പാലക്കാട് നഗരസഭാ ഹാളിൽനിന്ന് സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥരുമായി ബൂത്തുകളിലേക്കു പോകാൻ സജ്ജമാക്കിയ വാഹനങ്ങൾ കോട്ടമൈതാനത്ത് പാർക്കു ചെയ്തിരിക്
വടക്കഞ്ചേരി: വോട്ടർമാരെ സ്വീകരിച്ച് അന്തിമഘട്ട വോട്ടുറപ്പിക്കാൻ പോളിംഗ് ബൂത്തുകൾക്കു സമീപം രാഷ്ട്രീയപാർട്ടികൾ ഒരുക്കിയതു മനോഹര ഷെഡുകളും തോരണങ്ങളുമെല്ലാം. പല വാർഡുകളിലും ത്രികോണ മത്സരമായതിനാൽ ഓരോ മുന്നണികളും മത്സരിച്ച് അലങ്കാര പണികൾ നടത്തി വോട്ടർമാരെ ആകർഷിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.
പോളിംഗ് ബൂത്തുകളിൽനിന്നും 100 മീറ്റർ മാറി മാത്രമേ ഇത്തരം വോട്ടുപിടുത്ത കൗണ്ടറുകൾ പാടുള്ളു എന്നതിനാൽ കൃത്യം 100 മീറ്ററിന്റെ അതിർത്തി വരെയുണ്ട് സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകളും വോട്ടഭ്യർഥനാ പോസ്റ്ററുകളും തോരണങ്ങളുമെല്ലാം.
രണ്ടുദിവസം മുമ്പുതന്നെ റോഡരികുകൾ ബുക്കുചെയ്ത് മുന്നണികൾ ആധിപത്യം ഉറപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയും ഇന്നലേയുമായാണ് ഇത്തരം ഇരിപ്പു കേന്ദ്രങ്ങളുടെ പണികൾ പൂർത്തിയാക്കിയത്.
രാത്രി മുഴുവൻ മുന്നണി പ്രവർത്തകർക്ക് നല്ല പണിയുണ്ടായിരുന്നു. ഓരോ മുന്നണികളും വ്യത്യസ്തമായ വലിപ്പത്തിലും രൂപത്തിലുമാണ് വീടുകളിൽ കയറി സ്ലിപ്പുകൾ നൽകിയിട്ടുള്ളത്.
വോട്ടർമാർ കൊണ്ടുവരുന്ന സ്ലിപ്പുകൾ നോക്കി തങ്ങളുടെ പക്ഷം ഉറപ്പിക്കുന്ന മുന്നണി പ്രതിനിധികളും പോളിംഗ് ബൂത്തുകളിലുണ്ടാകുമെന്നതിനാൽ പലരും പേരും വാർഡും ക്രമനമ്പറും ബൂത്ത് നമ്പറുമൊക്കെ മറ്റൊരു പേപ്പറിൽ സ്വന്തമായി എഴുതി കൈയിൽ കരുതിയാണ് വോട്ടുചെയ്യാൻ പോകുന്നത്.