പിറവം: പിറവം- മൂവാറ്റുപുഴ റോഡിൽ കൊള്ളിക്കൽ ജംഗ്ഷനിൽ ഓയിൽവീണു വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടതോടെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ റോഡ് കഴുകി ശുചീകരിച്ചു.
ഇന്നലെ രാവിലെ ഒമ്പതോടെ കൊച്ചുപള്ളി മൃഗാശുപത്രി റോഡിൽ നിന്നും നടക്കാവ്റോഡിലേക്കു ചേരുന്ന ജംഗ്ഷനിലാണ് വാഹനത്തിൽ നിന്ന് ഓയിൽ വീണത്. ഇതുവഴി യാത്ര ചെയ്ത പിറവത്തെ എംഎസ്എം ഐടിഐയിലെ വിദ്യാർഥികളാണ് അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചത്.
കൂത്താട്ടുകുളം നടക്കാവ് റോഡിന്റെ ഭാഗമായ പ്രധാന പാതയെന്ന നിലയിൽ ഒട്ടേറെ വാഹനങ്ങളാണു ഇതു വഴി കടന്നുപോകുന്നത്. ഇരുചക്രവാഹനയാത്രക്കാരുൾപ്പെടെ അപകടത്തിൽപ്പെട്ടതോടെ പിറവം അഗ്നിരക്ഷാ നിലയത്തിലെ ഓഫീസർ വി.വിനുവിന്റെ നേതൃത്വത്തിൽ ശുചീകരണത്തിനു തയാറാവുകയായിരുന്നു.
എംഎസ്എം ഐടിഐയിലെ വിദ്യാർഥികളായ അജിത് കുമാർ അരുൺ, ഇജോ കെ.സാബു, അക്ഷയ് സന്തോഷ്, മണികണ്ഠൻ ജയേഷ് എന്നിവരും ശുചീകരണത്തിൽ പങ്കാളികളായി.