ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ ഇന്ന് വിവാഹമേളം. ഇന്നലെ ഉച്ചവരെ 261 വിവാഹങ്ങളാണ് ശീട്ടാക്കിയത്. 300ഓളം വിവാഹങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവാഹത്തിനും ദർശനത്തിനുമായി ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ നാലുമുതൽ വിവാഹങ്ങൾ നടത്തും. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. ക്ഷേത്രംകിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്കു നിയന്ത്രിക്കും.
മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് പട്ടരുകുളത്തിന് സമീപത്തായി വിവാഹസംഘങ്ങൾക്കുള്ള ടോക്കൻ നൽകുന്നതിനും അവർക്ക് വിശ്രമിക്കുന്നതിനുമായി താൽക്കാലിക പന്തലും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം ഇവിടെയെത്തി ടോക്കൺ വാങ്ങണം. ചടങ്ങിന്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് മണ്ഡപത്തിലെത്തി വിവാഹച്ചടങ്ങ് നടത്താം.വിവാഹം കഴിഞ്ഞാൽ ക്ഷേത്രം തെക്കേനട വഴി മടങ്ങിപ്പോകണം.വധൂവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ദേവസ്വം സെക്യൂരിറ്റിക്ക് പുറമെ കൂടുതൽ പോലീസും സുരക്ഷാ ക്രമീകരണങ്ങൾക്ക് ഉണ്ടാകും.