അങ്ങാടിക്കടവ്: മഴ തന്റെ മക്കളുടെ ഉറക്കം കെടുത്തരുതെന്ന ആ അമ്മയുടെ സ്വപ്നം ഇന്നലെ പൂവണിഞ്ഞു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ അങ്ങാടിക്കടവ് അങ്കണവാടിയോട് ചേർന്ന് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് വോളന്റിയർമാർ നിർമിച്ച സ്നേഹവീട് അവർക്ക് തണലായി.
താക്കോൽ ദാനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. സഹോദരിക്കും മക്കൾക്കുമൊപ്പം വാടക വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. ഫാൻസി കടയിൽ ജോലിക്കാരിയായ യുവതിക്ക് ഒറ്റയ്ക്കു കൂട്ടിയാൽ കൂടുന്നതായിരുന്നില്ല, വീടെന്ന സ്വപ്നം. ഭർത്താവിന്റെ മരണം ജീവിതത്തിൽ തിരിച്ചടിയായപ്പോൾ മക്കളുടെ പഠനവും വീട്ടുചെലവുകളും കൂട്ടിമുട്ടിക്കാൻ അവർ നന്നേ ബുദ്ധിമുട്ടി.
തന്റെ സാഹചര്യങ്ങളെ അടുത്തറിയുന്ന പൊതുപ്രവർത്തകനായ ഷിബോ അഗസ്റ്റിൻ കൊച്ചുവേലിക്കകത്തിനോട് വീടെന്ന ആഗ്രഹം പങ്കുവച്ചതാണ് സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടായത്. വീട് വയ്ക്കാനുള്ള അഞ്ചു സെന്റ് സ്ഥലം നല്കിയത് പൊതുജനാരോഗ്യത്തെ കുറിച്ച് പഠന ഗവേഷണങ്ങൾ നടത്തുന്ന ഡോ. ജോ തോമസാണ്. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ 47ആൻഡ് 72 നമ്പർ എൻഎസ്എസ് യൂണിറ്റുകളുടെ 12 ാമത്തെ സ്നേഹവീടാണിത്.
കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവീസസ് ഡയറക്ടർ ഡോ. കെ.വി. സുജിത് മുഖ്യാതി ഥിയായിരുന്നു. കോളജിലെ ജേർണലിസം ഡിപ്പാർട്ട്മെന്റ് തയാറാക്കിയ സ്നേഹവീടിന്റെ ഡോക്യൂമെന്ററി പ്രദർശനവും നടത്തി.
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഫ്രാൻസിസ് കാരക്കാട്ട്, കോളജ് മാനേജർ റവ. ഡോ. ജോയ് ഉളാട്ടിൽ, സ്നേഹവീട് കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ ഷിബോ അഗസ്റ്റിൻ കൊച്ചുവേലിക്കകത്ത്, ഡോ. ജോ തോമസ്, സ്നേഹവീട് കോ-ഓർഡിനേറ്റർ കെ.ജെ. ജോസ്, കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. റോയ് ഐസക്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. സിന്റോ കണ്ണേൻ, കെ. വിൻസൺ കുര്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജെയ്നി എൻ. ജോർജ്, അമിത് വർമ, കോളജ് യൂണിയൻ ചെയർപേ ഴ്സൺ എ.കെ. അലൻ എന്നിവർ പ്രസംഗിച്ചു.
Tags : Don Bosco' natuvisesham local news