ചേര്‍ത്തല: കരുണാര്‍ദ്ര സ്നേഹത്തിന്റെ കാവലാള്‍ എന്നറിയപ്പെടുന്ന ദൈവദാസന് ജോസഫ് കണ്ടത്തിലച്ചന്റെ ഓര്‍മകള്‍ പുതുക്കി ചേര്‍ത്തല മതിലകം ഗ്രീന്‍ഗാര്‍ഡന്‍സ്. അമലോത്ഭവ മാതാവിന്റെ അസീസി സന്യാസിനി സമൂഹത്തിന്റെയും (എഎസ്എംഐ) ഗ്രീന്‍ ഗാര്‍ഡന്‍സ് സ്ഥാപനങ്ങളുടെ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായിരുന്ന ദൈവദാസന് കണ്ടത്തിലച്ചന്റെ 34-ാമത് ചരമവാര്‍ഷികം വിപുലമായി ആചരിച്ചു.
വിശുദ്ധ ഡാമിയന്റെ പാത പിന്തുടര്‍ന്ന എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് സമൂഹം പുറന്തള്ളിയ കുഷ്ഠരോഗികളെ ചേര്‍ത്തണച്ച് അവര്‍ക്കായി ജീവിതം സമര്‍പ്പിച്ച കണ്ടത്തിലച്ചന് കേരള ഡാമിയന്‍ എന്നും അറിയപ്പെടുന്നു.
1904 ഒക്ടോബര്‍ 27നു വൈക്കത്തിനടത്തു ചെമ്പുകണ്ടത്തില്‍ വര്‍ക്കി തോമസ്-ക്ലാരമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി മാതൃഭവനമായ ഇടയാഴം തോട്ടുങ്കല്‍ തറവാട്ടിലാണ് ജനനം. 1933 ഡിസംബര്‍ 17നു മാര്‍ അഗസ്റ്റിന് കണ്ടത്തിന് മെത്രാപ്പോലീത്തയില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. ചേര്‍ത്തല മുട്ടം പള്ളിയില്‍ സഹവികാരിയായായിരുന്നു ആദ്യ നിയമനം. വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കണ്ടുമുട്ടിയ കുഷ്ഠരോഗികളുടെ ദയനീയ സ്ഥിതിയും ചേര്‍ത്തല മേഖലയിലെ അന്നത്തെ ദാരിദ്ര്യവും അജ്ഞതയും തൊഴിലില്ലായ്മയുമൊക്കെ അച്ചനെ വേദനിപ്പിച്ചു.
1942 ല്‍ ചേര്‍ത്തലയില്‍ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. 1949 ഏപ്രില്‍ രണ്ടിനാണ് എഎസ്എംഐ സന്യാസിനി സമൂഹത്തിനു തുടക്കമിട്ടത്. 1986ല്‍ പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. എഎസ്എംഐ സന്യാസിനി സമൂഹം ഇപ്പോള്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, കെനിയ, ടാന്‍സാനിയ, മഡ്ഗാസ്കര്‍, പാപ്പുവ ന്യൂഗിനിയ, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലായി ശുശ്രൂഷ ചെയ്യുന്നുണ്ട്. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കുഷ്ടരോഗാശുപത്രികള്, ആതുരാലയങ്ങള്‍, അഗതി-വൃദ്ധ മന്ദിരങ്ങള്‍ എിവയ്ക്കും അച്ചന് ആരംഭം കുറിച്ചു.
അവഗണിക്കപ്പെട്ടവര്ക്കിടയിലെ സേവനങ്ങള്‍ മാനിച്ചു 1969 ല്‍ വത്തിക്കാന്‍ അദ്ദേഹത്തിനു മോണ്‍സിഞ്ഞോര്‍ പദവി നല്കി ആദരിച്ചു. 1991 ഡിസംബര്‍ 12നു ദിവംഗതനായ ദൈവദാസന് കണ്ടത്തിലച്ചന്റെ കബറിടം ചേര്‍ത്തല മതിലകം സേക്രഡ് ഹാര്‍ട്ട് ചാപ്പലിലാണ്. ദിനംപ്രതി നിരവധി പേരാണു കണ്ടത്തിലച്ചന്റെ കബറിടം വണങ്ങി പ്രാര്‍ഥിക്കാനെത്തുന്നത്.
2019 ഒക്ടോബര്‍ 24ന് കണ്ടത്തിലച്ചനെ സഭ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി. അദ്ദേഹത്തിന്റെ ഓര്‍മയില്‍ എല്ലാദിവസവും വൈകുന്നേരം അഞ്ചിന് നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. വിശ്വാസികള്‍ രോഗസൗഖ്യത്തിനായുള്ള ഔഷധമായിട്ടാണ് നേര്‍ച്ചക്കഞ്ഞി സ്വീകരിക്കുന്നത്. കുഷ്ഠരോഗികള്‍ക്കായി എരിഞ്ഞുതീര്‍ത്ത വിശുദ്ധ ജീവിതത്തെ എത്രയുംവേഗം അല്ത്താര വണക്കത്തിന് യോഗ്യമാക്കി മാറ്റണമേയെന്നാണ് വിശ്വാസികളുടെ പ്രാര്‍ഥന.
Tags : Daivadasan Kandathilachan