പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കല്പാത്തി ദേശീയ സംഗീതോത്സവം ഒന്‍പത് മുതൽ 13 വരെ നടക്കും. പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ (ഡിടിപിസി) ആഭിമുഖ്യത്തിൽ സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുക.
കല്പാത്തി ചാത്തപുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിക്കുന്ന മൃദംഗം മാസ്ട്രോ ഗുരു കാരൈക്കുടി ആർ.മണി നഗറാണ് വേദി. ഉദ്ഘാടന ദിനമായ ഒന്‍പതിന് ത്യാഗരാജ സ്വാമികൾ ദിനമായി ആചരിക്കും. രാവിലെ 10.30ന് ത്യാഗരാജ ആരാധനയും പഞ്ചരത്ന കീർത്തനാലാപനവും നടക്കും. വൈകുന്നേരം ആറിന് ഒൗദ്യോഗിക ഉദ്ഘാടനം നടക്കും.
അവലോകനയോഗം ചേർന്നു
കല്പാത്തി രഥോത്സവത്തിന് മുന്നോടിയായി ജില്ലാ കളക്ടർ എം.എസ് . മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. രഥോത്സവത്തിനായി എത്തുന്ന വാഹനങ്ങളുടെ പാർക്കിംഗിനായി സൗകര്യം ഉറപ്പാക്കണം, ശുചികരണ പ്രവർത്തനങ്ങൾക്ക് നഗരസഭ ജാഗ്രത പുലർത്തണം, അപായ സാധ്യതയുള്ള സ്ഥലങ്ങളിൽ മുള കൊണ്ടുള്ള രണ്ടു വാച്ച് ടവർ നിർമിക്കണം, ആവശ്യത്തിന് ലൈറ്റുകൾ സ്ഥാപിക്കണം, രഥത്തിന്റെ ഫിറ്റ്നസ് നടപടികൾ പൂർത്തിയാക്കാൻ പിഡബ്ല്യുഡി ബിൽഡിംഗ്സ് ശ്രദ്ധിക്കണം, ആംബുലൻസ് ആൻഡ് മെഡിക്കേഷൻ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ഫയർ ടെൻഡർസ് എന്നിവ ഉറപ്പുവരുത്തണം. ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പൊള്ളുന്ന ഭക്ഷണപദാർഥങ്ങൾ വെക്കുന്നത് ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു. കടയിടുന്നവർക്ക് ലൈസൻസ് നിർബന്ധമായും ഉണ്ടാവണം. രഥം പോവുന്ന വഴികളുടെ വളവിൽ കടകൾ ഇടരുതെന്നും കളക്ടർ നിർദേശിച്ചു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ആർഡിഒ കെ. മണികണ്ഠൻ, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.