ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മൾട്ടി സെൻസറി പാർക്കിന്റെ ഔട്ട് ഡോർ പാർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യുന്നു.
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സമന്വയ മൾട്ടി സെൻസറി പാർക്ക് യാഥാർഥ്യമായി. ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പാർക്കും സെൻസറി പാർക്കുകളും പൂർത്തീകരിച്ചു.
എംസി റോഡരികിൽ പട്ടിത്താനത്തുള്ള 20 സെന്റ് സ്ഥലത്താണ് സമന്വയ തയാറാക്കിയിട്ടുള്ളത്. 2008ൽ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്റെ പ്രവർത്തനം നിലച്ചപ്പോൾ ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടി വിനിയോഗിക്കുന്നതിന് സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ച് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നിർവഹണം നടത്തിയത്.
25 കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു പ്രാവശ്യം ഫിസിയോതെറാപ്പിയും ആഴ്ചയിൽ ഒരു പ്രാവശ്യം സ്പീച്ച് തെറാപ്പിയും എല്ലാ ദിവസവും ഓട്ടിസം ഡെവലപ്മെന്റ് തെറാപ്പിയും നൽകുന്നുണ്ട്.
മൾട്ടി സെൻസറി ഔട്ട് ഡോർ പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, പി.എം മാത്യു, സിഡിപിഒ അംബിക, കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.