കൂരാച്ചുണ്ട്: കക്കയം ടൗണിലേക്ക് പ്രവേശിക്കുന്ന പ്രധാന പാലത്തിന്റെ കരിങ്കല്ലിൽ നിർമിച്ചിട്ടുള്ള സംരക്ഷണ ഭിത്തി തകർച്ചയിൽ.
വർഷങ്ങളായി ഭിത്തി തകർച്ചാഭീഷണി നേരിടുന്നു. വർഷം കൂടുംതോറും ഇതിന്റെ വ്യാപ്തി വർധിക്കുകയാണ്. കക്കയം ഡാമിന്റെ നിർമാണ കാലത്ത് റോഡും പാലവും കെഎസ്ഇബി നിർമിച്ചതാണ്. പിന്നീട് ഇത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. എന്നാൽ നാളിതുവരെ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയോ സുരക്ഷ ഉറപ്പാക്കുകയോ ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് തയാറാക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
ഇതു സംബന്ധിച്ച് നാട്ടുകാർ അധികൃതർക്ക് പലതവണ നിവേദനം നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. കക്കയത്ത് പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ പവർ ഹൗസിൽ നിന്ന് ജനറേഷൻ നടത്തുമ്പോൾ പുറന്തള്ളുന്ന വെള്ളത്തിന്റെ കുത്തൊഴുക്കാണ് പാലത്തിന്റെ സംരക്ഷണഭിത്തിയുടെ തകർച്ചയ്ക്ക് ഇടയാക്കുന്നതെന്നും പറയുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടുള്ള ഉരുൾപ്പൊട്ടൽ, പ്രളയം എന്നിവയെ തുടർന്നും സംരക്ഷണ കെട്ടിന് തകർച്ച സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ ജലവൈദ്യുത പദ്ധതികളും സ്ഥിതി ചെയ്യുന്ന കക്കയത്തേക്ക് ബസുകൾ ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടന്നു പോകുന്നത്.
പ്രദേശത്തിന്റെ പ്രാധാന്യവും യാത്രക്കാരുടെ സുരക്ഷയും പരിഗണിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : nattu vishesham Kakkayam Bridge's