ചവറ : കൊല്ലം ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ടുകളെ ആഴക്കടലിൽ വച്ച് തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സംഘം ആക്രമിച്ചു. ആക്രമണത്തിൽ ഏഴ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശക്തികുളങ്ങരയിൽ നിന്നും പോയ നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് 124 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം. സെന്റ്.പോൾ - ഒന്ന് , അശ്വതി, ഹേമന്തം, ജീസസ് - ഒന്ന്, പൊടിയൻ, പൂജാ മോൾ, എം.ആന്റണി തുടങ്ങിയ ബോട്ടുകൾക്കാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. സെന്റ്പോൾ ബോട്ടിലെ മത്സ്യത്തൊഴിലാളികളും തമിഴ്നാട് സ്വദേശികളുമായ കുമാർ (49), ആഷിഖ് ( (19 ), ശേഖർ (19), ഹേമന്തം ബോട്ടിലെ മത്സ്യത്തൊഴിലാളി ഹരിമോൻ ദാസ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ശക്തികുളങ്ങരയിൽ എത്തിയ ബോട്ടുകൾ കരയിലെത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ബോട്ട് അടിച്ചു തകർത്ത ശേഷം പൊട്ടിവീണ കുപ്പി ചില്ലകൾ ഉപയോഗിച്ചാണ് തൊഴിലാളികളെ പരിക്കേൽപ്പിച്ചതെന്നാണ് ആരോപണം.മുട്ടം ഹാർബറിൽ നിന്നും എത്തിയ പച്ച കളറുള്ള ബോട്ടുകളിൽ വന്ന സംഘമാണ് തങ്ങളെ ആക്രമിച്ചത് എന്ന് പരിക്കേറ്റവർ പറയുന്നു. നാൽപ്പതോളം ബോട്ടുകളിൽ എത്തിയ സംഘം കേരളത്തിൽ നിന്നുള്ള നീല കളർ ഉള്ള ബോട്ടുകൾ തമിഴ്നാട് അതിർത്തിയിൽ എത്താൻ പാടില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് വടികൾ ഉപയോഗിച്ച് ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടാക്കി. ആക്രമിക്കപ്പെട്ട ബോട്ടുകൾ ആൾ ഇന്ത്യ ലൈസൻസ് ഉള്ള ബോട്ടുകൾ ആണെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ ആക്രമിച്ച ബോട്ടുകൾ ലൈസൻസുകൾ ഇല്ലാത്തവയാണെന്നും ആരോപണം ഉണ്ട്.
കടലിൽ സമാധാനപരമായി മത്സ്യബന്ധനം നടത്താൻ കഴിയാത്തവസ്ഥയാണെന്നും ബന്ധപ്പെട്ടവർ ഇടപ്പെട്ട് ഇത്തരത്തിൽ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടകര കോസ്റ്റൽ പോലീസ് മത്സ്യത്തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
Tags : local nattuvishesham Fishermen