൻ ജോൺസൺ എന്നിവർ തിരുനാളാഘോഷങ്ങൾക്കു നേതൃത്വം നൽകും.