എടത്വ: ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷയുടെ പ്രതീകമായിരുന്ന ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉത്തരവാദിത്വപ്പെട്ടവരടെ അനാസ്ഥ മൂലം അവഗണനയുടെ പ്രതീകമായി അവശേഷിക്കുന്നെന്ന് കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന നേതൃയോഗം.
സാമൂഹിക സൂചികയില്‍ സംസ്ഥാനത്തെ ഏറെ മുന്നിലെത്തിക്കുന്നതില്‍ ഏറെ നിര്‍ണായകമായ സംഭാവനകള്‍ നല്കിയ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കനോ അതിലെ ശിപാര്‍ശകള്‍ സുതാര്യമായി നടപ്പാക്കാനോ മുന്നോട്ടുവരാത്ത ഭരണാധികാരികളുടെ നിഷ്ക്രിയ സമീപനത്തെ യോഗം അപലപിച്ചു.
ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനം എന്ന പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉയര്‍ത്തിക്കൊണ്ടു രാഷ്ട്രീയ ലക്ഷ്യം നേടുന്നതിന് ഭരണനേതൃത്വം നടത്തിയ ചുവടുവയ്പായി കമ്മീഷനെ നിയോഗിച്ച നടപടിയെ യോഗം വിലയിരുത്തി. കമ്മീഷന് റിപ്പോര്‍ട്ട് കാര്യത്തില്‍ പുറത്തുവരുന്ന ചുമതലപ്പെട്ടവരുടെ പ്രസ്താവനകള്‍ ഏറെ നിരാശാജനകമെന്നും കൂരിരുട്ടില്‍ കരിവീരനെ കണ്ടതുപോലെയുള്ള അവ്യക്തത ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നെന്നും യോഗം കുറ്റപ്പെടുത്തി.
സമുദായത്തെ രാഷ്ട്രീയ ചതുരംഗക്കളിയില്‍ കരുവാക്കുന്ന നയസമീപനം ക്രൈസ്തവസമൂഹം തിരിച്ചറിയുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഇത്തരം നടപടികളില്‍നിന്ന് പിന്തിരിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കരുമാടി സെന്റ് നിക്കോളാസ് പള്ളിയില്‍ വച്ച് സംഘടിപ്പിക്കുന്ന ഫൊറോന തല സമുദായ ശക്തീകരണ സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പങ്കാളിത്തം ഉറപ്പാക്കാന്‍ തീരുമാനിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് മാത്യു, മീനു സോബി, കെ.ജെ. മാത്യു, പി.ജെ. ജോസഫ്, വി.ജെ. കുര്യന്, റോയി വര്‍ഗീസ്, റൂബി ജോസഫ്, റ്റി.എം. ലോനപ്പന് എന്നിവര്‍ പ്രസംഗിച്ചു.