ഷോക്കേറ്റ് വീണതിനെത്തുടർന്ന് കൈയ്ക്ക് പരിക്കേറ്റ ജോസുകുട്ടി ആശുപത്രിയിൽ ചികിത്സയിൽ.
മങ്കൊമ്പ്: കാവാലം കിഴക്കേചേന്നംകരിയിൽ വീടിനോടുചേർന്നുള്ള ഷെഡിൽ തുണി ഉണക്കാനിടുന്നതിനിടെ ഗൃഹാഥന് ഷോക്കേറ്റു.
നീലംപേരൂർ കണ്ണന്തറ വീട്ടിൽ ജോസുകുട്ടിക്കാണ് ഷോക്കേറ്റത്. ഇതിന്റെ ആഘാതത്തിൽ തെറിച്ചുവീണതിനെത്തുടർന്ന് കൈയ്ക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ 11 ഓടെ കോഴിച്ചാൽ വടക്കു പാടശേഖരത്തിന്റെ പുറംബണ്ടിലുള്ള വീട്ടിൽവച്ചായിരുന്നു സംഭവം. വീടിനു സമീപത്തെ ഷെഡിനുള്ളിൽ തുണി വിരിച്ചിടുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. തുടർന്നു ഇടതുകൈയുടെ വിരലിനു ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലേക്കുള്ള സർവീസ് വയറിലെ തകരാറുമൂലമാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രദേശത്തെ വൈദ്യുതി ലൈനുകൾ അപകടസാധ്യതയുയർത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തെ കൃഷ്ണപുരം തോടിനു കുറുകെ നാലോളം സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ കടന്നുപോകുന്നുണ്ട്. വള്ളങ്ങളും മറ്റും കടന്നുപോകുന്നതിനാൽ അപകട സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ വാദം.
പഴയ കമ്പികൾ മാറ്റി പകരം ഇവിടെ കേബിളുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നത്. പ്രദേശത്തെ മിക്ക ലൈനുകളും മാറ്റി കേബിളുകൾ സ്ഥാപിച്ചെങ്കിലും അപകടസാധ്യത ഏറെയുള്ള ഇവിടെ ഇതുവരെ കേബിളുകൾ സ്ഥാപിച്ചിട്ടില്ല. അടിയന്തരമായി ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.