കോതമംഗലം: സർഗാത്മകതയുടെ സമസ്ത മേഖലയിലും വെന്നിക്കൊടി പാറിച്ച ഉന്നത പ്രതിഭകളെ സംഭാവന ചെയ്ത കലാലയമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളജെന്ന് പ്രശസ്ത എഴുത്തുകാരനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ.
ഇവിടെ പഠിച്ച് കലാ, സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര മേഖലയിൽ തിളങ്ങുന്ന പ്രതിഭകളെ മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൻ അഭിമാനത്തോടെയും, സ്നേഹത്തോടെയും, ആദരവോടെയും കാണുകയും, കേൾക്കുകയും ചെയ്യുന്ന സംവിധായകർ, എഴുത്തുകാർ, ഗായകർ എന്നിവരെല്ലാം ഒരേ വേദിയിൽ സംഗമിക്കുന്ന മനോഹര കാഴ്ചയ്ക്കാണ് ഇൻഡോർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
എംഎ കോളജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ആദരിക്കൽ ചടങ്ങ്. എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ ഡോ. മഞ്ജു കുര്യൻ, ഡോ. ബോസ് മാത്യു ജോസ്, മുൻ പ്രിൻസിപ്പൽമാരായ പ്രഫ. എം.കെ. ബാബു, ഡോ. സോളി ജോർജ്, എഴുത്തുകാരായ ഡോ. ടി.എ.സ് ജോയ്, വി.ജെ. ജെയിംസ്, ചലച്ചിത്ര സംവിധായകരായ രഞ്ജിത് ശങ്കർ, കോളജ് ഫിലിം ക്ലബ് ഇൻചാർജ് ഡോ. അശ്വതി ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
ചലച്ചിത്ര പ്രതിഭകളായ ബി. അജിത് കുമാർ, രഞ്ജിത്ത് ശങ്കർ, ദേവദത്ത് ഷാജി, ആദർശ് സുകുമാരൻ, സതീഷ് പോൾ, ഏബിൾ ബേബി, പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, അരുൺ ആലപ്പാട്ട്, രഞ്ജിത്ത് കൃഷ്ണമോഹൻ, അനുഷ അരവിന്ദാക്ഷൻ, അരുണിമ, സാഹിത്യ പ്രതിഭകളായ ഡോ. ടി.എസ്. ജോയ്, വി.ജെ. ജെയിംസ്, കെ.വി. സജയ് ., സുദീപ് ഇളയിടം, ജെയിൻ ജോസഫ്, അക്ബർ, തുടങ്ങി പൂർവ വിദ്യാർഥികൾ ആദരവ് ഏറ്റുവാങ്ങി.
Tags : nattu vishesham Mar Athanasius College