തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ബേക്കര്‍ സ്കൂളിലെ സ്ട്രോംഗ് റൂമിന് കാവല്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്
വന്‍ തിരിച്ചുവരവ് നടത്തുമെന്ന് യുഡിഎഫ്
കഴിഞ്ഞ തവണത്തെ വിജയം തുടരുമെന്ന് എല്‍ഡിഎഫ്
10 പഞ്ചായത്തില്‍ ഭരണവും ജില്ലാ പഞ്ചായത്തില്‍ പ്രാതിനിധ്യവും നേടുമെന്ന് ബിജെപി
കോട്ടയം: വോട്ടുകള്‍ പെട്ടിയിലായതോടെ മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കൂട്ടലും കിഴിക്കലുമായി വിജയപ്രതീക്ഷയിലാണ്. കാര്യമായ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടില്ലെന്നാണ് മൂന്നു മുന്നണികളുടെയും കണക്കുകൂട്ടലെങ്കിലും പലയിടത്തും ആശങ്കയുമുണ്ട്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും ജില്ലാ നേതൃയോഗങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് അവലോകനം നടത്തി. പ്രാദേശികമായും അവലോകനങ്ങള്‍ നടത്തി.
ജില്ലയില്‍ യുഡിഎഫിന് വലിയ തിരിച്ചുവരവുണ്ടാകുമെന്ന് ജില്ലാ നേതൃത്വം അവകാശപ്പെടുന്നു. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളും സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും യുഡിഎഫിന് അനുകൂലമായെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷം പഞ്ചായത്തുകളിലും യുഡിഎഫ് ഭരണത്തിലെത്തും. എല്‍ഡിഎഫിന്റെ പല പഞ്ചായത്തുകളും ഇത്തവണ തിരിച്ചുപിടിക്കും.
പുതുപ്പള്ളി, മണര്‍കാട്, പാമ്പാടി പഞ്ചായത്തുകള്‍ ഇത്തവണ യുഡിഎഫ് ഭരിക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം. ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒരിടത്തു മാത്രമാണ് ഭരണം ലഭിച്ചതെങ്കില്‍ ഇത്തവണ മൂന്നുമുതല്‍ ആറുവരെ ബ്ലോക്കുകളില്‍ ഭരണത്തിലെത്താമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ജില്ലാ പഞ്ചായത്തില്‍ കേവലഭൂരിപക്ഷം ഉറപ്പാണ്. കുറവിലങ്ങാട്, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കങ്ങഴ, എരുമേലി, മുണ്ടക്കയം സീറ്റുകള്‍ തിരിച്ചുപിടിക്കുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു. നഗരസഭകളില്‍ സമ്പൂര്‍ണ ആധിപത്യമാണ് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞതവണ നഷ്ടപ്പെട്ട പാലായില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കുമെന്നുള്ള കണക്കുകളാണ് താഴെത്തട്ടില്‍നിന്നും ലഭിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
എല്‍ഡിഎഫാകട്ടെ കഴിഞ്ഞ തവണത്തെ വിജയം തുടരുമെന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങള്‍ വോട്ടായി മാറുമെന്നും യുഡിഎഫ് പ്രചാരണങ്ങളെ പ്രതിരോധിക്കാനായെന്നുമാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. ജില്ലാ പഞ്ചായത്തില്‍ 14 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിക്കാം. അതിരമ്പുഴ, കുറിച്ചി സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് കുറവിലങ്ങാട്, എരുമേലി സീറ്റുകളില്‍ ചെറിയ ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. അമ്പതിനു മുകളില്‍ പഞ്ചായത്തുകളിൽ ഭരണം ലഭിക്കും.
ചില പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടാലും പുതിയവ ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. മുത്തോലി, രാമപുരം പഞ്ചായത്തുകള്‍ തിരിച്ചുപിടിക്കുമ്പോള്‍ മാഞ്ഞൂര്‍, മാടപ്പള്ളി പഞ്ചായത്തുകളില്‍ പ്രതീക്ഷയില്ല. മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, കൂരോപ്പട, പനച്ചിക്കാട് പഞ്ചായത്തുകളില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും സിപിഎം വിലയിരുത്തി. ബിജെപി ഭരിക്കുന്ന പള്ളിക്കത്തോട്ടിലും ശക്തമായ പോരാട്ടമാണെന്നാണ് വിലയിരുത്തല്‍. ഇവിടെ ഭരണം കിട്ടുമെന്ന പ്രതീക്ഷയില്ല.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഈരാറ്റുപേട്ട ഒഴികെയുള്ള ബ്ലോക്കുകളില്‍ ഭരണം ലഭിക്കും. നഗരസഭകളില്‍ പാലായ്ക്കു പുറമേ കോട്ടയവും ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും വൈക്കത്തും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇവിടെ ഫലം പ്രവചനാതീതമാണ്. ഈരാറ്റുപേട്ടയില്‍ ഭരണം ലഭിക്കില്ലെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
പത്തിലധികം പഞ്ചായത്തുകളില്‍ ഭരണം നേടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഭൂരിപക്ഷം പഞ്ചായത്തിലും ബിജെപിക്ക് അംഗങ്ങളുണ്ടാകും. നഗരസഭകളില്‍ കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ബിജെപി നിര്‍ണായകമായിരിക്കും. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.