പാലക്കാട്: തരൂർ മണ്ഡലത്തിലെ പ്രധാന ഗതാഗതപ്രശ്നത്തിന് പരിഹാരമായി കുരുത്തിക്കോട് പാലം അവസാനഘട്ട നിർമാണത്തിൽ. നിലവിൽ പാലത്തിന്റെ ടാറിംഗ് ജോലികളാണ് നടക്കുന്നത്.
ഇരുപതാംതീയതിയോടെ പണികൾ പൂർത്തിയാക്കി പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പുതുക്കോട്, കാവശേരി, തരൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകും.
2022-23 ബജറ്റിൽ ഒന്പത് കോടി രൂപ അനുവദിച്ചാണ് പദ്ധതി ആരംഭിച്ചത്. ശാസ്ത്രീയമായ പ്രീസ്ട്രെസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 108 മീറ്റർ നീളമുള്ള പാലം നിർമിച്ചിരിക്കുന്നത്. വാഹനങ്ങൾക്കായി ഏഴര മീറ്റർ വീതിയുള്ള റോഡും കാൽനടയാത്രക്കാർക്കായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതയും പാലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
സുരക്ഷയ്ക്കായി പാലത്തിന്റെ ഇരുവശങ്ങളിലും ക്രാഷ് ബാരിയറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, രാത്രികാലങ്ങളിൽ തെളിയുന്ന സ്റ്റഡുകൾ എന്നിവയും സ്ഥാപിക്കുന്നുണ്ട്. 100 മീറ്റർ നീളമുള്ള അപ്രോച്ച് റോഡിന്റെ പണികളും ഇതോടൊപ്പം പൂർത്തിയാകും. ഇതോടെ കഴനി, പഴന്പാലക്കോട്, വഴക്കോട്, ആലത്തൂർ ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.
Tags : nattu vishesham Kuruthikode Bridge