ഉദുമ: തെങ്ങുകയറ്റ യന്ത്രത്തിന് തകരാർ സംഭവിച്ചതുമൂലം തെങ്ങിനു മുകളിൽ കുടുങ്ങിയ ആളിനെ അഗ്നിരക്ഷാസേന താഴെയിറക്കി. മീത്തലെ മാങ്ങാട് കൂളിക്കുന്നിലെ മുതിർന്ന തെങ്ങുകയറ്റക്കാരനായ എ.ജെ. രാജു(60) വാണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ കൂളിക്കുന്നിലെ ഫൗസിയ ഉസ്മാന്റെ വീട്ടുപറമ്പിൽ വച്ചായിരുന്നു സംഭവം.
വെട്ടിയിട്ട ഓലമടൽ തെങ്ങുകയറ്റ യന്ത്രത്തിൽ തട്ടിയതോടെയാണ് യന്ത്രം തകരാറിലായത്. ഇറങ്ങാൻ കഴിയാത്ത അവസ്ഥയിൽ അരമണിക്കൂറിലേറെ നേരം രാജു തെങ്ങിനു മുകളിൽ തന്നെ പിടിച്ചു നിന്നു. ഇതിനിടയിൽ വീട്ടുകാർ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ കെ. ഹർഷയുടെയും അസി. സ്റ്റേഷൻ ഓഫീസർ ആർ. വിനോദ് കുമാറിന്റെയും നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ സേനയുടെ ഉയരമുള്ള ഏണി ഉപയോഗിച്ചാണ് രാജുവിനെ താഴെയിറക്കിയത്. 60 അടി ഉയരമുള്ള തെങ്ങിൽ ലാഡർ ചാരിവച്ച് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാൽ തെങ്ങിൽ കയറിയാണ് ക്ഷീണിതനായിരുന്ന രാജുവിനെ സുരക്ഷിതമായി താഴെയിറക്കിയത്. സേനാംഗങ്ങളായ ഒ.കെ. പ്രജിത്ത്, എസ്. അരുൺകുമാർ, ജിതിൻ കൃഷ്ണൻ, പി.സി. മുഹമ്മദ് സിറാജുദ്ദീൻ, വി.എസ്. ഗോകുൽ കൃഷ്ണൻ, അതുൽ രവി, ഒ.കെ. അനുശ്രീ, എൻ.പി. രാകേഷ്, കെ.വി. ശ്രീജിത്ത്, എസ്. സോബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags : coconut tree nattuvisesham local news