കട്ടപ്പന: ജില്ലയിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പറഞ്ഞ് ഇടുക്കിക്കാരെ കബളിപ്പിച്ച മന്ത്രി റോഷി അഗസ്റ്റിനും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒക്ടോബർ 15ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഷോപ്പ് സൈറ്റുകൾകൾക്ക് പട്ടയം നൽകാൻ തീരുമാനിച്ചുവെന്നായിരുന്നു ഇവരുടെ പ്രചാരണം.
എന്നാൽ, ഇത് വെറും തെരഞ്ഞെടുപ്പ് നാടകമായിരുന്നെന്ന് ഇന്നലെ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവോടെ വ്യക്തമായി. വാണിജ്യ ആവശ്യങ്ങൾ, ഏലം കൃഷി എന്നിവ ഒഴികെയുള്ള ആവശ്യങ്ങൾക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ഇന്നലത്തെ റവന്യു വകുപ്പിന്റെ ഉത്തരവിലുള്ളത്.
ഇതോടെ കട്ടപ്പനയിലടക്കമുള്ള ജില്ലയിലെ ഷോപ്പ് സൈറ്റുകൾക്കും ഏലം കൃഷി ചെയുന്നവർക്കും ഈ സർക്കാർ പട്ടയം നൽകില്ലെന്ന് വ്യക്തമായി. ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖലകളിലും ഇനി പട്ടയം ലഭിക്കില്ല.
ജില്ലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് മൂന്ന് ഉത്തരവുകളാണ് അഞ്ചു മാസത്തിനുള്ളിൽ റവന്യു വകുപ്പ് ഇറക്കിയത്. ഇതിൽ ഓരോ ഉത്തരവിലും പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്.
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റിന് പട്ടയം നൽകാമെന്നതായിരുന്നു ഒക്ടോബർ 18ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ, വാണിജ്യ ആവശ്യങ്ങൾക്ക് പട്ടയം നൽകാൻ കഴിയില്ലെന്ന് ഇന്നലത്തെ ഉത്തരവിൽ പറയുന്നു.
ജനുവരി മൂന്നിന് ഇറക്കിയ ഉത്തരവിൽ, ഇതുവരെ പട്ടയത്തിന് അപേക്ഷ നൽകാൻ കഴിയാത്ത സംയുക്ത പരിശോധനാ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽനിന്ന് അപേക്ഷ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽനിന്ന് സിഎച്ച്ആർ മേഖലയെ ഒഴിവാക്കി.
04.02.2026ന് ഇറങ്ങിക്കിയ ഉത്തരവിലും സിഎച്ച്ആർ മേഖലയിൽനിന്ന് പട്ടയ അപേക്ഷ സ്വീകരിക്കാൻ നടപടിയില്ല. സർക്കാരിന്റെ മലയോര പട്ടയ വിവരശേഖരണം അനുസരിച്ച് ജില്ലയിൽ 1993 റൂൾ പ്രകാരം 26,000 പേർ പട്ടയത്തിന് അപേക്ഷ നൽകാനുള്ളവരായി ഉണ്ട്. ഇതിൽ 13,000 അപേക്ഷകർ സിഎച്ച്ആർ മേഖലയിലാണ്. ബാക്കിയുള്ള പതിനായിരം അപേക്ഷകർ വനം - റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്ത / പരിശോധനയിൽ ഒഴിവാക്കപ്പെട്ടുപോയ വില്ലേജുകളിൽ നിന്നുള്ളവരാണ്. റവന്യു വകുപ്പ് ഇറക്കിയ ഈ രണ്ട് ഉത്തരവുകൾ പ്രകാരവും ഇവർക്ക് പട്ടയം ലഭിക്കില്ല.
സർക്കാർ ചെയ്യേണ്ടത് ചെയ്യുന്നില്ല
പല കാരണങ്ങളലാണ് ജില്ലയിലെ പട്ടയ വിതരണം തടസപ്പെട്ടു കിടക്കുന്നത്. സിഎച്ച്ആറിലെ പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവും 1964 ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ട് മാത്രം ഉണ്ടായതാണ്. കോടതി ഉത്തരവുകൾ പുനഃപരിശോധിക്കാനും പട്ടയവിതരണം പുനഃസ്ഥാപിക്കാനും നടപടി ഉണ്ടാകണം. അതിന് കോടതി ആവശ്യപ്പെട്ട കൃത്യമായ വിവരങ്ങൾ സർക്കാർ സമർപ്പിക്കണം.
ബാക്കിയുള്ളത് സർക്കാർ തീരുമാനമെടുത്ത് പരിഹരിക്കേണ്ട വിഷയങ്ങളാണ്. ഇതിൽ 10 ചെയിൻ, മൂന്നു ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിന് വൈദ്യുതി വകുപ്പിന്റെ അനുമതി വേണം. വനം - റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്തതും പരിശോധനയിൽ ഒഴിവാക്കപ്പെട്ടുപോയതുമായ വില്ലേജുകളിൽ സംയുക്ത പരിശോധന നടത്താൻ നടപടി ഉണ്ടാകണം.
ലാൻഡ് റജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖലയിൽ പട്ടയം നൽകുന്നതിനുള്ള തീരുമാനമുണ്ടാകണം. ഇതിനുള്ള ഒരു നടപടിയും സ്വീകരിക്കാതെ നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകളിറക്കി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബിജോ മാണി ആരോപിച്ചു. പത്രസമ്മേളനത്തിൽ കോണ്ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.